പഠനം നിർത്തിയിട്ട് നാല് വർഷം; ആദ്യം അമ്മയെയും സഹോദരനെയും തീർത്തു, പിന്നാലെ സ്കൂളിലേക്ക് തോക്കുമായി പാഞ്ഞുകയറി; ഒൻപത് പേരെ കൊന്നൊടുക്കിയത് 18-കാരി ട്രാൻസ് വുമൺ; കാനഡയെ നടുക്കിയ സൈക്കോ കില്ലർ ജെസ്സി വാൻ റൂട്ട്‌സെലാർ
ഒട്ടാവ: ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിൽ ഒൻപതുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ജെസ്സി വാൻ റൂട്ട്‌സെലാർ എന്ന ട്രാൻസ് വുമൺ ആണെന്ന് പോലീസ്. തന്റെ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ ശേഷമാണ് താൻ മുൻപ് പഠിച്ചിരുന്ന സ്കൂളിൽ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഈ കൂട്ടക്കുരുതിക്ക് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ 2,400 പേർ മാത്രം താമസിക്കുന്ന ഒറ്റപ്പെട്ട പ്രദേശമായ ടംബ്ലർ റിഡ്ജിൽ ചൊവ്വാഴ്ച നടന്ന വെടിവെപ്പിന് ശേഷം കൊലയാളി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസമാണ് കാനഡയെ നടുക്കിയ ഈ ദുരന്തം അരങ്ങേറിയത്. വീട്ടിൽ വെച്ച് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ ശേഷം ജെസ്സി തോക്കുമായി താൻ മുൻപ് പഠിച്ചിരുന്ന ടംബ്ലർ റിഡ്ജ് സ്കൂളിലേക്ക് കുതിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന അധ്യാപികയ്ക്കും വിദ്യാർത്ഥികൾക്കും നേരെ തുരുതുരാ വെടിയുതിർത്തു.
ഒൻപത് ജീവനുകൾ അപഹരിച്ച ശേഷം ജെസ്സി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ആക്രമണത്തിൽ 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രാൻസ്‌ജെൻഡർ സ്ത്രീയായ ജെസ്സി നാലുവർഷം മുൻപ് പഠനം ഉപേക്ഷിച്ചിരുന്നു. പ്രതിക്ക് മുൻപ് തോക്ക് കൈവശം വെക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നുവെങ്കിലും അതിന്റെ കാലാവധി കഴിഞ്ഞിരുന്നുവെന്നും പോലീസ് പറഞ്ഞു. മുൻപ് ഇവരുടെ വീട്ടിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിരുന്നെങ്കിലും പിന്നീട് അത് തിരികെ നൽകുകയായിരുന്നുവെന്നും വ്യക്തമാക്കി.
ജെസ്സിക്ക് മുൻപ് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അവരുടെ സുരക്ഷ പരിശോധിക്കുന്നതിനായി പോലീസ് ഒന്നിലധികം തവണ വീട്ടിൽ എത്തിയിരുന്നതായും മക്ഡൊണാൾഡ് പറഞ്ഞു. ഒന്നിലധികം തവണ പ്രവിശ്യാ മാനസികാരോഗ്യ നിയമപ്രകാരം പരിശോധനകൾക്കായി അവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇവർ മുൻപ് ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നുവെങ്കിലും നാല് വർഷം മുൻപ് പഠനം ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രതിയുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന് പലതവണ പോലീസ് ആ വീട്ടിൽ പോയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
വെടിവെയ്പ്പിൽ പരിക്കേറ്റ 12 വയസ്സുകാരിയായ മായ ഗെബാലയാണ് വാര്‍ത്തകളില്‍ നേരത്തെ പുറത്ത് വന്നിരുന്നു. സ്‌കൂള്‍ ഹോക്കി ടീമിലെ മിന്നും താരമായ മായയുടെ തലയ്ക്കും കഴുത്തിനുമാണ് വെടിയേറ്റത്. അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് വാന്‍കൂവര്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലത്തിച്ചത്. 'ഇന്ന് രാവിലെ സാധാരണ പോലെയാണ് തുടങ്ങിയത്, ഇപ്പോള്‍ എന്റെ കുഞ്ഞ് ജീവനായി മല്ലിടുന്നു' എന്ന അമ്മയുടെ വാക്കുകള്‍ ലോകത്തെ കണ്ണീരിലാഴ്ത്തുകയാണ്. മായയുടെ ചികിത്സാ ചെലവിനായി ഇതിനകം ഗോഫണ്ട്മി (GoFundMe) വഴി സഹായം പ്രവഹിക്കുന്നുണ്ട്.
യുനെസ്കോ ഗ്ലോബൽ ജിയോപാർക്ക് പദവിയുള്ള ടംബ്ലർ റിഡ്ജ്, അതിന്റെ 2,400 മാത്രം വരുന്ന ജനസംഖ്യയും സുരക്ഷിതത്വവും ശാന്തമായ ജീവിതശൈലിയും കൊണ്ട് ശ്രദ്ധേയമായ പ്രദേശമാണ്. എന്നാൽ, ഈ സംഭവം കാനഡയെ ആകമാനം ഞെട്ടിച്ചിരിക്കുകയാണ്. 2020-ൽ നോവ സ്കോട്ടിയയിൽ നടന്ന വെടിവെപ്പിന് ശേഷം രാജ്യം കണ്ട ഏറ്റവും ഭീകരമായ ആക്രമണമാണിത്.
കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ കാനഡയിൽ ആയുധ നിയന്ത്രണ നിയമങ്ങൾ വീണ്ടും ചർച്ചാ വിഷയമായിട്ടുണ്ട്. പ്രധാനമന്ത്രി മാർക്ക് കാർണി (Mark Carney) സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. സമാധാനത്തിന് പേര് കേട്ട കാനഡയിൽ, പ്രത്യേകിച്ച് സുരക്ഷിതമെന്ന് കരുതുന്ന ഒരു സ്കൂളിൽ നടന്ന ഈ ആക്രമണം രാജ്യത്തെ പൊതുസമൂഹത്തിൽ വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.
