പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത് കോവിഡ് കാലത്തല്ല; പതിനൊന്നു വര്‍ഷത്തിനു മുമ്പാണ് ബൈഡന്‍ അവസാനമായി പി.എസ്.എ. പരിശോധന നടത്തിയത്; ട്രംപിന്റെ സംശയത്തിന് മറുപടിയുമായി ബൈഡന്‍ ക്യാമ്പ്

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത് കോവിഡ് കാലത്തല്ല

Update: 2025-05-21 06:25 GMT

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടെന്ന വിവരം കഴിഞ്ഞ ആഴ്ചയ്ക്കു മുമ്പു വരെ കണ്ടെത്തിയിരുന്നില്ലെന്ന് ബൈഡന്റെ ക്യാമ്പ് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ വിവരം നേരത്തേ അറിഞ്ഞിട്ടും മറച്ചു വച്ചതാണെന്ന വാദവുമായി മുന്നോട്ടു വന്നിരുന്നു. ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ട്രംപ് രംഗത്തുവന്നത്.

പതിനൊന്നു വര്‍ഷത്തിനു മുമ്പാണ് ബൈഡന്‍ അവസാനമായി പി.എസ്.എ. പരിശോധന നടത്തിയതെന്ന് ക്യാമ്പ് വക്താവ് പറഞ്ഞു. 2014 ല്‍ ഒബാമയ്ക്കു കീഴില്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുമ്പോളാണ് അവസാനമായി കാന്‍സര്‍ പരിശോധന നടത്തിയത്. എന്നാല്‍ യു.എസ് പ്രസിഡന്റായിരുന്നപ്പോള്‍ ലഭിച്ചിരുന്ന പരിശോധനകളിലും ചികിത്സയിലും കാന്‍സര്‍ വിവരം പുറത്തു വരാതിരുന്നതില്‍ ട്രപ് ഉള്‍പ്പെടെ സംശയം പ്രകടിപ്പിച്ചിരുന്നു.

70 വയസ്സിനു ശേഷം പി.എസ്.എ. പരിശോധനകള്‍ പൊതുവെ നടത്താറില്ല. 2014ല്‍ ടെസ്റ്റ് നടത്തിയപ്പോള്‍ ബൈഡന് 72 വയസായിരുന്നു. വളരെ വേഗത്തില്‍ പടരുന്ന വിഭാഗത്തില്‍പ്പെട്ട അര്‍ബുദമാണ് ബൈഡന് സ്ഥിരീകരിച്ചത്. 10ല്‍ ഒമ്പത് ഗ്ലീസണ്‍ സ്‌കോര്‍ രോഗത്തിന്റെ വ്യാപ്തി. മൂത്ര സംബന്ധമായ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ബൈഡന്‍ വൈദ്യ സഹായം തേടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോനയിലാണ് അര്‍ബുദം സ്ഥിരീകരിച്ചത്. രോഗബാധ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നും ബൈഡന്റെ ഓഫിസ് അറിയിച്ചു.

പ്രോസ്റ്റേറ്റ് കാന്‍സര്‍

പുരുഷന്റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം. മൂത്രനാളി ഈ ഗ്രന്ഥിയുടെ മധ്യഭാഗത്തുകൂടിയാണ് കടന്നു പോകുന്നത്.

പുരുഷന്മാരില്‍ കാന്‍സര്‍ വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരവയവവുമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. വികസിതരാജ്യങ്ങളില്‍, പ്രായമായ പുരുഷന്‍മാരില്‍ സാധാരണയായി കാണുന്ന കാന്‍സറാണിത്. ഇന്ത്യയില്‍ ആണുങ്ങളിലെ ആദ്യത്തെ പ്രധാന നാല് കാന്‍സറുകളില്‍ ഒന്ന്. പുരുഷന്മാരില്‍ ഏകദേശം ഏഴില്‍ ഒന്ന് എന്ന തോതില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാന്‍ സാധ്യതയുണ്ട്.

ഭൂരിഭാഗം പ്രോസ്റ്റേറ്റ് കാന്‍സറും 65 വയസ്സ് പിന്നിട്ടവരിലാണ് കാണുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യതയും കൂടുന്നു. 80 വയസ്സിനു മുകളിലുള്ളവരില്‍ മന്ദഗതിയിലുള്ളതും അപകടകരമല്ലാത്തതുമായ, ലക്ഷണങ്ങള്‍ ഇല്ലാത്ത പ്രോസ്റ്റേറ്റ് കാന്‍സര്‍ നിരക്ക് വളരെ കൂടുതലാണെന്ന് ചില പഠനങ്ങള്‍ പറയുന്നു. 40 വയസ്സിനു താഴെ ഈ കാന്‍സര്‍ അപൂര്‍വമാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന കാന്‍സര്‍ അല്ലാത്ത സാധാരണ വീക്കം ബി.പി.എച്ച്. 50 കഴിഞ്ഞ പുരുഷന്‍മാരില്‍ സാധാരണമാണ്. ഇത് തികച്ചും വ്യത്യസ്ത സ്വഭാവമുള്ള അസുഖമാണ്.

ലക്ഷണങ്ങള്‍

മന്ദഗതിയിലുള്ളതും അത്ര മാരകവുമല്ലാത്ത ചിലയിനം പ്രോസ്റ്റേറ്റ് കാന്‍സര്‍ ചിലപ്പോള്‍ വര്‍ഷങ്ങളോളം പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ നിലനില്‍ക്കാം. ഭൂരിഭാഗം പ്രോസ്റ്റേറ്റ് കാന്‍സറും ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത് വരുന്നതിനാല്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. നേരെ മറിച്ച് കാന്‍സര്‍ അല്ലാത്ത ബി.പി.എച്ച്. ഗ്രന്ഥിയുടെ അന്തര്‍ഭാഗത്ത് മൂത്രനാളിക്ക് ചുറ്റും വരുന്നതിനാല്‍ ആരംഭത്തിലേ ലക്ഷണങ്ങള്‍ കാണിക്കുന്നു. പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂര്‍ച്ഛിക്കുന്നതനുസരിച്ച് മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, രക്തത്തിന്റെ അംശം, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ വന്നേക്കാം.

Tags:    

Similar News