വിവാഹ ദിവസം പേര് വായിച്ചപ്പോൾ ചടങ്ങിനെത്തിയവർ ഷാംപെയ്ന്‍ ഗ്ലാസുകളുമായി തേരാപാരാ നടന്നു; 2,253 വാക്കുകളുള്ള പേര് മുഴുവൻ പറഞ്ഞ് തീർക്കാൻ വേണ്ടത് 20 മിനിറ്റ്; ലോറൻസ് വാറ്റ്കിൻസിന്റെ പേര് ഗിന്നസ് വേൾഡ് റെക്കോർഡിലെത്തിയത് ഇങ്ങനെ
വെല്ലിംഗ്ടൺ: ഒരു വ്യക്തിയുടെ പേര് കേൾക്കുമ്പോൾ സാധാരണയായി അത് ഓർമ്മിക്കാനും വീണ്ടും പറയുവാനും എളുപ്പമായിരിക്കും. എന്നാൽ, ന്യൂസിലൻഡ് സ്വദേശിയായ ലോറൻസ് വാറ്റ്കിൻസിന് ഇത് അങ്ങനെയല്ല. അദ്ദേഹത്തിന്റെ മുഴുവൻ പേരും പറഞ്ഞ് തീർക്കാൻ ഏകദേശം 20 മിനിറ്റ് സമയം ആവശ്യമായി വരും. 2,253 വാക്കുകൾ ചേർന്ന ഈ നീണ്ട പേരാണ് അദ്ദേഹത്തെ ഗിന്നസ് വേൾഡ് റെക്കോർഡിൽ എത്തിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളമുള്ള ക്രിസ്ത്യൻ നാമം എന്ന ബഹുമതിയാണ് വാറ്റ്കിൻസ് കരസ്ഥമാക്കിയിരിക്കുന്നത്.
1992-ലാണ് ലോറൻസ് വാറ്റ്കിൻസിന്റെ ഈ നീണ്ട പേരിന് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിക്കുന്നത്. ഒരു ടെലിവിഷൻ പരിപാടിയിൽ നിന്നാണ് വാറ്റ്കിൻസിന് ഗിന്നസ് റെക്കോർഡിൽ ഇടം നേടാനുള്ള പ്രചോദനം ലഭിച്ചത്. അസാധാരണമായ കഴിവുകളുള്ളവരെ പരിചയപ്പെടുത്തുന്ന പരിപാടികൾ കണ്ടിരുന്ന വാറ്റ്കിൻസിന്, സാധാരണക്കാരനായ തനിക്ക് എങ്ങനെ ലോക റെക്കോർഡിൽ എത്താൻ കഴിയുമെന്ന ചിന്തയുണ്ടായി. പിന്നീട്, തന്റെ പേരിലൂടെ ഈ നേട്ടം കൈവരിക്കാമെന്ന് അദ്ദേഹം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി, സ്വന്തം പേരിനോടൊപ്പം വിവിധ ദേശങ്ങളിലെയും ഭാഷകളിലെയും പേരുകൾ കൂട്ടിച്ചേർക്കാൻ തുടങ്ങി.
This is Laurence Watkins from New Zealand.
— Guinness World Records (@GWR) October 7, 2025
Well, it used to be, until he changed his name via Deed Poll in 1990.
His official name now includes 2,253 words and he now holds the record for the longest personal name. pic.twitter.com/ZiaOoe2OLr
വാറ്റ്കിൻസിന്റെ ജീവിതത്തിലെ ഒരു നിർണായക നിമിഷം 1991-ൽ നടന്ന അദ്ദേഹത്തിന്റെ ആദ്യ വിവാഹമായിരുന്നു. അന്ന് ആദ്യമായി തന്റെ മുഴുവൻ പേരും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അതിനായി, പേര് പറഞ്ഞ് റെക്കോർഡ് ചെയ്യുകയും, വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് ആ റെക്കോർഡ് കേൾപ്പിക്കുകയും ചെയ്തു. വാറ്റ്കിൻസ് "സമ്മതമാണ്" എന്ന് പറയുന്നതുവരെ അതിഥികൾക്ക് കാത്തുനിൽക്കേണ്ടി വന്നു. അത് തീരുന്നതുവരെ ചടങ്ങിനെത്തിയ അതിഥികള്‍ ഷാംപെയ്ന്‍ ഗ്ലാസുകളുമായി വിവാഹവേദിയില്‍ തേരാപാരാ നടക്കുകയായിരുന്നു.