ശബരിമല സ്വര്‍ണപ്പാളി മോഷണം: തന്ത്രി കണ്ഠര് രാജീവര്‍ വീണ്ടും ചോദ്യംചെയ്യലില്‍; സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത; പതിമൂന്നാം പ്രതിയായ തന്ത്രിയെ കൂടുതല്‍ കേസുകളില്‍ കുടുക്കാന്‍ പോലീസ്; വാജി വാഹന ഇടപാടും അന്വേഷണ പരിധിയില്‍

Update: 2026-01-23 04:00 GMT

കൊല്ലം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി മോഷണക്കേസില്‍ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷകസംഘം വീണ്ടും ചോദ്യംചെയ്തുവെങ്കിലും കാര്യമായൊന്നും ലഭിച്ചില്ലെന്ന് സൂചന. ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വ്യാഴം രാവിലെ മുതല്‍ വൈകിട്ടുവരെ കൊല്ലം പൊലീസ് ക്ലബ്ബിലായിരുന്നു ചോദ്യംചെയ്യല്‍.

ഇനി കൂടുതല്‍പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. കൂടുതല്‍ വ്യക്തതയ്ക്കായി തന്ത്രിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യംചെയ്യാനും ശ്രമിക്കുന്നുണ്ട്. തന്ത്രിയുമായി ഉറ്റബന്ധമുള്ള മറ്റ് രണ്ടുപേര്‍കൂടി നിരീക്ഷണത്തിലാണ്. ഇവരെയും ഉടന്‍ ചോദ്യംചെയ്യും. ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും മോഷ്ടിച്ച കേസില്‍ പതിമൂന്നാം പ്രതിയായ തന്ത്രിയെ വാജി വാഹനം കൈവശപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കൂടുതല്‍ കേസുകളില്‍ പ്രതിചേര്‍ക്കാനാണ് നീക്കം. എന്നാല്‍ പരസ്യമായി കൈമാറിയ വാജി വാഹനത്തില്‍ കേസെടുക്കല്‍ അസാധ്യമാണ്.

തന്ത്രിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി 28ന് പരിഗണിക്കും. രണ്ടാംപ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. സ്വര്‍ണാപഹരണവുമായി ബന്ധപ്പെട്ട രണ്ടുകേസിലായി മുരാരി ബാബുവിനെ ഒക്ടോബര്‍ 22നാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച 90 ദിവസം പൂര്‍ത്തിയായതിനാലാണ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. പക്ഷേ അത് പ്രത്യേക സാഹചര്യത്തില്‍ അനുവദിക്കാന്‍ ഇടയില്ല. അതിനിടെ അന്വേഷണ സംഘം ഒന്നാം ഘട്ട കുറ്റപത്രം നല്‍കാത്തതും സംശയമാകുന്നുണ്ട്. പ്രതികള്‍ക്ക് ജാമ്യം കിട്ടാനുള്ള തന്ത്രമായി ഇതിനെ വിലയിരുത്തുന്നവരുണ്ട്.

'ഭക്തനെന്ന് അവകാശപ്പെട്ടുകൊണ്ട് ദൈവത്തെ കൊള്ളയടിച്ചിരിക്കുന്നു'-ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍.വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ നിമിഷങ്ങള്‍ക്കുള്ളില്‍ തള്ളിക്കൊണ്ട് സുപ്രീംകോടതി നിലപാട് കടുപ്പിച്ചതും ഇനി നിര്‍ണ്ണായകമാകും. സ്വര്‍ണക്കൊള്ള നടന്ന കാലയളവില്‍ വാസു ദേവസ്വം കമ്മിഷണര്‍ എന്ന സുപ്രധാന ചുമതലയിലായിരുന്നു. സ്വര്‍ണപ്പാളികളില്‍ വീണ്ടും സ്വര്‍ണം പൂശുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശനമുന്നയിച്ചത്.

ദൈവത്തെ പോലും വെറുതെ വിടുന്നില്ലെന്ന് 5ന് വിമര്‍ശിച്ചിരുന്നു.ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കാന്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് അന്ന് നിലപാട് വ്യക്തമാക്കിയത്.വാസു 72 ദിവസത്തിലധികമായി ജയിലിലാണെന്ന് അഭിഭാഷകന്‍ ബോധിപ്പിച്ചു. 75 വയസ് പിന്നിട്ടു. ആരോഗ്യസ്ഥിതി പരിഗണിക്കണം. ഗൂഢാലോചനയില്‍ പങ്കില്ല. എസ്.ഐ.ടിയുടെ അന്വേഷണവുമായി സഹകരിച്ചു. തെളിവെടുപ്പ് പൂര്‍ത്തിയായി. തിരുവാഭരണം കമ്മിഷണര്‍ ആയിരുന്നില്ല. അതിനാല്‍ സ്വര്‍ണം പൂശലുമായി ബന്ധമില്ലെന്നാണ് അഭിഭാഷകന്‍ വാദിച്ചത്.

ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളി.സ്വര്‍ണപാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ ദേവസ്വം കമ്മിഷണറായിരുന്ന എന്‍.വാസു നിര്‍ദ്ദേശം നല്‍കിയെന്നാണ് ആരോപണം. അതിനിടെ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എസ്.ഐ.ടി വിശദമായ അന്വേഷണം തുടങ്ങി. കൂടിക്കാഴ്ചകളെക്കുറിച്ചും അന്വേഷണമുണ്ട്. നേരത്തേ കടകംപള്ളിയെ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് വിലയിരുത്തല്‍. കടകംപള്ളിക്ക് അടക്കം ഉപഹാരങ്ങള്‍ നല്‍കിയതായി പോറ്റി വെളിപ്പെടുത്തിയിരുന്നു.

Tags:    

Similar News