റോക്കറ്റ് ആന്‍ഡ് സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനായ ക്രയോമാന്‍; സോമനാഥിന് പകരം ഇസ്രോയെ നയിക്കാനെത്തുന്നത് തിരുവനന്തപുരത്തിന്റെ സ്വന്തം നാഗര്‍കോവിലുകാരനായ 'മലയാളി'; ബഹിരാകാശ ഗവേഷണത്തില്‍ അനുഭവ സമ്പത്തുകള്‍ ഏറെ; ഗഗന്‍യാന് നായകനാകാന്‍ നാരായണന്‍ എത്തുമ്പോള്‍

Update: 2025-01-08 01:50 GMT

ന്യൂഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ആദ്യ ഇന്ത്യന്‍ ദൗത്യമായ ഗഗന്‍യാന്റെ അണിയറ പ്രവര്‍ത്തനത്തിലാണ് ഐ.എസ്.ആര്‍.ഒ. ഇതിനായുള്ള ഗവേഷണങ്ങളും മറ്റ് ജോലികളും പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് (ഐ.എസ്.എസ്) കുതിച്ചുയരാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ആസ്ട്രോനോട്ടുകള്‍ക്കുള്ള പരിശീലനവും സമാന്തരമായി നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഡോ. വി. നാരായണന്‍ ഐ.എസ്.ആര്‍.ഒ.യുടെ പുതിയ ചെയര്‍മാനാകുമ്പോള്‍ മുന്നിലുള്ളത് ഗഗന്‍യാന്‍ വെല്ലുവിളി. നിലവില്‍ തിരുവനന്തപുരം, വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടറാണ് നാരായണന്‍. ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ ചുമതലകളുമുണ്ടാകും.

രണ്ടുവര്‍ഷത്തേക്കാണ് നാരായണന്റെ നിയമനം. നാഗര്‍കോവില്‍ സ്വദേശിയാണ്. മലയാളിയായ ഡോ. എസ്. സോമനാഥ് സ്ഥാനമൊഴിയുന്ന 14-ന് ചുമതലയേല്‍ക്കും. നാഗര്‍കോവിലുകാരനായ നാരായണനും നന്നായി മലയാളം അറിയാം. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് ഔദ്യോഗിക ജീവിതം തുടരുന്ന നാരായണന്റെ സ്ഥാനലബ്ദി കേരളത്തിനും അഭിമാന നിമിഷമാണ്. ജി.എസ്.എല്‍.വി. മാര്‍ക്ക്് മൂന്നിന്റെ സി25 ക്രയോജനിക് പ്രോജക്ട് ഡയറക്ടറായിരുന്നു. റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവയുടെ പ്രൊപ്പല്‍ഷന്‍ വിദഗ്ധനാണ് അദ്ദേഹം. വലിയ ബഹുമതിയാണ് പുതിയ സ്ഥാനമെന്ന് വി.നാരായണന്‍ പറഞ്ഞു. വിക്രം സാരാഭായി അടക്കമുള്ള പ്രമുഖര്‍ വഹിച്ച സ്ഥാനത്തേക്ക് പരിഗണിച്ചതില്‍ രാജ്യത്തോട് നന്ദി പറയുന്നു. നിറയെ പരിപാടികള്‍ ഉള്ള സമയത്തതാണ് പുതിയ സ്ഥാനം. എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. റോക്കറ്റ് ആന്‍ഡ് സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനായ ഡോ. വി നാരായണന്‍ 1984ലാണ് ഐഎസ്ആര്‍ഒയില്‍ ചേരുന്നത്.

ഗഗന്‍യാന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു ശുക്ല, മലയാളിയും ചലച്ചിത്രതാരം ലെനയുടെ ജീവിതപങ്കാളിയുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്നിവരാണ് കഠിനമായ പരിശീലനം നടത്തുന്നത്. യു.എസ്സിലും യൂറോപ്പിലുമായാണ് ഇവരുടെ പരിശീലനം. ഓഗസ്റ്റില്‍ തന്നെ ഇരുവരും യു.എസ്സിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററിലെത്തി പരിശീലനം ആരംഭിച്ചിരുന്നു. പിന്നീട് സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പേസിലും ഇരുവരും പരിശീലനത്തിനെത്തി. ആക്സിയോം സ്പേസിന്റെ ആക്സിയോം-4 ദൗത്യത്തിന്റെ ഭാഗമായി ശുഭാന്‍ശു ശുക്ലയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ അദ്ദേഹത്തിന് പിന്മാറേണ്ടിവന്നാല്‍ പ്രശാന്ത് ബാലകൃഷ്ണനാകും പകരം പോകുക. ഇന്ത്യന്‍ ബഹിരാകാശസഞ്ചാരികള്‍ നേടുന്ന പരിശീലനവും ഐ.എസ്.എസ്. യാത്രയുമെല്ലാം ഐ.എസ്.ആര്‍.ഒയുടെ ഭാവി ദൗത്യങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകും. ആക്സിയോണ്‍ ദൗത്യത്തിന്റെ ഭാഗമായി പോകുന്ന ബഹിരാകാശ സഞ്ചാരികള്‍ വിവിധ ഗവേഷണങ്ങളും സാങ്കേതികവിദ്യകളുടെ ഉപയോഗവും ബഹിരാകാശ നടത്തവുമെല്ലാം നടത്തും. ഇതും ഇന്ത്യന്‍ ദൗത്യങ്ങളെ വളരെയേറെ സഹായിക്കുന്നതാണ്. ഇതിന്റെ എല്ലാം മേല്‍നോട്ടം ഇനി നാരായണനാകും.

ആദ്യ ഗഗന്‍യാന്‍ ആളില്ലാ ദൗത്യത്തിനായുള്ള (ഗഗന്‍യാന്‍-1) വിക്ഷേപണ വാഹനത്തിന്റെ നിര്‍മാണം ഐഎസ്ആര്‍ഒ ആരംഭിച്ചിട്ടുണ്ട്. ഇസ്രൊയുടെ എറ്റവും കരുത്തനായ എല്‍വിഎം 3 റോക്കറ്റിന്റെ ആദ്യ വിക്ഷേപണത്തിന്റെ പത്താം വാര്‍ഷികത്തിലാണ് അടുത്ത സുപ്രധാന ദൗത്യത്തിനായുള്ള റോക്കറ്റ് നിര്‍മ്മാണം തുടങ്ങിയത്. ബഹിരാകാശ രംഗത്ത് രാജ്യത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ ഗഗന്‍യാന്‍ ദൗത്യത്തിനായി ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഗഗന്‍യാന്റെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യം 2025 ആദ്യപകുതിയില്‍ നടക്കും. 2018 ഡിസംബര്‍ 18നായിരുന്നു എല്‍വിഎം 3 റോക്കറ്റിന്റെ ആദ്യ ദൗത്യം നടന്നത്. യാത്രാ പേടകത്തിന്റെ മാതൃകയാണ് അന്ന് വിക്ഷേപിച്ചത്. കടലില്‍ ഇറക്കിയ പേടകത്തെ പിന്നീട് വീണ്ടെടുക്കുകയായിരുന്നു. അന്ന് പഠിച്ച പാഠങ്ങള്‍ ഇസ്രൊയെ സംബന്ധിച്ച് ഗഗന്‍യാന്‍ ദൗത്യത്തില്‍ നിര്‍ണായകമാണ്. ഇന്ത്യ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് ആദ്യമായി സ്വന്തം പേടകത്തില്‍ മനുഷ്യനെ അയക്കുന്ന പദ്ധതിയാണ് ഗഗന്‍യാന്‍. ബഹിരാകാശത്തേക്ക് മൂന്ന് ക്രൂ അംഗങ്ങളെയാവും ഗഗന്‍യാന്‍ പേടകത്തില്‍ ഐഎസ്ആര്‍ഒ അയക്കുക. സംഘത്തെ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇതിന് മുന്നോടിയായി അടുത്ത വര്‍ഷം ആദ്യപാദത്തില്‍ ഗഗന്‍യാന്‍-1 ആളില്ലാ ദൗത്യത്തിന്റെ വിക്ഷേപണം നടത്തുകയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം.

ഏഴ് വര്‍ഷമായി എല്‍ പി എസ് സി ഡയറക്ടറാണ് നാരായണന്‍. റോക്കറ്റ് എഞ്ചിന്‍ സാങ്കേതികവിദ്യയില്‍ വിദഗ്ധനായ അദ്ദേഹം ക്രയോ മാന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഐഐടി ഖരഖ്പുരില്‍നിന്ന് എംടെക് നേടിയിട്ടുണ്ട്. വിവിധ ദേശീയ അന്തര്‍ദേശീയ പ്രൊഫഷണല്‍ ബോഡികളില്‍ അംഗമാണ് വി നാരായന്‍. ഗവേണിങ് കൗണ്‍സില്‍ അംഗമായും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ബോര്‍ഡ് അംഗമായും ചില എഞ്ചിനീയറിങ് കോളേജുകളിലെ അക്കാദമിക് കൗണ്‍സില്‍ അംഗമായും സേവനമനുഷ്ഠിക്കുന്നു. ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് അസ്ട്രോനോട്ടിക്സിലെ അംഗമാണ്. എംടെക്കും 1989-ല്‍ ക്രയോജനിക് എഞ്ചിനീയറിങ്ങില്‍ ഒന്നാം റാങ്കും 2001 ല്‍ എയ്റോസ്പേസ് എഞ്ചിനീയറിങ്ങില്‍ പിഎച്ച്ഡിയും നേടി. ഖരഗ്പൂര്‍ ഐഐടിയില്‍ നിന്ന് എംടെക്കില്‍ ഒന്നാം റാങ്കിന് വെള്ളി മെഡലും ആസ്ട്രോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്വര്‍ണ്ണ മെഡലും നേടിയിട്ടുണ്ട്.

ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എഞ്ചിനീയറിങ്ങിന്റെ ഫെലോ, ഇന്റര്‍നാഷണല്‍ ആസ്‌ട്രോനോട്ടിക്കല്‍ ഫെഡറേഷന്റെ സ്പേസ് പ്രൊപ്പല്‍ഷന്‍ കമ്മിറ്റി അംഗം, ഇന്ത്യന്‍ സൊസൈറ്റി ഓഫ് സിസ്റ്റംസ് ഫോര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്ങിന്റെ, ഫെല്ലോ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ), ഇന്ത്യന്‍ ക്രയോജനിക് കൗണ്‍സിലിന്റെ ഫെല്ലോ, എയറോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഫെലോ, ഐഎന്‍എഇ ഗവേണിങ് കൗണ്‍സില്‍ അംഗമായും സേവനമനുഷ്ഠിച്ചു. എല്‍പിഎസ് സിയുടെ ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലര വര്‍ഷക്കാലം, വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ സൗണ്ടിങ് റോക്കറ്റുകളുടെയും ഓഗ്മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എഎസ്എല്‍വി), പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) എന്നിവയുടെ സോളിഡ് പ്രൊപ്പല്‍ഷന്‍ ഏരിയയിലും പ്രവര്‍ത്തിച്ചു. ആ അനുഭവ സമ്പത്ത് ഗഗന്‍യാനിനും മുതല്‍കൂട്ടാകുമെന്നാണ് ഇന്ത്യന്‍ ബഹിരാകാശ ലോകത്തിന്റെ പ്രതീക്ഷ.

Tags:    

Similar News