ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടി എഴുതുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ കൂടി രേഖപ്പെടുത്തണമെന്ന് നിര്‍ബ്ബന്ധിക്കാനാവില്ല; ജേക്കബ് വടക്കുംചേരിയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി; ആവശ്യം പ്രായോഗികമല്ലെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായും കെ വി വിശ്വനാഥനും; കേസ് ഇങ്ങനെ
ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടി എഴുതുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ കൂടി രേഖപ്പെടുത്തണമെന്ന് നിര്‍ബ്ബന്ധിക്കാനാവില്ല
ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ മരുന്ന് കുറിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വ ഫലങ്ങളും അപകട സാധ്യതകളും നിര്‍ബ്ബന്ധമായി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി.
മരുന്ന് കുറിപ്പടിക്കൊപ്പം മറ്റൊരു സ്ലിപ്പില്‍ പ്രാദേശിക ഭാഷയില്‍ ഒരു മരുന്നിന്റെയോ ഫാര്‍മസിക്യൂട്ടിക്കല്‍ ഉത്പന്നത്തിന്റെയോ എല്ലാ സാധ്യമായ അപകടങ്ങളും പാര്‍ശ്വഫലങ്ങളും രേഖപ്പെടുത്തണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. ഹര്‍ജിക്കാരന് വേണ്ടി അഡ്വ പ്രശാന്ത് ഭൂഷണാണ് വാദം ഉന്നയിച്ചത്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ കാരണമാണ് വലിയ തോതില്‍ രോഗികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതെന്നും ഏതുതരം ചികിത്സ ചെയ്താലും അതിന്റെ പാര്‍ശ്വഫലത്തെ രുറിച്ച് രോഗിയെ ഡോക്ടര്‍ അറിയിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരാണ് ഉത്തരവിറക്കിയത്. മരുന്നുകളുടെ പാര്‍ശ്വഫലത്തെ കുറിച്ച് മരുന്ന് പാക്കേജില്‍ രേഖപ്പെടുത്താന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് ബാധ്യതയുള്ളപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് സമാന ബാധ്യതയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. ' ചില മരുന്നുകള്‍ നിരുപദ്രവകാരികളാണ്, എന്നാല്‍, ചിലവ ഗുരുതര പാര്‍ശ്വ ഫലങ്ങള്‍ ഉള്ളവയും. ഡോക്ടര്‍ എന്താണോ പറയുന്നത് അതാണ് രോഗി കേള്‍ക്കുന്നത്. അതുകൊണ്ട് അധികമായ ഒരു കുറിപ്പ് പാര്‍ശ്വഫലങ്ങളെ കുറിച്ച് ഡോക്ടര്‍മാര്‍ നല്‍കണം- ഇതായിരുന്നു പ്രശാന്ത് ഭൂഷന്റെ വാദം.
എന്നാല്‍, ഈ ആവശ്യം പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചു. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച് കുറിക്കാന്‍ തുടങ്ങിയാല്‍, ഫിസിഷ്യന്‍മാര്‍ക്ക് 10-15 രോഗികളില്‍ കൂടുതല്‍ പരിശോധിക്കാന്‍ കഴിയില്ല. കൂടാതെ ഫാര്‍മസികളില്‍ വലിയ തിരക്കാണ്. ധാരാളം ഉപഭോക്തൃ കേസുകള്‍ക്കും സാധ്യതയുണ്ട്.
ഡോക്ടര്‍മാര്‍ക്ക് അച്ചടിച്ച ഒരു പ്രൊഫോര്‍മ ആകാമെന്നും അതില്‍ പാര്‍ശ്വഫലങ്ങളെ കുറിച്ച് രേഖപ്പെടുത്താമെന്നും പ്രശാന്ത് ഭൂഷണ്‍ മറുപടി നല്‍കി. എന്നാല്‍, രോഗികള്‍ക്ക് വ്യത്യസ്ത മരുന്നുകളാണ് നല്‍കുന്നതെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴില്‍ കൊണ്ടുവരുന്നതില്‍ ഡോക്ടര്‍മാര്‍ അസന്തുഷ്ടരുമാണ്.
അതേസമയം, ചെയ്യാന്‍ കഴിയുന്ന ഒരേയൊരു കാര്യം ഫാര്‍മസികളില്‍ മരുന്നിന്റെ കവര്‍ നന്നായി വായിക്കണമെന്ന് പ്രാദേശിക ഭാഷയില്‍ എഴുതിയ ബോര്‍ഡ് വയ്ക്കുക മാത്രമാണെന്ന് ജസ്റ്റിസ് വിശ്വനാഥന്‍ പറഞ്ഞു. നേരത്തെ പരാതിക്കാരനായ ജേക്കബ് വടക്കുംചേരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു.