തുര്‍ക്കിയിലേക്ക് ഇനി ഇന്ത്യന്‍ സിനിമയും ഇല്ല; ഷൂട്ടിങ്ങും പങ്കാളിത്തവും നിര്‍ത്തി; ഡ്രൈഫ്രൂട്ട്‌സും ആപ്പിളും ഇറക്കുമതി ചെയ്യേണ്ടെന്ന് വ്യാപാരികളും; ഇന്ത്യന്‍ സഞ്ചാരികള്‍ കൈവിട്ടതോടെ തുര്‍ക്കിയ്ക്ക് ആയിരക്കണക്കിന് കോടികള്‍ നഷ്ടമാകും; ഇന്ത്യന്‍ ഉപരോധത്തില്‍ വെട്ടിലായത് തുര്‍ക്കിഷ് എയര്‍ലൈന്‍സുമായി സഹകരിക്കുന്ന ഇന്‍ഡിഗോയും

തുര്‍ക്കിയിലേക്ക് ഇനി ഇന്ത്യന്‍ സിനിമയും ഇല്ല

Update: 2025-05-16 07:07 GMT

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഇന്ത്യയുടെ നേര്‍ക്ക് ആക്രമണം നടത്താന്‍ എത്തിയ സാഹചര്യത്തില്‍ തുര്‍ക്കി പാക്കിസ്ഥാനെ പിന്തുണയ്ക്കുകയും ആയുധങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയില്‍ തുര്‍ക്കി വിരുദ്ധ നിലപാട് ജനങ്ങള്‍ക്കിടയില്‍ ശക്തമാകുകയായിരുന്നു. തുര്‍ക്കിയില്‍ നിന്ന് ആപ്പിളും ഡ്രൈഫ്രൂട്ട്സും ഒന്നും ഇനി മുതല്‍ വാങ്ങേണ്ടതില്ലെന്ന് രാജ്യത്തെ പ്രമുഖ പഴം വ്യാപാരികള്‍ തീരുമാനിച്ചിരുന്നു. കൂടാതെ തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ പലരും റദ്ദാക്കിയിരുന്നു. തുര്‍ക്കിയിലേക്കും അസര്‍ബെയ്ജാനിലേക്കും എല്ലാ വര്‍ഷവും നിരവധി വിനോദസഞ്ചാരികളാണ് ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്തിരുന്നത്.

അതിനിടെയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വെട്ടിലായ വാര്‍ത്തകളും പുറത്തു വരുന്നത്. തുര്‍ക്കിഷ് എയര്‍ലൈന്‍സും ഇന്‍ഡിയോയും തമ്മില്‍ കുറേനാളായി കോഡ് ഷെയര്‍ പങ്കാളിത്തം ഉണ്ടായിരുന്നു. അതായത് ഇന്‍ഡിഗോക്ക് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ഇല്ലാത്ത സാഹചര്യത്തില്‍ തുര്‍ക്കിഷ് എയര്‍ലൈന്‍സുമായി ചേര്‍ന്നാണ് വിദേശ സര്‍വ്വീസുകള്‍ നടത്തിയിരുന്നത്. ഇതിനെയാണ് കോഡ് ഷെയറിംഗ് എന്ന് വിശേഷിപ്പിക്കുന്നത്.

ഇതനുസരിച്ച് ഇന്‍ഡിഗോയില്‍ തന്നെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും മറ്റും പോകാന്‍ ടിക്കറ്റെടുക്കാമായിരുന്നു. യാത്രക്കാരെ ഇന്‍ഡിഗോ വിമാനത്തില്‍ തുര്‍ക്കിയില്‍ എത്തിച്ചതിന് ശേഷം അവിേടെ നിന്നാണ് അമേരിക്കയിലേക്കും യൂറോപ്പിലേക്കും യാത്ര തുടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ സഹായിച്ച രാജ്യത്തേക്ക് ഇനി മുതല്‍ ഇന്‍ഡിഗോക്ക് യാത്രക്കാരെ എത്തിക്കാന്‍ കഴിയുകയില്ല. സുരക്ഷാ പ്രശ്നമാണ് ഇതിന് തടസമായി നില്‍ക്കുന്നത്. ഇത് ഇന്‍ഡിഗോയെ തീര്‍ത്തും വെട്ടിലായിരിക്കുകയാണ്.

നാനൂറിലധികം വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്‍ഡിഗോ സര്‍വ്വീസ് നടത്തുന്നത്. കൂടാതെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സര്‍വ്വീസ് നടത്തുന്ന തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെലിബി എന്ന കമ്പനിക്ക് തുടര്‍ന്ന് സേവനം നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തെ പ്രധാനപ്പെട്ട ഒമ്പത് വിമാനത്താവളങ്ങളില്‍ ഈ കമ്പനിയാണ് സേവനം നടത്തുന്നത്. ഇവരുടെ സെക്യൂരിറ്റി ലൈസന്‍സാണ് റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് മൂന്ന് ലക്ഷത്തിലേറെ പേരാണ് തുര്‍ക്കിയിലേക്ക് യാത്ര ചെയ്തത്.

തുര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള ബന്ധം ഇന്‍ഡിഗോ റദ്ദാക്കണമെന്ന ശക്തമായ ആവശ്യം ഉയരുകയാണ്. എയര്‍ ഇന്ത്യയും തുര്‍ക്കിമായുള്ള സാങ്കേതിക സഹകരണം അവസാനിപ്പിക്കണമെന്നും ഇവര്‍ പറയുന്നു. അതിനിടയില്‍ തുര്‍ക്കിയുമായുള്ള എല്ലാ ചലച്ചിത്ര, സാംസ്‌കാരിക സഹകരണങ്ങളും പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് വിനോദ മേഖലയിലെ വിവിധ പ്രൊഫഷണലുകളെ പ്രതിനിധീകരിക്കുന്ന ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

സംഘടന തുര്‍ക്കിയില്‍ സിനിമകള്‍, ടെലിവിഷന്‍ ഷോകള്‍, ഡിജിറ്റല്‍ ഉള്ളടക്കം എന്നിവയുടെ ചിത്രീകരണത്തിന് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി. തുര്‍ക്കി കലാകാരന്മാരുമായോ നിര്‍മാണ സ്ഥാപനങ്ങളുമായോ ഏതെങ്കിലും തരത്തിലുള്ള സഹകരണവും അസോസിയേഷന്‍ വിലക്കിയിട്ടുണ്ട്. കൂടാതെ, നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. തുര്‍ക്കിക്ക് ഇന്ത്യയുടെ ബഹിഷ്‌ക്കരണം കാരണം ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. കൂടാതെ, നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News