'ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ ഒന്നുകില്‍ രക്ഷപ്പെടും അല്ലെങ്കില്‍ തട്ടിപ്പോവും; സ്‌ട്രോക്ക് വന്ന് കിടന്നുപോയാല്‍ തനിച്ച് കക്കൂസില്‍ പോവാന്‍ കഴിയില്ല; മരിക്കാതെ പരീക്ഷണത്തിന് ഇട്ട് കൊടുക്കും; ഞാന്‍ പോയാല്‍....'; മരണത്തെ മുഖാമുഖം കണ്ട ആ അനുഭവ കുറിപ്പ് പങ്കുവച്ചത് രണ്ട് ദിവസം മുമ്പ്; പിന്നാലെ ടി.പി രാമചന്ദ്രന്‍ യാത്രയായി
മരണത്തെ മുഖാമുഖം കണ്ട ആ അനുഭവ കുറിപ്പ് പങ്കുവച്ചത് രണ്ട് ദിവസം മുമ്പ്; പിന്നാലെ ടി.പി രാമചന്ദ്രന്‍ യാത്രയായി
മഞ്ചേരി: മരണത്തെ മുഖാമുഖം കണ്ട ഹൃദയാഘാതത്തെക്കുറിച്ചുള്ള അനുഭവക്കുറിപ്പ് രണ്ട് ദിവസം മുമ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച മഞ്ചേരിയിലെ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവും സാഹിത്യകാരനും പ്രമുഖ അഭിഭാഷകനുമായ മഞ്ചേരി വെള്ളാരങ്ങല്‍ ലക്ഷ്മിയില്‍ ടി.പി. രാമചന്ദ്രന്റെ വിയോഗം നാടിനാകെ നൊമ്പരമായി. 'ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ ഒന്നുകില്‍ രക്ഷപ്പെടും അല്ലെങ്കില്‍ തട്ടിപ്പോവും. സ്‌ട്രോക്ക് വന്ന് കിടന്നുപോയാല്‍ തനിച്ച് കക്കൂസില്‍ പോവാന്‍ കഴിയില്ല. മരിക്കാതെ പരീക്ഷണത്തിന് ഇട്ട് കൊടുക്കും.'- നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോളുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് ടി.പി രാമചന്ദ്രന്‍ രണ്ട് ദിവസം മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്. മഞ്ചേരി കച്ചേരിപ്പടിയില്‍ റിച്ച്‌മെന്‍ ബില്‍ഡിങ്ങിലെ തന്റെ വക്കീല്‍ ഓഫീസില്‍ വ്യാഴാഴ്ച വൈകീട്ട് നാലിന് കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവര്‍ത്തകരും അടുത്ത ഓഫീസുകളിലുള്ളവരും ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമൂഹിക സാസ്‌കാരിക രംഗത്ത് നിറഞ്ഞ് നിന്ന വലിയൊരു സുഹൃദ് വലയമുള്ള ടി.പി. രാമചന്ദ്രന്റെ വിയോഗം പലര്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതും ആശുപത്രിയിലേക്ക് ഓടിയതും തുടര്‍ന്നുണ്ടായ ആശങ്കകളും പതിവ് പോലെ ടി.പി രാമചന്ദ്രന്‍ സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളിലേക്ക് എത്തിച്ചിരുന്നു. രണ്ടു ദിവസത്തിനിപ്പുറം അദ്ദേഹം ഈ ലോകത്ത് നിന്ന് വിടപറയുമ്പോള്‍ ഹൃദയംനുറുങ്ങുന്ന വേദനയോടെയല്ലാതെ ആ കുറിപ്പ് വായിച്ച് തീര്‍ക്കാനാവില്ല. കരുവാരക്കുണ്ട് നീലാഞ്ചേരി അപ്പുണ്ണിയുടെയും കാര്‍ത്ത്യായനിയുടെയും മകനാണ്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ചേറുമ്പ് അംശം ദേശം', 'അധികാരി' എന്നീ നോവലുകളുടെ രചയിതാവാണ്. 45 വര്‍ഷംമുന്‍പ് അഭിഭാഷക ക്ലാര്‍ക്ക് ആയി ജോലി നോക്കിയാണ് മഞ്ചേരിയില്‍ എത്തുന്നത്. പിന്നീട് കോഴിക്കോട് ഗവ. ലോ കോളജില്‍നിന്ന് നിയമബിരുദം നേടി മഞ്ചേരിയില്‍ പ്രാക്ടീസ് ആരംഭിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. വിദ്യാര്‍ഥി ജനതാദള്‍, യുവജനതാദള്‍ എന്നിവയുടെ ജില്ലാ-സംസ്ഥാന ഭാരവാഹിയായിരുന്നു. ജനതാദള്‍ സംസ്ഥാനകമ്മിറ്റി അംഗവുമായി. മഞ്ചേരി സഹൃദയ കലാസാംസ്‌കാരിക വേദിയുടെ സ്ഥാപക സെക്രട്ടറിയാണ്.
മഞ്ചേരി കാളികാവ് ക്ഷേത്രം ട്രസ്റ്റി, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 'ചേറുമ്പ് അംശം ദേശം' നോവലിന് കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വായപ്പാറപ്പടി ജിഎല്‍പി സ്‌കൂള്‍ പിടിഎ പ്രസിഡന്റായിരുന്ന രാമചന്ദ്രന് 2002-ല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച പിടിഎ പ്രസിഡന്റിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. സഹൃദയയുടെ ആഭിമുഖ്യത്തില്‍ നടത്താറുള്ള സംസ്ഥാനതല സാഹിത്യക്യാമ്പ്, വള്ളിക്കാപ്പറ്റ പൂങ്കുടില്‍ മനയില്‍ നടക്കാറുള്ള മഴനിലാവ് സാംസ്‌കാരികസംഗമം, കോഴിക്കോട്, കോട്ടയ്ക്കല്‍ എന്നിവിടങ്ങളിലെ സാഹിത്യസദസ്സുകള്‍ എന്നിവയ്ക്ക് നേതൃത്വംനല്‍കിയിരുന്നു.
മരണത്തിന് മുന്‍പ് ടി.പി രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്
'ഒന്ന് രണ്ട് ആഴ്ചയായി ജോലിയും ഓഫീസുമായി വലിയ തിരക്കിലായിരുന്നു. അടുത്ത മാസം നടക്കുന്ന അദാലത്തുമായുള്ള തിരക്കുകള്‍. സാധാരണയുള്ള കോടതി തിരക്കുകള്‍ക്ക് പുറമെയാണ് അദാലത്തിന്റെ തിരക്ക്. ഏത് തിരക്കുകളും ആസ്വദിച്ച് ചെയ്യുക എന്നതാണ് രീതി. അതിനിടയിലാണ് 'കല'യുടെ ഒരു പ്രോഗ്രാം. നാഷനല്‍ പോയട്രി ഫെസ്റ്റിവല്‍. ബഹുഭാഷാ കവിയും ഗായികയുമായ കസ്തൂരിരിക മിശ്ര ഒരു സ്വകാര്യ ചടങ്ങിന് നിലമ്പൂരില്‍ വരുന്നു.
അവരെ വെച്ച് ഒരു പ്രോഗ്രാം. സി.പി.ഷഫീഖ് മാഷുടെ ഐഡിയയാണ്. കേട്ടപ്പോള്‍ വിടാന്‍ തോന്നിയില്ല. വിവിധ ഭാഷയിലുള്ള കവികളെ ഉള്‍പ്പെടുത്തി ഒരു കവി സമ്മേളനം. കസ്തൂരിക മിശ്രയുമായി ഒരു ഇന്ററാക്ഷന്‍. അവസാനം അവരുടെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍
ഗസല്‍ . മുഹസിന്‍ കുരിക്കള്‍ പെട്ടിയും മുജീബ്ക്ക തബലയും വായിക്കും. എല്ലാം സെറ്റാണ്.
15 ന് ശനിയാഴ്ചയായിരുന്നു പരിപാടി. തലേന്ന് ഓഫീസില്‍ നിന്നു വരാന്‍ കുറച്ച് വൈകി. വന്ന ഉടനെ കുളിച്ച് കുറച്ച് കഞ്ഞി കുടിച്ചു. എന്തോ ഒരു പന്തികേട്. അപ്പുവും കുഞ്ഞാമിയും കൂടെ കളിക്കാന്‍ വിളിച്ചിട്ട് പോവാന്‍ തോന്നുന്നില്ല. അച്ഛന്‍ എന്നോട് മിണ്ടുന്നില്ലെന്ന് പറഞ്ഞപ്പോള്‍ അപ്പുവിനെ കൂടെ കിടത്തിയുറക്കി.
കുഞ്ഞാമി വയറ്റത്ത് കയറിക്കിടന്നുറങ്ങി. അവരെ എടുത്തു കൊണ്ട് പോയപ്പോള്‍ പ്രഷറിന്റെ മരുന്ന് കഴിച്ച് ഉറങ്ങാന്‍ കിടന്നു. ഉറങ്ങാന്‍ കഴിയുന്നില്ല. എന്താണ് സംഭവിക്കുന്നതെന്നറിയുന്നില്ല. ഭാര്യ ഗോരോചനാദി ഗുളിക തന്നപ്പോള്‍ അത് നാവിന്നടിയില്‍ വെച്ചു കിടന്നു.
ഒന്നുറങ്ങി കാണും. പെട്ടെന്ന് എണീറ്റിരുന്നു. തല വെട്ടിപ്പൊളിക്കുന്ന വേദന. തല ചുറ്റുന്നു. നെഞ്ചിനുള്ളില്‍ പരവേശം. കുറെ വെള്ളം കുടിച്ചു നോക്കി. ഒരു രക്ഷയുമില്ല. എണീറ്റ് നിന്നപ്പോള്‍ ആകെ ആടുന്നു.
ഒന്നും നിയന്ത്രണത്തിലല്ല. ഭ്രാന്ത് വന്ന അവസ്ഥ. ഹോസ്പിറ്റലില്‍ പോണം. കാര്യങ്ങള്‍ കൈവിടുകയാണ്. അറ്റാക്ക് അല്ലെങ്കില്‍ സ്‌ട്രോക്ക്. അമ്മ പറഞ്ഞു തന്നതുപോലെ ഏതാപത്തിലും കൈവിടാത്ത കാടാമ്പുഴഭഗവതിയേയും മമ്പുറത്തെ തങ്ങന്‍മാരേയും വിളിച്ചു.
ഡ്രസ്സെടുക്കാന്‍ കോണി കയറിയപ്പോള്‍ ബാലന്‍സ് തെറ്റുന്നുണ്ട്. കാറെടുക്കാന്‍ കഴിയില്ല. വീട്ടിലുള്ള ഭാര്യക്കും മരുമകള്‍ക്കും
കാറെടുക്കാന്‍ കഴിയില്ല. ആരെ വിളിക്കും. സമയം പന്ത്രണ്ട് മണി. ഏറ്റവും അടുത്തുള്ള പീറ്റര്‍ സിനോജിനെ വിളിച്ചു. അഞ്ചു മിനുട്ടിനുള്ളില്‍
വിളിപ്പുറത്തെ ദൈവം കാറും കൊണ്ട് വന്നു. കൊരമ്പയില്‍ ഹോസ്പ്പിറ്റല്‍. കാഷ്വാലിറ്റിയില്‍ ചെറുപ്പക്കാരനായ ഡോക്ടര്‍. ബി.പി നോക്കി. ഇരുന്നൂറിന് മുകളിലേക്ക് കയറിയിരിക്കുന്നു. ഇ.സി.ജി നോക്കി. ഓ.കെയാണ്. ബ്രെയിനില്‍ ബ്ലീഡിങ്ങിന് സാദ്ധ്യതയുണ്ടോ. പറയാന്‍ പറ്റില്ല, തല്‍ക്കാലം ബി പി കുറയാന്‍ മരുന്ന് കഴിക്കാം.
നോക്കാം നമുക്ക്. അരമണിക്കൂറിനുള്ളില്‍ ബി. പി. താഴോട്ട് വന്നു. ഒരു ടാബ്ലറ്റ് കൂടി, ഡോക്ടറും പരിവാരങ്ങളും അടുത്തു തന്നെ നിന്നു. ഷിനോജ് കൈവിരലില്‍ മുറുക്കിപ്പിടിച്ചു. മൂത്രമൊഴിക്കണം എന്നു പറഞ്ഞപ്പോള്‍ ഡോക്ടറുടെ മുഖത്ത് സമാധാനം. ഒരു ചായ കിട്ടുമോ.
ഷിനോജ് ഓടിപ്പോയി മെഷീന്‍ കാപ്പി കൊണ്ടു തന്നു. ഇരട്ടി മധുരം ഒന്നു മയങ്ങി പ്പോയി. ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ ഒന്നുകില്‍ രക്ഷപ്പെടും അല്ലെങ്കില്‍ തട്ടിപ്പോവും. സ്ട്രാക്ക് വന്ന് കിടന്നുപോയാല്‍ തനിച്ച് കക്കൂസില്‍ പോവാന്‍ കഴിയില്ല. മരിക്കാതെ പരീക്ഷണത്തിന് ഇട്ട് കൊടുക്കും. ചെയ്ത പാപങ്ങളുടെ കണക്ക് തീര്‍ക്കാന്‍. 64 വയസ്സില്‍ ആദ്യത്തെ അനുഭവമാണ്. ആശുപത്രിവാസം. എല്ലാം പരീക്ഷണങ്ങള്‍. മയക്കം വിട്ടപ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിയായി കാണും. ബി.പി. നോക്കി. 140 - 90.
ഓ.കെ. യാണ് . വേണേല്‍ വീട്ടില്‍ പോവാം. ഓ.കെ. ഉറങ്ങാന്‍ മരുന്നു തരാം. രാവിലെ വന്ന് ബി.പി ചെക്ക് ചെയ്യണം. ഡോക്ടറുടെ പേരു ചോദിച്ചു. മുട്ടിപ്പാലത്താണ്. തൊട്ടടുത്ത സ്ഥലം. സാറിനെ അറിയാം. പാടത്ത് വക്കിലെ മട്ടുപ്പാനുള്ള ഇഷ്ടിക വീട്. സന്തോഷം.
കണ്ണ് നിറയുന്നു. വീട് നോക്കാന്‍ മോനുണ്ട്. ഓഫീസ് നോക്കാന്‍ മരുമകളുണ്ട്. മകള്‍ ഡോക്ടറാണ്. അവരെല്ലാം ഓകെയാണ്. ഞാന്‍ പോയാല്‍ കല,യുടെ സ്ഥിതി എന്താവും. നാളത്തെ പരിപാടി എന്താവും. ആദ്യം ങ്ങ്‌ളൊന്ന് മരിക്ക്. ബാക്കി കാര്യം ഞങ്ങളേറ്റു. ഷിനോജ് കൊലച്ചിരി ചിരിച്ചു. ഇത്രയെയുള്ളൂ. നമ്മളില്ലെങ്കിലും ലോകം മുന്നാട്ടു പോവും. അതൊരിക്കലും അംഗീകരിക്കരുത്.'
നാലു പതിറ്റാണ്ട് മുമ്പ് അഭിഭാഷക ക്ലര്‍ക്കായാണ് മഞ്ചേരിയിലെത്തിയത്. പിന്നീട് കോഴിക്കോട് ലോ കോളജില്‍നിന്ന് നിയമബിരുദം നേടി. വിദ്യാര്‍ഥി ജനതാദള്‍ മലപ്പുറം ജില്ല പ്രസിഡന്റ്, യുവജനത സംസ്ഥാന സെക്രട്ടറി, ജനതാദള്‍ ജില്ല സെക്രട്ടറി, സഹൃദയ, കേരള ആര്‍ട്ട് ആന്‍ഡ് ലിറ്ററേച്ചര്‍ അക്കാദമി (കല) ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിച്ചു. ചേറുമ്പ് അംശം ദേശം, അധികാരി എന്നീ നോവലുകള്‍ രചിച്ചു. ചേറുമ്പ് അംശം ദേശം നോവലിന് കോഴിക്കോട് ബാര്‍ അസോസിയേഷന്‍ തകഴി പുരസ്‌കാരം ലഭിച്ചു. മഞ്ചേരിയിലെ വിവിധ സാംസ്‌കാരിക സംഗമങ്ങള്‍ക്കും നേതൃത്വം നല്‍കി.
കരുവാരകുണ്ട് നീലാഞ്ചേരി അപ്പുണ്ണിയുടെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ശ്യാം കൃഷ്ണന്‍ (ഖത്തര്‍), ഡോ. ശ്രീലക്ഷ്മി. മരുമക്കള്‍: ജിബിന്‍ (കെ.എം.സി.ടി എന്‍ജിനീയറിങ് കോളജ്, മുക്കം) അഡ്വ. ധന്യ. സഹോദരങ്ങള്‍: അയ്യപ്പന്‍, രാധാകൃഷ്ണന്‍, സുന്ദരന്‍, രവീന്ദ്രന്‍, പുഷ്പലത, പരേതനായ രാജഗോപാലന്‍.
