ആ ചരിത്ര നിമിഷം ഉണ്ടാകില്ല; വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മേയര്‍ എത്തില്ല; പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്: ഔദ്യോഗിക സ്വീകരണത്തില്‍ നിന്ന് മേയര്‍ വി.വി. രാജേഷ് വിട്ടുനില്‍ക്കും; പുത്തരിക്കണ്ടത്ത് വന്‍ ജനസംഗമം; എന്തു കൊണ്ട് വിവി രാജേഷ് വിമാനത്താവളത്തില്‍ എത്തില്ല?
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ബിജെപി നഗരസഭാ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും. എന്നാല്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന വിശിഷ്ട വ്യക്തികളുടെ പട്ടികയില്‍ മേയര്‍ വി.വി. രാജേഷ് ഉള്‍പ്പെട്ടിട്ടില്ല. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഉന്നത ഉദ്യോഗസ്ഥര്‍, എന്‍ഡിഎ നേതാക്കള്‍ തുടങ്ങി 22 പേരാണ് സ്വീകരണ പട്ടികയിലുള്ളത്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പൊതുപരിപാടികളിലും താന്‍ വേദിയിലുള്ളതിനാലാണ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി വിമാനത്താവളത്തിലെ സ്വീകരണം ഒഴിവാക്കിയതെന്ന് മേയറുടെ ഓഫിസ് വിശദീകരിച്ചു. നഗരസഭാ ഭരണം ലഭിച്ചാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ നഗരത്തിലെത്തിക്കുമെന്ന ബിജെപി നേതൃത്വത്തിന്റെ വാഗ്ദാനം പാലിക്കപ്പെടുന്ന സന്ദര്‍ശനമാണിത്. മേയര്‍ വി.വി. രാജേഷ് നഗരവികസനത്തിനായുള്ള സമഗ്ര രേഖ ചടങ്ങില്‍ പ്രധാനമന്ത്രിക്ക് കൈമാറും.
അതോടൊപ്പം കേരളത്തിന് അനുവദിച്ച നാല് പുതിയ ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫും അദ്ദേഹം നിര്‍വ്വഹിക്കും. തിരുവനന്തപുരംതാമ്പരം, തിരുവനന്തപുരംഹൈദരാബാദ്, നാഗര്‍കോവില്‍മംഗളൂരു എന്നീ അമൃത് ഭാരത് ട്രെയിനുകളും ഗുരുവായൂര്‍തൃശ്ശൂര്‍ പാസഞ്ചറുമാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. ബിജെപി മേയര്‍ മോദിയെ സ്വീകരിക്കുമെന്നായിരുന്നു പ്രചരണം. എന്നാല്‍ ഉദ്ഘാടന വേദിയിലെ സംവിധാനങ്ങളൊരുക്കാനും മുന്നിലുള്ളത് മേയറാണ്. ഇതു കൂടി പരിഗണിച്ചാണ് മേയര്‍ വിമാനത്താവളത്തിലേക്ക് പോകാത്തത്. ബിജെപിയുടെ തീരുമാനം കൂടിയാണ് ഇത്.
ഓവര്‍ ബ്രിഡ്ജ് മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെ നീളുന്ന വന്‍ റോഡ് ഷോയും തുടര്‍ന്ന് ബിജെപിയുടെ പൊതുസമ്മേളനവും നടക്കും. ഇതിന് മുന്നോടിയായി നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ഒരു പ്രമുഖ നേതാവ് ഇന്ന് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ സന്ദര്‍ശനത്തിന് രാഷ്ട്രീയമായി വലിയ പ്രാധാന്യമാണുള്ളത്. ഇതും രാജേഷിന്റെ വിട്ടു നില്‍ക്കലിന് കാരണമായി എന്നാണ് വിലയിരുത്തല്‍.
