'എന്റെ ഭൂതവും ഭാവിയും അന്വേഷിക്കുന്ന വ്യക്തിപരമായ ലേഖനങ്ങളില്‍ എനിക്ക് പ്രശ്‌നമില്ല; കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോര്‍ട്ടിംഗുകള്‍ ഗൗരവമായി കൈകാര്യം ചെയ്യും; റെക്കോഡിംഗും വിവരങ്ങള്‍ കൈമാറലും വിലക്കി; നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജഡ്ജി ഹണി.എം.വര്‍ഗ്ഗീസിന്റെ മുന്നറിയിപ്പ്

ജഡ്ജി ഹണി.എം.വര്‍ഗ്ഗീസിന്റെ മുന്നറിയിപ്പ്

Update: 2025-12-12 08:15 GMT

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി നടപടികളെക്കുറിച്ച് വളച്ചൊടിച്ചും കോടതിയെ മോശമായി ചിത്രീകരിച്ചും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗ്ഗീസ്‌. മാധ്യമങ്ങള്‍ക്കും അഭിഭാഷകര്‍ക്കും ജഡ്ജി കര്‍ശന മുന്നറിയിപ്പ് നല്‍കി. കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടിംഗ് കോടതിയലക്ഷ്യ നടപടികള്‍ക്ക് കാരണമാകുമെന്ന് ജഡ്ജി വ്യക്തമാക്കി.

നടന്‍ ദിലീപ് എട്ടാം പ്രതിയായിരുന്ന കേസില്‍ ഡിസംബര്‍ എട്ടിന് വിധി പ്രഖ്യാപിക്കുകയും ദിലീപിനെ കുറ്റവിമുക്തനാക്കുകയും പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പേരെ കുറ്റക്കാരായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇന്ന് ആറ് പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് ജഡ്ജി ഈ മുന്നറിയിപ്പ് നല്‍കിയത്.

റെക്കോഡിംഗും വിവരങ്ങള്‍ കൈമാറലും വിലക്കി

'തന്റെ ഭൂതവും ഭാവിയും അന്വേഷിക്കുന്ന വ്യക്തിപരമായ ലേഖനങ്ങളില്‍ തനിക്ക് പ്രശ്‌നമില്ല. എന്നാല്‍, കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോര്‍ട്ടിംഗുകള്‍ ഗൗരവമായി കൈകാര്യം ചെയ്യും. കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കും,' ജഡ്ജി പറഞ്ഞു.

കേസിന്റെ കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്യുകയോ, മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കി.

സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിലക്കുന്ന 'നിപുണ്‍ സക്‌സേന vs യൂണിയന്‍ ഓഫ് ഇന്ത്യ' കേസില്‍ സുപ്രീം കോടതി നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ട കേസായിരുന്നു ഇതെന്നും ജഡ്ജി ഹണി എം. വര്‍ഗീസ് എടുത്തുപറഞ്ഞു. എന്നാല്‍, കേസിലെ റിപ്പോര്‍ട്ടിംഗില്‍ പലപ്പോഴും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു.

Tags:    

Similar News