നഗരസഭാ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി തിരുവനന്തപുരത്ത്: വന്‍ വികസന പദ്ധതികളും റോഡ് ഷോയും; കേരളത്തിലെ ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് കൂടുമാറുമെന്നും അഭ്യൂഹം; 2 മണിക്കൂര്‍ വിസ്മയത്തിന് മോദി എത്തുന്നു
തിരുവനന്തപുരം നഗരസഭാ ഭരണം ചരിത്രത്തിലാദ്യമായി ബിജെപി സ്വന്തമാക്കിയതിന്റെ ആവേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തലസ്ഥാനത്തെത്തും. ഭരണം ലഭിച്ചാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ നഗരത്തിലെത്തിക്കുമെന്ന ബിജെപി നേതൃത്വത്തിന്റെ വാഗ്ദാനം പാലിക്കപ്പെടുന്ന സന്ദര്‍ശനമാണിത്.
മേയര്‍ വി.വി. രാജേഷ് അധികാരമേറ്റ് 27-ാം ദിവസമാണ് ഈ സന്ദര്‍ശനം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ചരിത്രത്തിലാദ്യമായി ബിജെപിയില്‍ നിന്നുള്ള ഒരു മേയര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ചടങ്ങായി ഇത് മാറും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കൃത്യമായ രാഷ്ട്രീയ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്.
തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള സമഗ്ര വികസന രേഖ മേയര്‍ വി.വി. രാജേഷ് പ്രധാനമന്ത്രിക്ക് കൈമാറും. വിവിധ ഇന്ത്യന്‍ നഗരങ്ങളിലെ വിജയകരമായ വികസന മാതൃകകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ പദ്ധതിയിലൂടെ നിലവിലെ സംവിധാനങ്ങളെ കൂടുതല്‍ ഫലപ്രദമായി മാറ്റാനാണ് ബിജെപി ഭരണസമിതി ലക്ഷ്യമിടുന്നത്.
ഇതിനുപുറമെ, സംസ്ഥാനത്തിന് അനുവദിച്ച നാല് പുതിയ ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി ഈ ചടങ്ങില്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം - താമ്പരം അമൃത് ഭാരത്, തിരുവനന്തപുരം - ഹൈദരാബാദ് അമൃത് ഭാരത്, നാഗര്‍കോവില്‍ - മംഗളൂരു അമൃത് ഭാരത് എന്നീ ട്രെയിനുകള്‍ക്ക് പുറമെ ഗുരുവായൂര്‍ - തൃശ്ശൂര്‍ പാസഞ്ചര്‍ ട്രെയിനും അദ്ദേഹം നാടിന് സമര്‍പ്പിക്കും. ഏതാണ്ട് രണ്ടു മണിക്കൂര്‍ മാത്രമാണ് മോദി തിരുവനന്തപുരത്തുണ്ടാകുക.
പുത്തരിക്കണ്ടം മൈതാനത്താണ് ബിജെപിയുടെ മഹാസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി ഓവര്‍ ബ്രിഡ്ജില്‍ നിന്ന് പുത്തരിക്കണ്ടത്തേക്ക് പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും. കേരളത്തിന്റെ വികസന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സജീവമായി ഒപ്പമുണ്ടാകുമെന്ന രാഷ്ട്രീയ സന്ദേശം നല്‍കാനാണ് പാര്‍ട്ടി പരിപാടികള്‍ക്കൊപ്പം റെയില്‍വേയുടെ ഔദ്യോഗിക പരിപാടികളും ഈ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ ഒരു പ്രമുഖന്‍ ബിജെപിയില്‍ ചേരുമെന്നും അഭ്യൂഹമുണ്ട്. ഇതിനുള്ള ചര്‍ച്ചകള്‍ രഹസ്യമായി പുരോഗമിക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം 20-20 എന്ന കിഴക്കമ്പലത്തെ പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമായി. 20-20 നേതൃത്വവും മോദിയുമായി വേദി പങ്കിടും. കേരളത്തില്‍ ബിജെപി രാഷ്ട്രീയത്തിന് വേരുറപ്പിക്കാനുള്ള മിഷന്‍ കേരളയ്ക്കും മോദി തുടക്കമിടും.
