ഇപ്പോഴത്തെ ഇഡി നടപടി ക്രൈംബ്രാഞ്ച് 2019 ല്‍ എടുത്ത കേസിന്റെ അടിസ്ഥാനത്തില്‍ ഉന്നത സമ്മര്‍ദ്ദങ്ങളുടെ ഭാഗമായാകാം; ഇ ഡി ഉത്തരവ് റദ്ദാക്കാനുള്ള ഉത്തരവ് റദ്ദാക്കാനുളള നടപടികള്‍ തുടങ്ങിയിട്ടുണ്ട്; യുഎന്‍എയുടെ 1. 44 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയതില്‍ വിശദീകരണവുമായി ജാസ്മിന്‍ ഷാ
ഇപ്പോഴത്തെ ഇഡി നടപടി ക്രൈംബ്രാഞ്ച് 2019 ല്‍ എടുത്ത കേസിന്റെ അടിസ്ഥാനത്തില്‍ ഉന്നത സമ്മര്‍ദ്ദങ്ങളുടെ ഭാഗമായാകാം
കൊച്ചി: നഴ്‌സിംഗ് സംഘടനാ നേതാവ് ജാസ്മിന്‍ ഷായുടെയും സംഘടനാ അംഗങ്ങളുടെയും 1.44 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയത് കഴിഞ്ഞ ദിവസമാണ്. യുഎന്‍എ പ്രസിഡന്റായിരുന്ന കാലത്തെ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് ഇഡിയുടെ നടപടി. നേത്തെ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇഡിയും നടപടി കൈക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ ഇഡി നടപടിയില്‍ വിശദീകരണവുമായി ജാസ്മിന്‍ ഷാ രംഗത്തുവന്നു.
ഇഡി അറ്റാച്ച് ചെയ്തിരിക്കുന്നത് ഏതൊക്കെ വസ്തുക്കളാണ് എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. 2022 ല്‍ താന്‍ വാങ്ങിയ തന്റെ പേരിലുളള 63 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയവയില്‍ ഒന്ന്. ഭാര്യ ഷബ്‌നയുടെ പേരിലുളള പുരയിടത്തിനായചി 18 ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. ഇത് കൂടാതെ ജാസ്മിന്‍ ഷായുടെ പേരില്‍ രണ്ട് ഫിക്‌സഡ് ഡെപ്പോസിറ്റുകളും ഭാര്യുടെ സമ്പാദ്യമായി രണ്ട് ഫിക്‌സഡ് ഡിപ്പോസിറ്റുകളുമാണ് അറ്റാച്ച് ചെയ്തിരിക്കുന്നത്. 2018, 2023 ല്‍ ബിബിന്‍ എന്‍ പോളിന്റെ പേരിലുളള രണ്ട് വസ്തുവകകളും, 2019 ല്‍ ഷോബി ജോസഫിന്റെ പേരിലുള്ള ഒരു വസ്തുവഹകളുമാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
ക്രൈംബ്രാഞ്ച് 2019 ല്‍ എടുത്ത കേസിന്റെ അടിസ്ഥാനത്തില്‍ ഉന്നത സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി എടുത്ത നടപടിയാകാം ഇപ്പോഴത്തെ നടപടി എന്നാണ് ജാസ്മിന്‍ ഷാ വിശദീകരിക്കുന്നത്. ഉത്തരവ് റദ്ദാക്കാനുളള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 2017-2019ലെ കേസിന് ഇപ്പോഴത്തെ വസ്തുവകകള്‍ എന്തിനാണ് അറ്റാച്ച് ചെയ്യപ്പെട്ടിരിക്കുന്നത് എന്നു ജാസ്മിന്‍ ചോദിക്കുന്നു.
തന്റെ വരുമാനത്തെ കുറിച്ച് ചോദിച്ച് ആശങ്കപ്പെടുന്നവരോട് 2 ലക്ഷം രൂപ മാസ ശബളം 2020 മുതല്‍ ശബളമായി എനിക്ക് ലഭിക്കുന്നുണ്ടെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. ടിഡിഎസും ഇന്‍കം ടാക്‌സ് റിട്ടേണും യഥാ സമയം ഫയല്‍ ചെയ്യുന്നുണ്ടെന്നും ജാസ്മിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ജാസ്മിന്‍ ഷായുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇതാണ് ED അറ്റാച്ച് ചെയ്തിരിക്കുന്ന വിശദാംശങ്ങള്‍, നിങ്ങളുമായി പങ്കുവെക്കുന്നു...
2022 ല്‍ ഞാന്‍ വാങ്ങിയ എന്റെ പേരിലുള്ള വീട്.63 ലക്ഷം രൂപയാണ് ED അതില്‍ കാണിച്ചിട്ടുളള വില.
2024 എന്റെ ഭാര്യയായ ഷബ്‌നയുടെ പേരിലുളള പുരയിടം.18 ലക്ഷം രൂപയാണ് ED അതിന്റെ വിലയായി കാണിച്ചിട്ടുള്ളത്.
എന്റെ പേരിലുളള 2ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍, ഭാര്യയുടെ പേരില്‍ അവളുടെ സമ്പാദ്യമായി NRE അക്കൗണ്ടില്‍ ഉള്ള രണ്ട് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍.
2018, 2023 ല്‍ ബിബിന്‍ എന്‍ പോളിന്റെ പേരിലുളള രണ്ട് വസ്തുവകകളും, 2019 ല്‍ ഷോബി ജോസഫിന്റെ പേരിലുള്ള ഒരു വസ്തുവകയും. എല്ലാവരും താമസിക്കുന്ന വീട് ഉള്‍ക്കൊള്ളുന്ന സ്ഥലങ്ങള്‍.
ഇതെല്ലാം കൂടി ആകെ തുകയായി കാണിച്ചിട്ടുള്ളത് 14425239 രൂപയാണ്.
ക്രൈംബ്രാഞ്ച് 2019 ല്‍ എടുത്ത കേസിന്റെ അടിസ്ഥാനത്തില്‍ ഉന്നത സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി എടുത്ത നടപടിയാകാം ഇതെന്നാണ് അഭിഭാഷകര്‍ പറയുന്നത്.ഈ ഉത്തരവ് റദ്ദാക്കാനുളള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.2017-2019ലെ കേസിന് ഇപ്പോഴത്തെ വസ്തുവകകള്‍ എന്തിനാണ് അറ്റാച്ച് ചെയ്യപ്പെട്ടിരിക്കുന്നത്, ബാങ്ക് അക്കൗണ്ടുകള്‍ ഫ്രോസന്‍ ചെയ്യപ്പെട്ടിരിക്കുന്നത് എന്നുളളതും, ക്രൈംബ്രാഞ്ച് കേസില്‍ സാമ്പത്തിക ക്രമക്കേട് കേസില്‍ എടുത്ത വകുപ്പ് കോടതി എടുത്ത് കളയുകയും ,ഗൂഢാലോചന അടക്കമുളള മറ്റു വകുപ്പുകള്‍ എടുത്ത് കളഞ്ഞ് കേസ് റദ്ദാക്കാനുള്ള നടപടി CJM കോടതിയില്‍ പുരോഗമിക്കുകയാണ്. 18-04.2026 നാണ് കേസ് ഇനി പരിഗണിക്കുന്നത്. അതിനിടയില്‍ പൊടുന്നനെയുളള ED നടപടി അപ്രതീക്ഷിതമായിരുന്നു.
താമസസ്ഥലങ്ങള്‍ ആയത് കൊണ്ട് വില്‍ക്കാന്‍ ഉദ്ദേശമുളള സ്ഥലങ്ങള്‍ അല്ലാത്തതിനാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്നറിയുന്നു. ഞാനും എന്റെ സഹപ്രവര്‍ത്തകരുമെല്ലാം ക്രിത്യമായി ബാങ്ക് ലോണുകളും, ക്രിത്യമായ സോഴ്‌സും ഉള്ളതിനാല്‍ ഒരു ഭയാശങ്കയും ഈ വിഷയത്തില്‍ ഞങ്ങള്‍ക്കില്ല. നിയമപരമായി ഒരു 6 മാസം പോരാടേണ്ടി വരുമെന്ന് മാത്രം.
എന്റെ വരുമാനത്തെ കുറിച്ച് ചോദിച്ച് ആശങ്കപ്പെടുന്നവരോട് 2 ലക്ഷം രൂപ മാസ ശബളം 2020 മുതല്‍ ശബളമായി എനിക്ക് ലഭിക്കുന്നുണ്ട്. ജനതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍, അക്കാദമി വിഭാഗത്തില്‍ CEO ആയി ജോലി ചെയ്യുന്നു.TDS ഉം ഇന്‍കം ടാക്‌സ് റിട്ടേണും യഥാ സമയം ഫയല്‍ ചെയ്യുന്നുണ്ട്. അതിനാല്‍ വിമര്‍ശകര്‍ ഭയപ്പെടേണ്ടതില്ല. വാര്‍ത്തകള്‍ കോടികളുടേത് വരുന്നുണ്ടല്ലോ എന്ന് ചോദിക്കുന്നവരോട്, അത് കേള്‍ക്കാന്‍ എനിക്കിഷ്ടമുള്ള കാര്യമാണ് എന്നതും, വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നുമാണ് എനിക്ക് ചോദിക്കാനുള്ളത്.
സമരം നടക്കുന്ന എല്ലാ വേളകളിലും ഇത്തരം വാര്‍ത്തകര്‍ എന്നെ സെലിബ്രേറ്റി ആക്കാറുണ്ട്. അത് കൊണ്ടൊന്നും തളരുന്ന, പുറകോട്ട് പോകുന്നയാളല്ല എന്ന് എന്നെ അറിയാവുന്നവര്‍ക്കറിയാം. 15 വര്‍ഷത്തെ എന്റെ സംഘടനാ പ്രവര്‍ത്തന കാലഘട്ടത്തില്‍ ഇത്തരം ആരോപണങ്ങള്‍ എന്നെ ഏറെ കരുത്തനാക്കിയിട്ടുണ്ട്. ചിലപ്പോള്‍ ഈ സമരം മൂലം എന്റെ ഉളള വരുമാനം കൂടി നിലച്ചേക്കാം, പക്ഷേ ഒരടി പിന്നോട്ട് ഉണ്ടാകില്ല എന്ന് മാത്രം ഓര്‍മിപ്പിക്കുന്നു.
NB :ഇനി ഈ വിശദാംശങ്ങള്‍ പലരുടെയും കണ്ടെത്തലുകള്‍ എന്ന് പറഞ്ഞു പറക്കട്ടെ. ഒരു അപേക്ഷ പലരും എന്റെ പഴയ ഫോട്ടോകളാണ് ഉപയോഗിക്കുന്നത്, പുതിയത് ഉപയോഗിക്കുക.
സ്‌നേഹപൂര്‍വ്വം
