ഗാസ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികം അടുത്തെത്തവെ ഹമാസ് ഭീകരരെ തേടി ഇസ്രായേല്‍ ബോംബുകള്‍ ഖത്തര്‍ തലസ്ഥാനത്ത്; ഇസ്രായേല്‍ നോട്ടമിട്ട ഹമാസ് തലവരില്‍ പ്രമുഖനായ ഖാലെദ് മാഷാല്‍ ബ്രിട്ടന്റെ റെഡ് ലിസ്റ്റില്‍; മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിനുമായി ബന്ധമെന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നത് 2018ല്‍; ഗാസ ആക്രമണ ശേഷം ഖാലെദ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത് മലപ്പുറത്തെ റാലിയില്‍

ഹമാസ് ഭീകരരെ തേടി ഇസ്രായേല്‍ ബോംബുകള്‍ ഖത്തര്‍ തലസ്ഥാനത്ത്

Update: 2025-09-10 05:14 GMT

ലണ്ടന്‍: തികച്ചും അപ്രതീക്ഷിതമായി ഇന്നലെ ഇസ്രായേല്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് നടത്തിയ ബോംബിംഗില്‍ ലോകം ഞെട്ടിയിരിക്കുകയാണ്. എന്നാല്‍ അമേരിക്കയുടെ അറിവോടെയാണ് ഈ ആക്രമണം എന്ന വിവരം പുറത്തു വരുന്നതോടെ ഖത്തര്‍ പ്രതിസന്ധിയിലായി. സ്വന്തം മണ്ണില്‍ എത്തിയ ഇസ്രായേല്‍ ആക്രമണത്തിന് പ്രത്യാക്രമണം നല്‍കിയ ഹമാസിന് നല്‍കുന്ന രഹസ്യ പിന്തുണയ്ക്ക് മറനീക്കിയ തെളിവായി അത് മാറുകയും ആക്രമിക്കാതിരുന്നാല്‍ ലോകത്തിനു മുന്നില്‍ സ്വയം പ്രതിരോധ ശേഷിയില്ലാത്ത സമ്പന്ന രാജ്യം എന്ന വിളിപ്പേര് കേള്‍ക്കുകയും ചെയ്യും എന്ന ഇരട്ട പ്രതിസന്ധിയാണ് ഖത്തര്‍ നേരിടുന്നത്. അതേസമയം ഖത്തര്‍ പ്രതികരിക്കാനിറങ്ങിയാല്‍ ആക്രമണം കനക്കുമെന്നും പടിഞ്ഞാറന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും നേര്‍ക്ക് നേര്‍ നില്‍ക്കുന്ന സാഹചര്യം ഉരുത്തിരിയുമെന്നാണ് യുദ്ധ വിദഗ്ധര്‍ കണക്കാക്കുന്നത്. ഖത്തര്‍ ആക്രമിക്കപെട്ടതോടെ ഇന്നലെ തന്നെ യുഎഇ അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ഖത്തറിനെ തേടി എത്തിയതും ശ്രദ്ധേയമാണ്.


ഇന്നലെ ഇസ്രായേല്‍ ലക്ഷ്യം വച്ച നാലു പ്രധാന ഭീകരരില്‍ ഖാലെദ് മിഷേല്‍ അടക്കം ഉള്ളവര്‍ ബ്രിട്ടന്റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭീകരര്‍ ആന്നെന്ന വിവരവും പുറത്തു വരുന്നുണ്ട്. എന്നാല്‍ ഇതേ ഭീകരരുമായി മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട് എന്ന് ലേബര്‍ പാര്‍ട്ടിയിലെ ഇസ്രായേല്‍ അനുകൂലികള്‍ 2018ല്‍ തന്നെ രഹസ്യ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

ഹമാസ് വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ ജെറമി കോര്‍ബിന്‍ ഇപ്പോള്‍ കവന്‍ട്രിയില്‍ നിന്നും ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക് ജയിച്ചു യുവ നേതാവായ സാറ സുല്‍ത്താനയുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമത്തില്‍ ഏറെ മുന്നോട്ടു പോയിരിക്കുകയാണ്. യഥാര്‍ത്ഥ ഇടതുപക്ഷ മോഡല്‍ ആണ് തങ്ങളുടെ ലക്ഷ്യമെന്ന് ജെരെമിയും സാറ സുല്‍ത്താനയും പലവട്ടം വ്യക്തമാക്കിയിരുന്നു.ഭരണം പിടിക്കുന്നതിന്റെയും കിട്ടിയ ഭരണം നിലനിര്‍ത്തുന്നതിന്റെയും സൂത്ര വാക്യമായി കേരളത്തില്‍ സിപിഎം ഇസ്ലാമിക പ്രീണനം നടത്തി എന്ന ആരോപണം നിലനില്‍ക്കെയാണ് അതിന്റെ പ്രായോഗിക സാധ്യത ബ്രിട്ടനില്‍ ജെറമി കോര്‍ബിനും സാറ സുല്‍ത്താനയും ചേര്‍ന്ന് ലക്ഷ്യം വയ്ക്കുന്നതെന്നു വ്യക്തം.

ഇസ്രയേല്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്ന ഖാലിദ് മിഷേല്‍ 2023ലെ ഗാസ ആക്രമണ ശേഷം കേരളത്തില്‍ മലപ്പുറത്ത് ഹമാസ് അനുകൂലികളായി അറിയപ്പെട്ട ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗം ഒക്ടോബര്‍ 27നു നടത്തിയ പലസ്തീന്‍ അനുകൂല റാലിയില്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത് അന്ന് തന്നെ മാധ്യമ വാര്‍ത്തകളായിരുന്നു. അന്നത്തെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഇക്കാര്യത്തില്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും മറ്റു പാര്‍ട്ടി നേതാക്കള്‍ ഹമാസ് അനുകൂല മനസോടെയാണ് ഈ വിഷയത്തെ സമീപിച്ചത്. ഹമാസ് ഇന്ത്യയില്‍ നിരോധിത സംഘടനാ അല്ലെന്നാണ് മലപ്പുറത്ത് റാലി സംഘടിപ്പിച്ച സോളിഡാരിറ്റി നേതാക്കള്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്. നമ്മള്‍ ഒന്നിച്ചു സയണിസ്റ്റുകളെ പരാജയപ്പെടുത്തുമെന്നാണ് അന്ന് ഖാലെദ് മിഷേല്‍ മലപ്പുറത്തെ റാലിയില്‍ വിളിച്ചു പറഞ്ഞത്.

കോര്‍ബിന്റെയും സാറായുടെയും പുതിയ പാര്‍ട്ടിക്ക് പണം എവിടെ നിന്ന്?

ജെറമി കോര്‍ബിന് ഈ ആശയം വര്‍ഷങ്ങളായി മനസ്സില്‍ ഉണ്ടെന്നും അതിനായി അദ്ദേഹം ലേബര്‍ നേതാവ് ആയി 2015 ല്‍ തിരഞ്ഞെടുക്കപെട്ടപ്പോള്‍ മുതല്‍ വെള്ളം കോരുകയാണ് എന്ന് തെളിയിക്കുന്നതാണ് അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ ലേബര്‍ പാര്‍ട്ടിയിലെ തന്നെ ഇസ്രായേല്‍ അനുകൂലികളുടെ വെളിപ്പെടുത്തല്‍. അന്ന് പ്രതിപക്ഷത്തിരുന്നു ജെറമി നടത്തിയ നീക്കങ്ങള്‍ ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവുകളും വേണ്ട വിധം ചര്‍ച്ചയ്ക്ക് തയ്യാറായില്ല എന്നതാണ് വസ്തുത.

2012 മുതല്‍ കോര്‍ബിന്‍ അടക്കമുള്ള ലേബര്‍ നേതാക്കള്‍ ദോഹയില്‍ എത്തി ഹമാസ് നേതാക്കളുമായി നിരന്തര ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ലേബര്‍ പാര്‍ട്ടിയില്‍ തന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉയര്‍ന്ന വിവാദം, ഇതോടെ ഇപ്പോള്‍ കോര്‍ബിന് സ്വന്തമായി പുതിയ പാര്‍ട്ടിയുണ്ടാകാന്‍ ആവശ്യമായ പണം എവിടെ നിന്നും എത്തുന്നു എന്ന ചോദ്യത്തിനും തര്‍ക്കമില്ലാത്ത ഉത്തരം കണ്ടെത്താനാകുകയാണ്. ലേബര്‍ പാര്‍ട്ടിയില്‍ പലസ്തീന്‍ അനുകൂലികളുടെ വലിയൊരു വിഭാഗം അസന്തുഷ്ടരായി തുടരുന്നുണ്ട് എന്നതാണ് ഇപ്പോള്‍ കോര്‍ബിനും സാറയ്ക്കും വലിയ പ്രതീക്ഷയായി മാറുന്നതും.

ജൂതര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തില്‍ ലേബര്‍ പാര്‍ട്ടി പിന്നോക്കം പോയപ്പോളാണ് ജെറമി കോര്‍ബിന്റെ ഹമാസ് കണക്ഷന്‍ തിരഞ്ഞു പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം രംഗത്ത് എത്തിയത്. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ റെഡ് ലിസ്റ്റില്‍ ഉള്ള ഖാലിദ് മിഷാല്‍ അടക്കം ഉള്ളവരുമായി ജെറമി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ആകുന്നതും. പാര്‍ട്ടിക്കുളിലെ പല ചോദ്യങ്ങള്‍ക്കും ഉത്തരം ഇല്ലാതെയാണ് 2020ല്‍ അദ്ദേഹം ലേബര്‍ പാര്‍ട്ടി നേതൃത്വ സ്ഥാനം ഒഴിയുന്നതും ഇപ്പോഴത്തെ നേതാവ് കീര്‍ സ്റ്റര്‍മാറിന് വേണ്ടി വഴി മാറുന്നതും.

കോര്‍ബിനെ മുന്നില്‍ നിര്‍ത്തി തന്നെ ബ്രിട്ടനില്‍ ഹമാസ് അനുകൂല സാഹചര്യം ഒരുക്കുക എന്ന പദ്ധതിയാണ് അതോടെ പരാജയപ്പെട്ടത്. എന്നാല്‍ അന്നുമുതല്‍ കോര്‍ബിന് പിന്തുണയുമായി ഒളിഞ്ഞും തെളിഞ്ഞും കൂടെ നിന്ന സാറ സുല്‍ത്താന ഇസ്ലാമിക രാഷ്ട്രീയത്തിന്റെ പുതിയ ഫോര്‍മുലകള്‍ വിജയിപ്പിക്കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും അടുത്തിടെ രാജി വച്ചതോടെയാണ് യഥാര്‍ത്ഥ ഇടതു പക്ഷ വസന്തം യുകെയില്‍ യാഥാര്‍ത്ഥ്യമാകുന്നു എന്ന മുദ്രാവാക്യവുമായി യുവര്‍ പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പരീക്ഷണത്തിന് വേദി ഒരുങ്ങുന്നത്.

പക്ഷെ കോര്‍ബിന്റെ നീക്കങ്ങള്‍ അന്നേ തുറന്നു പറയാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ആളുണ്ടായില്ല എന്ന വികാരമാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ ഇസ്രായേല്‍ അനുകൂലികള്‍ പങ്കിടുന്നത്. നിരവധി ഭീകര ആക്രമണ പദ്ധതികളില്‍ പങ്കാളിയായ ഹുസാം ബര്‍ദന്‍, ആത്മഹത്യാ സ്‌ക്വാഡ് സൃഷ്ടിച്ച ഡോ. അബ്ദുല്‍ അസീസ് ഉമര്‍, ഹമാസിന്റെ രാഷ്ട്രീയ ലൈന്‍ രൂപം നല്‍കിയ ഇപ്പോള്‍ ഇസ്രായേല്‍ ലക്ഷ്യം വച്ച ഖാലിദ് മിഷാല്‍ എന്നിവരൊക്കെയാണ് കോര്‍ബിന് ചുറ്റും ഇരുന്നു ദോഹയില്‍ 2018ല്‍ ചര്‍ച്ചകള്‍ നടത്തിയതെന്ന വിവരമാണ് വാസ്തവത്തില്‍ കോര്‍ബിന്റെ രാജിയിലേക്ക് വരെ എത്തിക്കുന്നതില്‍ പ്രധാന കാരണമായി മാറിയത്. നൂറിലധികം നിരപരാധികളുടെ ജീവന്‍ നഷ്ടമായ നിരവധി ഭീകര അക്രമങ്ങളില്‍ മുന്നില്‍ നിന്ന വ്യക്തിയാണ് ഹുസാം ബര്‍ദാനെന്നു ഡെയ്‌ലി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തതും കോര്‍ബിന് എതിരായ നീക്കങ്ങളില്‍ അന്ന് തെളിവായി മാറിയിരുന്നു.

2010ല്‍ മോണിങ് സ്റ്റാറില്‍ എഴുതിയ ലേഖനത്തിലും താന്‍ ഖാലിദ് മിഷേലുമായി ഗാസയിലെ പാര്‍ലിമെന്റ് ബില്‍ഡിംഗില്‍ ഡിന്നര്‍ കഴിച്ചിട്ടുണ്ടെന്നും കോര്‍ബിന്‍ വ്യക്തമാക്കിയിരുന്നു. ഇതെല്ലം തെളിയിക്കുന്നത് ലോകം ഭീകര വാദികള്‍ എന്ന് വിശേഷിപ്പിക്കുന്ന സംഘടനാ നേതാക്കളുമായി കോര്‍ബിന് വര്‍ഷങ്ങളുടെ ബന്ധം ഉണ്ടായിരുന്നു എന്ന വസ്തുത തന്നെയാണ്. എന്നാല്‍ എട്ടു വര്‍ഷത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യത്തെ കുറിച്ച് കോര്‍ബിനോട് ചോദിച്ചപ്പോള്‍ ആരെയൊക്കെ എപ്പോള്‍ കണ്ടുവെന്ന് ഓര്‍ത്തിരിക്കാന്‍ പറ്റുന്ന കാര്യം അല്ലെന്ന മറുപടിയാണ് പുറത്തു വന്നത്. താന്‍ സമാധാന ചര്‍ച്ചകളാണ് നടത്തിയതെന്ന് അന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ കോര്‍ബിന്‍ എങ്കില്‍ എന്തുകൊണ്ട് ഇസ്രായേല്‍ പക്ഷത്തുള്ള നേതാക്കളുമായി സംസാരിക്കുന്നില്ല എന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുക ആയിരുന്നു. ലേബര്‍ നേതാവായിരിക്കെ ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ പലവട്ടം കോര്‍ബിന് ക്ഷണം എത്തിയെങ്കിലും അക്കാലത്ത് അദ്ദേഹം അതൊക്കെ നിരസിക്കുക ആയിരുന്നു.

ലേബര്‍ പാര്‍ട്ടിയില്‍ കോര്‍ബിന്‍ ഹമാസിന്റെ ആയുധം ആയിരുന്നോ?

ഹമാസ് തടവിലാക്കിയ സൈനികന്‍ ജിലാദ് ശാലീദിനെ വിട്ടു കിട്ടുന്നതിന് വേണ്ടിയാണു ഭീകര അക്രമങ്ങളില്‍ തടവില്‍ ആയിരുന്ന ബര്‍ദാനെയും ഉമറിനെയും ജയില്‍ മോചിതരാക്കിയതെന്നും ഇവര്‍ക്കൊപ്പമാണ് കോര്‍ബിന്‍ ചര്‍ച്ച നടത്താന്‍ തയ്യാറായത് എന്നും ലേബര്‍ പാര്‍ട്ടിയെ തേടിയെത്തിയ ഇരുതല മൂര്‍ച്ചയുള്ള വാള്‍ ആയാണ് വിലയിരുത്തപ്പെട്ടതെങ്കിലും ഇക്കാര്യങ്ങള്‍ വേണ്ട വിധം പൊതു സമൂഹത്തില്‍ ചര്‍ച്ചയ്ക്ക് എത്തിക്കുന്നതില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പരാജയമായി മാറിയിരുന്നു എന്നാണ് ഇസ്രായേല്‍ അനുകൂലികളുടെ പരിഭവം.

ഈ വിഷയം ബ്രിട്ടനിലെ ഇടതു പ്രസിദ്ധീകരണമായ മോണിങ് സ്റ്റാറിലൂടെ കോര്‍ബിന്‍ ന്യായീകരിച്ചത് താന്‍ ജയില്‍ മോചിതരായ രണ്ടു വ്യക്തികളെ കണ്ടു എന്ന നിസാരവല്‍ക്കരണത്തിലൂടെയാണ്. അന്ന് ബ്രിട്ടന്‍ നാടുകടത്താന്‍ ഒരുങ്ങിയ വിദ്വേഷ പ്രസംഗകന്‍ റെയാദ് സാലിഹ് ഇമിഗ്രേഷന്‍ ട്രിബ്യൂണലില്‍ നടത്തിയ കേസില്‍ യുകെയില്‍ തുടരാന്‍ അനുമതി നേടിയതിനെയും അക്കാലത്തു കോര്‍ബിന്‍ ന്യായീകരിച്ചു രംഗത്ത് എത്തിയിരുന്നു.

രാജ്യം ആദരിക്കേണ്ട വ്യക്തിയാണ് സാലിഹ് എന്നതായിരുന്നു കോര്‍ബിന്റെ നിലപാട്. പാര്‍ലമെന്റിലേക്ക് ചായക്ക് ക്ഷണിച്ചായിരുന്നു കോര്‍ബിന്‍ അന്ന് സാലിഹിനെ ആദരിക്കാന്‍ തയ്യാറായത്. കോര്‍ബിന്‍ 2010 മുതല്‍ തുടര്‍ച്ചയായി ജെറുസലേമിലും ഗാസയിലും എത്തി ഹമാസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നും ഇസ്രായേലി ചാനല്‍ ഐ 24 ന്യൂസ് വെളിപ്പെടുത്തിയതും ലേബര്‍ പാര്‍ട്ടിയെ തേടി എത്തിയ വിവരമാണ്.

എന്നാല്‍ അക്കാലത്തു ലേബര്‍ പാര്‍ട്ടിയില്‍ കോര്‍ബിന്‍ പ്രധാനമന്ത്രി ആയി എത്താന്‍ കഴിവുള്ള ഏക നേതാവ് എന്ന നിലയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വിരാജിക്കുന്ന കാലം കൂടി ആയിരുന്നു എന്നതാണ് വാസ്തവം. തന്റെ പലസ്തീന്‍ യാത്രകള്‍ക്ക് ഫണ്ട് എവിടെ നിന്നും എന്ന വിവരം ഹൗസ് ഓഫ് കോമണ്‍സിനെ അറിയിക്കാതെ മറച്ചു വച്ച് എന്ന ആരോപണം പാര്‍ലിമെന്ററി കമ്മീഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡ് കാതറിന്‍ സ്റ്റോണ്‍ വെളിപ്പെടുത്തിയിരുന്നു. മിഡില്‍ ഈസ്റ്റ് മോണിറ്റര്‍, ഫ്രണ്ട്സ് ഓഫ് അല്‍ അഖ്‌സ എന്നിവയാണ് അക്കാലത്തു കോര്‍ബിന്റെ യാത്രകള്‍ സ്പോണ്‍സര്‍ ചെയ്തിരുന്നത്.

അറബ് രാഷ്ട്രങ്ങള്‍ ഒന്നിക്കാന്‍ ആക്രമണം കാരണമാകുമോ?

ഏതാനും മാസം മുന്‍പ് ഇറാനെ ലക്ഷ്യം വച്ച ഇസ്രായേല്‍ ഇപ്പോള്‍ ഖത്തറിനെയും നോട്ടം വച്ചതോടെ കൂടുതല്‍ അറബ് രാജ്യങ്ങളുടെ ഒത്തൊരുമയ്ക്ക് ഈ ആക്രമണം കാരണമായേക്കും എന്ന് കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ ഹമാസ് ഒരു പാഠം പഠിക്കണമെന്ന് ചിന്തിക്കുന്നവര്‍ അറബ് ലോകത്തും ഏറെയാണ്. ഖത്തര്‍ സാമ്പത്തികമായി ഹമാസിന് നല്‍കുന്ന വലിയ പിന്തുണയാണ് ആ സംഘടനയെ ഇത്തരത്തില്‍ ഭീകരവാദികളുടെ കൂട്ടായ്മയാക്കി മാറ്റിയതെന്ന് ചിന്തിക്കുന്നവരില്‍ ഒട്ടേറെ അറബ് രാഷ്ട്രങ്ങളുണ്ട്.

രണ്ടു ബില്യണ്‍ അമേരിക്കന്‍ ഡോളറിനു തുല്യമായ തുകയാണ് ഖത്തര്‍ ഹമാസിന് കൈമാറിയതെന്നത് ഇപ്പോള്‍ പരസ്യമായ രഹസ്യമാണ്, സൗദി അടക്കമുള്ള രാഷ്ട്രങ്ങള്‍ക്ക് ഹമാസ് വലിയ പ്രിയപ്പെട്ട സംഘടന അല്ലെന്നതും അറബ് രാഷ്ട്രങ്ങള്‍ ഈ വിഷയത്തില്‍ ഒറ്റത്തട്ടില്‍ അല്ലെന്നു വ്യക്തമാകുന്നുണ്ടെങ്കിലും അറബ് മണ്ണിലേക്ക് തുടരെ എത്തുന്ന ഇസ്രേയേല്‍ ആക്രമണം അവര്‍ക്കിടയില്‍ ഐക്യത്തിന്റെ പുതിയ ശാക്തിക ചേരിക്ക് തുടക്കമിടാനും കാരണമായേക്കാം.

Tags:    

Similar News