'സ്ഥലം വില്‍പന നടക്കുന്നില്ല; കുറെ കടങ്ങള്‍ ഉണ്ട്; മരിക്കാതെ രക്ഷയില്ല; ഞാന്‍ മരിച്ചാല്‍ അവള്‍ക്ക് താങ്ങാന്‍ കഴിയില്ല; അവളെ വിട്ടിട്ട് പോകാന്‍ പറ്റില്ല; അതുകൊണ്ടാ അവളെ കൊന്നത്; അവള്‍ക്ക് സുഖമില്ല; അവളുടെ രോഗം മാറില്ല; ഭാര്യയെ കൊന്ന ശേഷം കയറു ചതിച്ചപ്പോള്‍ ആത്മഹത്യാ ശ്രമം പാഴായി; കണ്ണൂര്‍ ജയിലിലെ അതിസുരക്ഷയിലും ജില്‍സണ്‍ ആഗ്രഹം നടപ്പാക്കി; ആ മൂര്‍ച്ചയുളള ചെറിയ ആയുധം സെല്ലിനുള്ളില്‍ എത്തിയത് എങ്ങനെ?

Update: 2025-12-02 07:27 GMT

കണ്ണൂര്‍: ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് ഓര്‍മ്മിപ്പിക്കുന്നത് ആ വിഷു ദിന ക്രൂരത. ജയിലില്‍ വയനാട് കേണിച്ചിറ സ്വദേശി ജില്‍സന്‍ (43) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോെടയാണ് കഴുത്തറുത്തത്. മൂര്‍ച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ചാണ് കഴുത്തറുത്തത്. മുറിവില്‍ നിന്ന് കൈകൊണ്ട് രക്തം ഞെക്കിക്കളയുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ വിഷുവിനാണ് ജില്‍സന്‍ ഭാര്യയെ കൊലപ്പെടുത്തിയത്. മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം. അതിനുശേഷം ഇയാള്‍ ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. ജല അതോറിറ്റിയിലെ പടിഞ്ഞാറത്തറയിലെ പ്ലംബിങ് ജീവനക്കാരനായിരുന്നു ജില്‍സന്‍. ജില്‍സണ് ജീവനൊടുക്കാന്‍ ആ ചെറിയ ആയുധം എങ്ങനെ കിട്ടിയെന്നതാണ് ഉയരുന്ന ചോദ്യം. കണ്ണൂര്‍ ജയിലില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നതിന് തെളിവാണ് ഈ സംഭവവും.

ഏഴ് മാസം മുന്‍പാണ് ജില്‍സനെ മാനന്തവാടി സബ് ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ഇതിനു മുന്‍പും ഇയാള്‍ രണ്ട് തവണ ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ ജില്‍സന് തുടര്‍ച്ചയായി കൗണ്‍സിലിംഗ് നല്‍കി വരികയായിരുന്നു. ചിത്രകാരനായിരുന്ന ജില്‍സന്‍, ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ചിത്രപ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 14ന് രാത്രി ഭാര്യ ലിഷയെ (37) കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കാന്‍ ശ്രമിച്ചതോടെയാണ് ആശുപത്രിയിലായത്. തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ മരത്തില്‍നിന്നു വീണതിനെത്തുടര്‍ന്നു നട്ടെല്ലിനു പരുക്കേല്‍ക്കുകയും ചെയ്തു.

ജില്‍സണ്‍ ഭാര്യയെ ഷാളും കേബിളും കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീടു വിഷം കഴിക്കുകയും വീടിനു പിന്നിലെ മരത്തില്‍ കയറി കഴുത്തില്‍ കുരുക്കിടുകയും കയര്‍ പൊട്ടി താഴെ വീണ് നട്ടെല്ലിനും വാരിയെല്ലിനും പരുക്കേറ്റ ഇദ്ദേഹം വീട്ടുമുറ്റത്തെത്തി കൈ മുറിക്കുകയും ചെയ്തിരുന്നു. കൃത്യത്തിനു മുന്‍പ് ഇയാള്‍ അര്‍ധരാത്രി സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിലൂടെയാണു കൊലപാതകമാണെന്ന സൂചന ലഭിച്ചത്. നാട്ടുകാരുടെ പ്രിയപ്പെട്ടവളും കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ അടക്കം ചുറുചുറുക്കോടെ നിന്നയാളുമായിരുന്നു മാഞ്ചിറയില്‍ ജില്‍സന്റെ ഭാര്യ ലിഷ. ലിഷയുടെ ചേതനയറ്റ ശരീരം വീട്ടിനുള്ളിലെ കിടപ്പുമുറിയിലായിരുന്നു. മറ്റൊരു കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുന്ന രണ്ടു മക്കളെയും വീടിനു പിന്നിലെ മുറ്റത്ത് പാതി ജീവനോടെ കിടക്കുന്ന ജില്‍സനെയുമാണ് സംഭവമറിഞ്ഞ് ആദ്യം എത്തിയ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കണ്ടത്. കടബാധ്യത മൂലം മരിക്കുന്നു എന്ന കുറിപ്പ് തീന്‍മേശയിലും കണ്ടെത്തി.

കൃത്യത്തിനു മുന്‍പ് അര്‍ധരാത്രി ഇയാള്‍ സുഹൃത്തിന് അയച്ച സന്ദേശത്തില്‍നിന്നാണു ലിഷയുടേതു കൊലപാതകമാണെന്ന സൂചന ബന്ധുക്കള്‍ക്കും സമീപവാസികള്‍ക്കും ലഭിച്ചത്. സുഹൃത്തിന് അയച്ച സന്ദേശങ്ങളിലും ആത്മഹത്യക്കുറിപ്പിലും ഉള്ളത് കടബാധ്യത മൂലം ഭാര്യയെ കൊന്ന് ജീവനൊടുക്കുന്നു എന്നാണ്. മക്കളുടെ കാര്യം നോക്കണമെന്നും പറഞ്ഞിരുന്നു. മദ്യത്തില്‍ വിഷം ചേര്‍ത്ത് കഴിച്ചതായും തൂങ്ങി മരിക്കുന്നതിനായി മരത്തിന് മുകളില്‍ കയറി കുരുക്കിട്ട് ഇരിക്കുകയാണെന്നും സന്ദേശത്തിലുണ്ടായിരുന്നു.'സ്ഥലം വില്‍പന നടക്കുന്നില്ല. കുറെ കടങ്ങള്‍ ഉണ്ട്. മരിക്കാതെ രക്ഷയില്ല. ഞാന്‍ മരിച്ചാല്‍ അവള്‍ക്ക് താങ്ങാന്‍ കഴിയില്ല. അവളെ വിട്ടിട്ട് പോകാന്‍ പറ്റില്ല. അതുകൊണ്ടാ അവളെ കൊന്നത്. അവള്‍ക്ക് സുഖമില്ല. അവളുടെ രോഗം മാറില്ല' ഈ വോയ്‌സ് എല്ലാവരെയും കേള്‍പ്പിക്കണമെന്നും പറയുന്നുണ്ടായിരുന്നു.

വിഷം കഴിച്ച് കയറില്‍ തൂങ്ങിയെങ്കിലും കയര്‍പൊട്ടി നിലത്തു വീണതായും നടുവ് വേദനിക്കുന്നതായും വീണ ശേഷം കൈ ഞരമ്പ് മുറിച്ചെന്നും എന്നാല്‍ അത് വേണ്ട രീതിയില്‍ മുറിഞ്ഞില്ലെന്നും മറ്റൊരു ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നു. പൊലീസ് വീട്ടില്‍നിന്ന് രണ്ട് ആത്മഹത്യക്കുറിപ്പുകള്‍ കണ്ടെടുത്തു. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത വന്നതോടെയാണു ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് കുറിപ്പില്‍ പറയുന്നുണ്ടായിരുന്നു.

Tags:    

Similar News