പാചക സഹായിയായി എത്തിയത് ദളിത് യുവതി; കുട്ടികളെ അംഗൻവാടിയിലേക്ക് അയക്കുന്നത് നിർത്തി മാതാപിതാക്കൾ; 5,000 രൂപ ശമ്പളത്തിൽ ബിരുദധാരിയെ നിയമിച്ചതിന് പിന്നാലെ മുലയൂട്ടുന്ന അമ്മമാർ പോലും റേഷൻ വേണ്ടെന്നു വെച്ചു; കേന്ദ്രപാദയിൽ നടക്കുന്നത്
കേന്ദ്രപാദ: ഒഡീഷയിലെ കേന്ദ്രപാദ ജില്ലയിൽ ദലിത് വിഭാഗത്തിൽപ്പെട്ട യുവതിയെ സഹായിയായി നിയമിച്ചതിനെത്തുടർന്ന് കുട്ടികളെ അംഗൻവാടിയിലേക്ക് അയക്കുന്നത് നിർത്തി രക്ഷിതാക്കൾ . ജാതിവിവേചനം കാരണമാണ് കുട്ടികളെ അംഗൻവാടിയിലേക്ക് വിടാൻ പല രക്ഷിതാക്കളും വിസമ്മതിക്കുന്നത്. നവംബർ 20-ന് നുവാഗോൺ ഗ്രാമത്തിലെ അംഗൻവാടി കേന്ദ്രത്തിൽ ശർമിഷ്ട സേഥി (21) എന്ന ബിരുദധാരിക്ക് പാചക സഹായിയായി നിയമനം ലഭിച്ചതിന് പിന്നാലെയാണ് സംഭവം.
പ്രതിമാസം 5,000 രൂപ ശമ്പളത്തിൽ ഗ്രാമത്തിൽ നിന്ന് ഈ ജോലിക്ക് അപേക്ഷിച്ച ഏക വ്യക്തി ശർമിഷ്ടയായിരുന്നു. താൻ പാചകം ചെയ്യുന്ന ഭക്ഷണം കുട്ടികൾക്ക് നൽകരുതെന്ന് ചില ഉയർന്ന ജാതിക്കാരായ ഗ്രാമവാസികൾ മുന്നറിയിപ്പ് നൽകിയിരുന്നതായി ശർമിഷ്ട പറയുന്നു. ഈ നിർദ്ദേശം അനുസരിക്കാൻ വിസമ്മതിച്ചതോടെ രക്ഷിതാക്കൾ കുട്ടികളെ അയക്കുന്നത് നിർത്തിയെന്നും അവർ കൂട്ടിച്ചേർത്തു. ഗ്രാമീണരിൽ പലരും ശർമിഷ്ടയുടെ നിയമനത്തിൽ അസ്വസ്ഥരാണെന്ന് മറ്റൊരു അംഗൻവാടി ജീവനക്കാരിയായ ലിസാരാണി പാണ്ഡവ് അറിയിച്ചു.
"പല കുട്ടികളും വരുന്നില്ല. രണ്ട് രക്ഷിതാക്കൾ മാത്രമാണ് വീടുകളിലേക്ക് റേഷൻ കൊണ്ടുപോകുന്നത്. മുലയൂട്ടുന്ന അമ്മമാർ പോലും റേഷൻ വാങ്ങുന്നത് നിർത്തി," ദി ഇന്ത്യൻ എക്സ്പ്രസിനോട് ലിസാരാണി പറഞ്ഞു. ശർമിഷ്ടയും താനും രക്ഷിതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും തുടർന്ന് ഉന്നത അധികാരികൾക്ക് രേഖാമൂലം പരാതി നൽകുകയായിരുന്നുവെന്നും ലിസാരാണി വ്യക്തമാക്കി. ഗ്രാമത്തിലെ ഏഴ് ദലിത് കുടുംബങ്ങൾ ഉൾപ്പെടെ ഏകദേശം 45 കുടുംബങ്ങളിൽനിന്നാണ് കുട്ടികൾ അംഗൻവാടിയിൽ എത്തിയിരുന്നത്.
ലിസാരാണി പാണ്ഡവ് ഉയർന്ന ജാതിയിൽപ്പെട്ട ജീവനക്കാരിയാണ്. ഒരു ദലിത് സ്ത്രീ പാചകം ചെയ്യുന്ന ഭക്ഷണം തങ്ങളുടെ കുട്ടികൾക്ക് വേണ്ടെന്ന് പല രക്ഷിതാക്കളും വെളിപ്പെടുത്തിയിട്ടുണ്ട്. ദലിത് കുടുംബങ്ങൾ ഉൾപ്പെടെയുള്ള കുടുംബങ്ങളോട് കുട്ടികളെ അംഗൻവാടി കേന്ദ്രത്തിലേക്ക് അയക്കരുതെന്ന് ഗ്രാമ കമ്മിറ്റി തലവൻ നിർദ്ദേശിച്ചതായും റിപ്പോർട്ടുണ്ട്.
വിഷയം ചർച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥർ ഗ്രാമവാസികളുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തി. ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ ഗ്രാമം സന്ദർശിച്ചതായി കേന്ദ്രപാദ ശിശു വികസന പദ്ധതി ഓഫിസർ (സി.ഡി.പി.ഒ) ദീപാലി മിശ്ര അറിയിച്ചു. ചില രക്ഷിതാക്കൾ കുട്ടികളെ അംഗൻവാടിയിലേക്ക് അയക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും, മറ്റുള്ളവർ തീരുമാനമെടുക്കാൻ മൂന്ന് ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
