പ്രസ് ക്ലബ്ബിലെ മാംഗല്യം നടത്തിയത് വിഎസ്; ദേശാഭിമാനി പത്രത്തിലും 24 വര്‍ഷം കൈരളി ന്യൂസ് ചാനലിലും ആയി കാല്‍നൂറ്റാണ്ടിന്റെ മാധ്യമപ്രവര്‍ത്തനം; ഇനി സംഘ കുടുംബത്തിലേക്ക്; ജനം ടിവിയിലേക്കുള്ള നീലിമയുടെ കൂടുമാറ്റം ചര്‍ച്ചയാക്കി ആര്‍ എസ് എസിന്റെ മുതിര്‍ന്ന പ്രചാരകന്‍; കേരളം മാറ്റത്തിന്റെ പാതയിലെന്ന് ജയകുമാര്‍
തിരുവനന്തപുരം: കൈരളിയില്‍ നിന്നും ജനം ടിവിയിലേക്ക്. കൈരളി ടീവിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ നീലിമയുടെ ചാനല്‍ മാറ്റവും ചര്‍ച്ചകളില്‍. കൈരളി ടിവി തുടങ്ങിയതു മുതല്‍ ചാനലിന്റെ ഭാഗമായിരുന്ന നീലിമയാണ് ജനത്തിലേക്ക് മാറുന്നത്. ആര്‍ എസ് എസ് അനുകൂല ചാനലിലേക്കുള്ള നീലിമയുടെ വരവിനെ ദേശീയതയുടേയും നമ്മുടെ സംസ്‌കാരത്തിന്റെയും കാവലും കരുത്തുമായ ജനം ചാനലിന്റെ ഭാഗമെന്നാണ് മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് എ ജയകുമാര്‍ വിശേഷിപ്പിക്കുന്നത്. നമ്മുടെ സംഘ കുടുംബത്തിലെ അംഗമാവുകയാണെന്നാണ് ജയകുമാറിന്റെ പ്രഖ്യാപനം.
കൈരളി ടിവിയിലെ സീനയിര്‍ ന്യൂസ് എഡിറ്ററായിരുന്നു നീലിമ. കൈരളിയിലെ ആദ്യ ബാച്ചിലെ ബഹു ഭൂരിഭാഗവും കൈരളി വിട്ട് മറ്റ് ചാനലുകളിലേക്ക് ചേക്കേറിയപ്പോഴും സിപിഎം ചാനലില്‍ ഇടതുപക്ഷ നിലപാടുകളുമായി നിലയുറപ്പിച്ച മാധ്യമ പ്രവര്‍ത്തകയാണ് നീലിമ. മിക്കവാറും മുന്‍നിര ചാനലുകളിലെ തലപ്പത്തുള്ളതും നീലിമയുടെ സഹയാത്രികരാണ്. കൈരളിയില്‍ നിന്നും പല പ്രമുഖരും മാറുമ്പോഴും നീലിമ മാത്രം അവിടെ തുടര്‍ന്നു.
കൈരളി ടിവിയിലെ ന്യൂസ് വ്യൂസ് അവതാരകയായും ശ്രദ്ധേയമായിരുന്നു. രണ്ടാഴ്ച മുമ്പാണ് കൈരളിയില്‍ നിന്നും രാജി നല്‍കിയത്. ഇതിന് പിന്നാലെ ജനം ടിവിയിലേക്ക് ചേക്കേറുകയും ചെയ്തു. കേരളത്തിലെ അറിയപ്പെടുന്ന മാധ്യമ ഫോട്ടാഗ്രാഫറായ അനില്‍ ഭാസ്‌കറാണ് നീലിമയുടെ ഭര്‍ത്താവ്. ഇവരുടെ വിവാഹം നടത്തിയത് വിഎസ് അച്യുതാനന്ദനാണ്. പ്രസ് ക്ലബ്ബില്‍ ലളിതമായ ചടങ്ങുകളോടെ നടന്ന ആ വിവാഹം ഏറെ ശ്രദ്ധേയമായിരുന്നു. സിപിഎമ്മുമായി അടുത്തു നിന്ന മാധ്യമ പ്രവര്‍ത്തകയാണ് നീലിമ. അനില്‍ ഭാസ്‌കര്‍ ദീപികയിലും.
ഉപതിരഞ്ഞെടുപ്പ് കാലത്ത് ആര്‍ എസ് എസ് ഏറെ പ്രധാന്യത്തോടെയാണ് ജനം ടിവിയിലേക്കുള്ള നീലിമയുടെ വരവിനെ കാണുന്നത്. ഇതു കൊണ്ട് കൂടിയാണ് കേരളത്തിലെ മുതിര്‍ന്ന ആര്‍ എസ് എസ് പ്രചാരകന്‍ തന്നെ ഇക്കാര്യം ഫെയ്‌സ് ബുക്കിലൂടെ അറിയിക്കുന്നത്. പ്രദീപ് പിള്ളയാണ് ജനം ടിവിയുടെ എഡിറ്റര്‍. മനോരമയില്‍ തുടങ്ങിയ പ്രദീപ് പിള്ള ദേശീയ മാധ്യമങ്ങളില്‍ അടക്കം പ്രചരിപ്പിച്ചു. മനോരമ ന്യൂസില്‍ നിന്നും വീണാ പ്രസാദും അടുത്ത കാലത്ത് ജനം ടിവിയുടെ ഭാഗമായി. ഇതിന് പിന്നാലെയാണ് നീലിമയും വരുന്നത്. എന്നാല്‍ കൈരളിയില്‍ നിന്നെത്തുന്ന നീലിമയുടെ ഇടതു പാരമ്പര്യം ആര്‍ എസ് എസ് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിധേയമാക്കും.
ആര്‍ എസ് എസ് ചാനലെന്ന് പറയുന്ന ജനം ടിവിയിലെ ജീവനക്കാരില്‍ ബഹുഭൂരിഭാഗവും പരിവാറുകാരാണ്. എന്നാല്‍ ഒരു നേതാവും ജീവനക്കാരെ സംഘ കുടുംബമെന്ന് പരസ്യമായി വിശേഷിപ്പിട്ടില്ല. എന്നാല്‍ നീലിമയുടെ വരവിനെ സംഘ കുടുംബത്തിലേക്കുള്ള മാധ്യമ പ്രവര്‍ത്തകയുടെ വരവായി കാണുകയാണ് ജയകുമാര്‍. ദക്ഷിണേന്ത്യയിലെ സുപ്രധാന ചുമതലയിലുള്ള ജയകുമാറിന്റെ പോസ്റ്റിലൂടെ തന്നെ ആര്‍ എസ് എസ് ഇടപെടലാണ് നീലിമയുടെ ജനം ടിവിയിലെ വരവിന് പിന്നിലെന്ന് വ്യക്തമാകുകയാണ്.
ആര്‍ എസ് എസ് നേതാവ് എ ജയകുമാറിന്റെ പോസ്റ്റ് ചുവടെ
ശ്രീമതി നീലിമ.. ഒരു വര്‍ഷം ദേശാഭിമാനി പത്രത്തിലും, 24 വര്‍ഷം കൈരളി ന്യൂസ് ചാനലിലും ആയി കാല്‍നൂറ്റാണ്ടിന്റെ മാധ്യമപ്രവര്‍ത്തനം. കൈരളിയുടെ എഡിറ്റോറിയല്‍ debate കളിലെ നിറസാന്നിധ്യമായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയവും ഇടതുപക്ഷ രാഷ്ട്രീയവും നാടിനും സമൂഹത്തിനും ഒരു ഗുണവും ചെയ്യില്ല എന്ന ഉറച്ച വിശ്വാസത്തില്‍ കൈരളിയുടെ പടിയിറങ്ങുകയാണ് നീലിമ ഇന്ന്.
നീലിമ ദേശീയതയുടേയും നമ്മുടെ സംസ്‌കാരത്തിന്റെയും കാവലും കരുത്തുമായ ജനം ചാനലിന്റെ Input എഡിറ്ററായി, നമ്മുടെ സംഘ കുടുംബത്തിലെ അംഗമാവുകയാണ്. നമ്മുടെ എല്ലാപേരുടെയും ആശീര്‍വാദങ്ങളും അനുഗ്രഹവും ഉണ്ടാകണം. സമസ്ത മേഖലകളിലും കേരളം ഒരു മാറ്റത്തിനായി തയ്യാറാവുകയാണ്. കരുതലോടെ സംയമനത്തോടെ മാറുന്ന സമൂഹത്തെ ഉള്‍ക്കൊള്ളുവാന്‍ വേണ്ട വിശാലതയും ദീര്‍ഘവീക്ഷണവും നമുക്കുണ്ടാകണം.