ഭഗവാന്റെ വക ആരു കട്ടു കൊണ്ടു പോയാലും ഭഗവാന്‍ തിരിച്ചു കൊണ്ടു വരും; ഏതവന്‍ കൊണ്ടു പോയാലും! സ്ത്രീ പ്രവേശന സമയത്ത് സന്നിധാനത്തെ നിയന്ത്രിച്ച നാലു പേരും ഔട്ട്; സ്വര്‍ണ്ണ കൊള്ളയിലെ ഈ നാലു അറസ്റ്റുകള്‍ തിരിച്ചു കൊണ്ടു വരുന്നതും വിശ്വാസം; നവോത്ഥാന കളിയില്‍ ബാറ്റ് വീശിയ അഞ്ചാം വിക്കറ്റും വീഴുമോ? മണ്ഡലകാലം അറസ്റ്റുകളുടേത്

Update: 2025-11-20 14:00 GMT

പത്തനംതിട്ട: ഭഗവാന്റെ വക ആരു കട്ടു കൊണ്ടു പോയാലും ഭഗവാന്‍ തിരിച്ചു കൊണ്ടു വരും; ഏതവന്‍ കൊണ്ടു പോയാലും!-മാലയിട്ട് വ്രതം നോറ്റ് മല ചവിട്ട് അയ്യപ്പനെ കണ്ട മാളികപ്പുറത്തിന്റെ പ്രതികരണമാണ് ഇത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തതിന് ശേഷമുള്ള പ്രതികരണം. പത്മകുമാറിന്റെ അറസ്റ്റിനെ എല്ലാ ഭക്തരും സ്വാഗതം ചെയ്യുകയാണ്. ശബരിമലയില്‍ സ്വര്‍ണ്ണ കൊള്ള നടന്നുവെന്ന് വ്യക്തമായി കഴിഞ്ഞു. രണ്ട് ദേവസ്വം പ്രസിഡന്റുമാരാണ് അകത്തായത്. ആദ്യയാള്‍ വാസു. സിപിഎമ്മിന്റെ കുളനട പഞ്ചായത്ത് മുന്‍ പ്രസിഡന്റ്. ഇപ്പോള്‍ എ പത്മകുമാറും. രണ്ടു പേരും സിപിഎമ്മുകാര്‍. രണ്ടു പേരും യുവതി പ്രവേശന കാലത്ത് തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡില്‍ താക്കോല്‍ സ്ഥാനത്തുണ്ടായിരുന്നവര്‍.

അന്ന് ഒരാള്‍ പ്രസിഡന്റ്. മറ്റെയാള്‍ ദേവസ്വം കമ്മീഷണര്‍. ഇതിനൊപ്പം സ്ത്രീ പ്രവേശനത്തിന് നേതൃത്വം നല്‍കിയ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. ഒന്ന് അന്നത്തെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍. രണ്ടാമത്തെയാള്‍ ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും. ശബരിമലയിലെ ദേവസ്വം കാര്യങ്ങള്‍ നിശ്ചയിക്കുന്നത് പ്രസിഡന്റും കമ്മീഷണറും ചേര്‍ന്നാണ്. അത് നടപ്പിലാക്കുന്നത് എക്‌സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും. ഇവര്‍ നാലുപേരറിയാതെ ഒന്നും ശബരിമലയില്‍ നടക്കില്ല. സ്വര്‍ണ്ണ കൊള്ളയില്‍ ഇവര്‍ പ്രതിയാകുന്നത് അതുകൊണ്ടാണ്.

അതു പോലെയാണ് സ്ത്രീ പ്രവേശനവും. വിശ്വാസികളുടെ മനസ്സിനെ വേദനിപ്പിച്ച ആ സംഭവത്തിലും ഇവര്‍ക്ക് വ്യക്തമായ പങ്കുണ്ടാകണം. അങ്ങനെ ആ നാലു പേരും അഴിക്കുള്ളിലേക്ക് പോവുകയാണ്. ഇനിയും നവോത്ഥാനത്തിന് ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിക്കാലത്ത് ശ്രമിച്ചവരുണ്ട്. അവരിലേക്ക് സ്വര്‍ണ്ണ കൊള്ളയിലെ അന്വേഷണം നീളുമോ? നീളുമെന്നും അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരും സ്വര്‍ണ്ണ കൊള്ളയില്‍ ഭാഗമായിട്ടുണ്ടെങ്കില്‍ അവരും അഴിക്കുള്ളിലാകുമെന്ന് തന്നെയാണ് സന്നിധാനത്തുള്ള ഭക്തര്‍ വിശ്വസിക്കുന്നത്. സ്വര്‍ണ്ണ കൊള്ളയിലെ ഫയലുകളൊന്നും മുഖ്യമന്ത്രിയോ ദേവസ്വം മന്ത്രിയോ കാണുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്.ബൈജു, മുന്‍ ദേവസ്വം കമ്മിഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്. ഇതില്‍ നാലുപേരാണ് ശബരിമല സ്ത്രീ പ്രവേശന സമയത്ത് സന്നിധാനത്തെ നിയന്ത്രിച്ചിരുന്നവര്‍.

സ്വര്‍ണ്ണ കൊള്ളയും സ്ത്രീ പ്രവേശനവും നടക്കുന്ന സമയത്ത് ദേവസ്വം ബോര്‍ഡിന് രണ്ടു അംഗങ്ങള്‍ കൂടിയുണ്ടായിരുന്നു. അതിലൊരാളുടെ മകന്‍ ഐപിഎസുകാരനാണ്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പലതിലും ഈ ഐപിഎസുകാരന്റെ പേരും കേട്ടു. ഈ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് അംഗമായ ശങ്കര്‍ദാസ് അറസ്റ്റിലാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. അങ്ങനെ വന്നാല്‍ അതും നിര്‍ണ്ണായകമായി മാറും. പത്മകുമാറിന്റെ മൊഴി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എതിരാണ്. കടകംപള്ളിയ്ക്ക നല്‍കിയ അപേക്ഷയിലാണ് സ്വര്‍ണ്ണപാളി കൊടുക്കാനുള്ള തീരുമാനം എടുത്തതെന്നാണ് മൊഴി.

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ എന്‍.വാസുവിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മറ്റൊരു പ്രസിഡന്റ് കൂടി അറസ്റ്റിലായി എന്നതാണ് വസ്തുത. 2018ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന എ.പത്മകുമാറിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കോന്നി മുന്‍ എംഎല്‍എയുമാണ് പത്മകുമാര്‍. പ്രത്യേക കേന്ദ്രത്തില്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്തതിനു ശേഷമാണ് എസ്ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് എസ്ഐടി.

കേസില്‍ എട്ടാം പ്രതിയായി പത്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. കെ.ടി.ശങ്കര്‍ദാസ്, പാലവിള എന്‍.വിജയകുമാര്‍ എന്നിവരായിരുന്നു അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍. കട്ടിളപ്പാളി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറാന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ നല്‍കിയ കത്തില്‍ ഉണ്ടായിരുന്ന 'സ്വര്‍ണം പൂശിയ' എന്ന പരാമര്‍ശം ഒഴിവാക്കി ദേവസ്വം കമ്മിഷണര്‍ എന്‍.വാസു നല്‍കിയ ശുപാര്‍ശ ദേവസ്വം ബോര്‍ഡ് അതേപടി അംഗീകരിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ അറിവോടെ ആയിരുന്നു തട്ടിപ്പ് എന്നാണ് എന്‍.വാസുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്‌ഐടി വ്യക്തമാക്കിയിരുന്നത്.

ഡിസംബര്‍ 3ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനു മുന്‍പ് പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് എസ്ഐടി.

Tags:    

Similar News