ഒരു ബഹിരാകാശ പേടകം ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ വിവിധ ആവശ്യങ്ങള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കുന്നതിന് യന്ത്രകൈ; ബഹിരാകാശ ഗവേഷണ നിലയത്തിന് അതിപ്രധാനം; ഇന്ത്യയുടെ റോബര്‍ട്ടിക് കൈയിലെ പരീക്ഷണം വിജയം; ഐഎസ്ആര്‍ഒയ്ക്ക് ചരിത്ര നേട്ടം

Update: 2025-01-04 08:29 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ബഹിരാകാശ റോബോട്ടിക് കൈ ആര്‍ആര്‍എം-ടിഡി (റോബോട്ടിക് റിഫ്യൂയലിംഗ് മിഷന്‍ ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍) പ്രവര്‍ത്തനം ആരംഭിച്ചു. ഐഎസ്ആര്‍ഒ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ദൃശ്യങ്ങളും ഐഎസ്ആര്‍ഒ പങ്കുവച്ചിട്ടുണ്ട്. പോയെം 4ല്‍ (പി.എസ്.എല്‍.വി ഓര്‍ബിറ്റല്‍ എക്സ്പിരിമെന്റ് മൊഡ്യൂള്‍) ആണ് റോബോട്ടിക് കൈ പ്രവര്‍ത്തിക്കുന്നത്.

ഒരു ബഹിരാകാശ പേടകം അതിന്റെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ വിവിധ ആവശ്യങ്ങള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കുന്നതിനുദ്ദേശിച്ചുള്ളതാണ് ഇത്തരം യന്ത്രക്കൈകള്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഇത്തരം സംവിധാനമുണ്ട്. ബഹിരാകാശത്ത് വെച്ച് വസ്തുക്കള്‍ പിടിച്ചെടുക്കാനും അവയെ നീക്കി ഉദ്ദേശിച്ച സ്ഥലത്തേക്ക് കൊണ്ടുവരാനും യന്ത്രക്കൈ ഉപയോഗിക്കും. മാത്രമല്ല അറ്റകുറ്റപ്പണികള്‍ക്കും ഉപയോഗിക്കാം.

ഐഎസ്ആര്‍ഒ വികസിപ്പിച്ച സംവിധാനത്തിന്റെ കാര്യക്ഷമതയാണ് ഇപ്പോള്‍ പരീക്ഷിച്ചു നോക്കുന്നത്. ഭാവിയില്‍ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമ്പോള്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് യന്ത്രക്കൈ വികസിപ്പിക്കുന്നത്. സ്പെഡെക്സ് പരീക്ഷണത്തിന് വേണ്ടിയുള്ള ഉപഗ്രഹവിക്ഷേപണത്തിന് ശേഷം ബാക്കിവന്ന പിഎസ്എല്‍വി റോക്കറ്റിന്റെ നാലാമത്തെ ഘട്ടത്തിലാണ് ഈ യന്ത്രക്കൈ ഘടിപ്പിച്ചിരുന്നത്. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള ക്യാമറ, സെന്‍സറുകള്‍, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്വേര്‍ എന്നിവയൊക്കെ ഈ യന്ത്രക്കൈയ്ക്കുണ്ട്.

ബഹിരാകാശത്ത് വളരെ വേഗത്തിലാണ് വസ്തുക്കള്‍ സഞ്ചരിക്കുന്നത്. അതിനാല്‍ അവയെ പിടിച്ചുനിര്‍ത്തി സുരക്ഷിതമായി പേടകത്തോട് അടുപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ചെറിയ ബഹിരാകാശ വസ്തുക്കളെ യന്ത്രക്കൈ ഉപയോഗിച്ച് പിടിക്കാന്‍ ശ്രമിക്കും. ഇതില്‍ വിജയിച്ചാല്‍ അടുത്ത വിക്ഷേപണങ്ങളില്‍ ഇതിന്റെ കുടുതല്‍ പരീക്ഷണങ്ങളുണ്ടാകും. ഭാവിയില്‍ പേടകങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്‍പ്പെടെ ഈ സംവിധാനം ഉപയോഗിക്കാനാകും. പോയെം ( പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്സിപിരിമെന്റല്‍ മൊഡ്യൂള്‍) എന്നാണ് റോക്കറ്റിന് ശേഷിക്കുന്ന ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ഇതിലാണ് പരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.

2024 ഡിസംബര്‍ 30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്ന് ഐഎസ്ആര്‍ഒ സ്‌പേസ് ഡോക്കിംഗ് പരീക്ഷണത്തിനായി രണ്ട് സ്‌പേഡെക്സ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. പിഎസ്എല്‍വി റോക്കറ്റിന്റെ നാലാം ഘട്ടത്തെ ബഹിരാകാശത്ത് നിലനിര്‍ത്തി ചെറു പരീക്ഷണങ്ങള്‍ നടത്താന്‍ അവസരം നല്‍കുന്ന പോയം പദ്ധതിയുടെ ഭാഗമായി ഇസ്രൊ അയച്ച 24 ചെറു പരീക്ഷണങ്ങളിലൊന്നാണ് ഈ യന്ത്രകൈ. ഇതിന് പുറമെ ബഹിരാകാശത്ത് വിത്ത് മുളപ്പിക്കുന്ന ക്രോപ്‌സും തിരുവനന്തപുരം ഐഐഎസ്ടി വിദ്യാര്‍ഥികള്‍ നിര്‍മിച്ച പൈലറ്റ് ടു അഥവാ ഗ്രേസ് എന്ന പേ ലോഡും പരീക്ഷണങ്ങളുടെ ഭാഗമാണ്.

ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ നടക്കും. രാവിലെ ഒമ്പതിനും പത്തിനുമിടയിലാകും ഉപഗ്രഹങ്ങള്‍ ഒന്നാകുക. ബെംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. സ്‌പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ വിജയിപ്പിക്കാനായിട്ടുള്ളൂ. റോക്കറ്റ് ഭാഗങ്ങള്‍ പുനരുപയോഗിക്കുന്നതിനെയാണ് പോയെം 4 എന്ന് വിളിക്കുന്നത്. ബഹിരാകാശ മാലിന്യം പിടിച്ചെടുക്കാനാണ് റോബോട്ടിക് കൈ ഉപയോഗിക്കുന്നത്.

ഉപഗ്രഹങ്ങള്‍ എത്തിച്ച ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റിന്റെ നാലാമത്തെ ഭാഗത്തില്‍ വിത്ത് മുളപ്പിച്ച് പരീക്ഷണം നടത്തുകയും ലക്ഷ്യമിടുന്നുണ്ട്. എട്ട് പയര്‍ വിത്തുകള്‍ മുളപ്പിച്ച് വളര്‍ത്താനാണ് ഐഎസ്ആര്‍ഒ പദ്ധതി. സ്പെഡക്‌സിന്റെ ഇരട്ട ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചശേഷമുള്ള പി.എസ്.എല്‍.വി റോക്കറ്റിന്റെ നാലാംഭാഗമാണ് ജൈവ പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.

രണ്ട് ഇലകളാകുന്നതുവരെയുള്ള സസ്യത്തിന്റെ നിലനില്‍പ്പും പരിശോധിക്കും. തുമ്പയിലെ വി.എസ്.എസ്.സിയില്‍ വികസിപ്പിച്ച ഓര്‍ബിറ്റല്‍ പ്ലാന്റ് സ്റ്റഡീസിനായുള്ള കോംപാക്ട് റിസര്‍ച്ച് മൊഡ്യൂളിന്റെ ഭാഗമാണ് ഇത്. മുംബയിലെ അമിറ്റി യൂണിവേഴ്‌സിറ്റി വികസിപ്പിച്ച അമിറ്റി പ്ലാന്റ് എക്സ്പെരിമെന്റല്‍ മൊഡ്യൂള്‍ ഇന്‍ സ്പെയ്‌സിലാണ് വിത്ത് പരീക്ഷണം നടത്തുന്നത്. ഇതടക്കം 24 പരീക്ഷണോപകരണങ്ങളാണ് റോക്കറ്റില്‍ തയ്യാറാക്കിയ ലബോറട്ടറിയില്‍ ചെയ്യുന്നത്.

14 എണ്ണം ഐ.എസ്.ആര്‍.ഒയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണവകുപ്പും നിര്‍മ്മിച്ചതാണ്. സ്റ്റാര്‍ട്ടപ്പുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നിര്‍മ്മിച്ചവയാണ് ബാക്കിയുള്ള 10 ഉപകരണങ്ങള്‍. ബഹിരാകാശമാലിന്യം പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയുടെ പരീക്ഷണം ഇതിലൊന്നാണ്.

Tags:    

Similar News