കുറ്റ്യാടിയിലുണ്ടായത് ഒരു കുടുംബത്തിലെ തര്‍ക്കം പോലെ; കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുന്നു; അവിടെ ഒരുതരത്തിലുമുള്ള അച്ചടക്കലംഘനവും ഉണ്ടായിട്ടില്ല; ദൈവമേ, കേരളം എങ്ങോട്ടാണ് പോകുന്നത്; ജാഥ വൈകിയതിനാല്‍ ഷാഫി തന്നെയാണ് വേഗം പ്രതിപക്ഷ നേതാവിനെ വിളിക്കാന്‍ പറഞ്ഞത്; 'സ്‌നേഹതള്ളലില്‍' വി ഡി സതീശന്റെ പ്രതികരണം

'സ്‌നേഹതള്ളലില്‍' വി ഡി സതീശന്റെ പ്രതികരണം

Update: 2026-02-12 06:43 GMT

കോഴിക്കോട്: പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണച്ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപിയെ സംസാരിക്കാന്‍ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് വേദിയിലുണ്ടായ പിടിവലിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു കുടുംബത്തിലെ കാര്യം പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അവിടെ ഒരുതരത്തിലുമുള്ള അച്ചടക്കലംഘനവും ഉണ്ടായിട്ടില്ലെന്നും സതീശന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

'ജാഥയുടെ ശോഭ കെടുത്താന്‍ ഇല്ലാത്ത ഒരു കാര്യം ഊതിവീര്‍പ്പിക്കുകയാണ്. ജാഥ വൈകിയതിനാല്‍ ഷാഫി തന്നെയാണ് വേഗം പ്രതിപക്ഷ നേതാവിനെ വിളിക്കാന്‍ പറഞ്ഞത്. ഒരു പ്രധാനമാധ്യമം വാര്‍ത്തകൊടുത്തത് സ്റ്റേജിലെ ഉന്തും തള്ളും കാരണം മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണെന്ന് പറഞ്ഞെന്നാണ്. അങ്ങനെ ഒന്നു ഉണ്ടായെന്ന് തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുകയാണ്. അങ്ങനെ വാര്‍ത്ത കൊടുക്കുന്നതോടെ തകരുക നിങ്ങളുടെ വിശ്വാസ്യതയാണ്.

ആയിരക്കണക്കിന് വോട്ടുകള്‍ക്ക് യുഡിഎഫ് തോറ്റ മണ്ഡലങ്ങളില്‍ ജാഥയ്ക്കു കിട്ടിയ സ്വീകരണം കേരളീയ സമൂഹം വിലയിരുത്തും. ജാഥയുടെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഞാന്‍ നയിക്കുന്ന ജാഥയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇങ്ങനെ പറയുന്നത് ശരിയല്ല. ജാഥയുടെ ശോഭ കെടുത്താന്‍ വേണ്ടി ഇല്ലാത്ത വാര്‍ത്ത കൊടുക്കുകയാണ്. ഇതൊക്കെ ഒരുവീട്ടില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യമല്ലേ?. ഇങ്ങനെ കള്ളം പ്രചരിപ്പിച്ചാല്‍ കേരളം എങ്ങോട്ടാണ് പോകുക, എന്റെ ദൈവമേ' - സതീശന്‍ ചോദിച്ചു.

വിവാദം ജാഥയുടെ ശോഭ കെടുത്താനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 60000 വോട്ടിനു തോറ്റ മട്ടന്നൂരിലെ ജനക്കൂട്ടം നിങ്ങള്‍ കണ്ടതല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടി വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഇന്നലെയാണ് ഉന്തും തള്ളും ഉണ്ടായത്. പരിപാടിയുടെ അധ്യക്ഷനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലും ഷാഫി പറമ്പില്‍ എംപിയുമാണ് പ്രസംഗിക്കുന്നതിനെച്ചൊല്ലി പിടിവലിയും തര്‍ക്കവും ഉണ്ടായത്. ഒടുവില്‍ എല്ലാം കോംപ്രമൈസാക്കി വിട്ടപ്പോഴേയ്ക്കും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞുകവിഞ്ഞു.

യുഡിഎഫിന്റെ സംഘാടനത്തിലെ ഏറ്റവും ഒടുവിലത്തെ പാകപ്പിഴയാണ് പുതുയുഗ യാത്ര വേദിയില്‍ കണ്ടത്. ഷാഫി സംസാരിക്കണമെന്ന് നേതാക്കളും ഇല്ലെന്ന് ഷാഫിയും പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. സമയക്കുറവ് ചൂണ്ടിക്കാട്ടിയ ഷാഫി അടുത്ത വേദിയില്‍ സംസാരിക്കാമെന്ന് പറഞ്ഞൊഴിയാന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാതെ അധ്യക്ഷന്‍ ഷാഫിയെ സംസാരിക്കാനായി ക്ഷണിച്ചു. അധികമൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ ഷാഫി രണ്ട് മൂന്ന് വാചകത്തില്‍ പ്രസംഗം ഒതുക്കുകയായിരുന്നു

ഇല്ലെന്ന് പറഞ്ഞിട്ടും പ്രസംഗിക്കാന്‍ വിളിച്ചതിന് ഡിസിസി സെക്രട്ടറിയെ ഷാഫി ശാസിച്ചു. വിഡി സതീശനും കെ. സുധാകരനും തമ്മിലുള്ള മൈക്ക് തര്‍ക്കത്തിന് ശേഷമുണ്ടായ പിടിവലി സമൂഹമാധ്യമങ്ങളിലടക്കം ലൈവ് ആയതോടെ ട്രോളുകള്‍ നിറഞ്ഞു. നേതാക്കളെക്കൊണ്ട് വേദി നിറഞ്ഞുകവിഞ്ഞതും അവരെ നിയന്ത്രിക്കാന്‍ നേതൃത്വം പാടുപെട്ടതും കുറ്റ്യാടിയിലെ ചിരിക്കാഴ്ച്ചയായി. അതേസമയം വേദിയില്‍ ഉണ്ടായത് സ്‌നേഹത്തള്ളല്‍ ആണെന്നായിരുന്നു ഡിസിസി അധ്വക്ഷന്‍ അഡ്വ. പ്രവീണ്‍കുമാര്‍ പ്രതികരിച്ചത്.

Tags:    

Similar News