അനധികൃത ബാനറുകള്‍ക്കും ബോര്‍ഡുകള്‍ക്കും കൊടിതോരണങ്ങള്‍ക്കും എതിരെ നടപടിയെടുക്കണം; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി; നടപടി സ്വീകരിക്കാന്‍ തദ്ദേശ ഭരണ സെക്രട്ടറിമാര്‍ക്ക് രണ്ടാഴ്ച സമയം അനുവദിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

അനധികൃത ബാനറുകള്‍ക്കും ബോര്‍ഡുകള്‍ക്കും കൊടിതോരണങ്ങള്‍ക്കും എതിരെ നടപടിയെടുക്കണം

Update: 2025-11-19 17:11 GMT

കൊച്ചി: അനധികൃതമായി സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ നിരീക്ഷിച്ച് നടപടിയെടുക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോടും, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചു .ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്

എല്ലാ അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടികളും നീക്കം ചെയ്യാനും പിഴ ചുമത്തി നടപടി പൂര്‍ത്തിയാക്കാനും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും സെക്രട്ടറിമാര്‍ക്ക് 2 ആഴ്ച സമയം അനുവദിച്ചു. ഈ സമയപരിധിക്ക് ശേഷം അനധികൃത ബാനറുകളും കൊടിതോരണങ്ങളും അവശേഷിച്ചാല്‍, അതിന്റെ വ്യക്തിപരമായ ഉത്തരവാദിത്തം സെക്രട്ടറിമാര്‍ക്കായിരിക്കും.

കോടതിയുടെ വിധിയിലെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ സെക്രട്ടറിമാര്‍ക്ക് 3 ദിവസത്തിനകം നിര്‍ദ്ദേശങ്ങള്‍ നല്‍കും.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുംം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരും അനധികൃത സ്ഥാപനങ്ങള്‍ കര്‍ശനമായി നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായ ശേഷം, നടപടികളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം.

ഈ വര്‍ഷം ആദ്യം കോടതി ഇതുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കുകയും അനധികൃത ബോര്‍ഡുകളും, ബാനറുകളും കൊടിതോരണങ്ങളും നീക്കണമെന്നും പിഴയും ശിക്ഷാ നടപടികളും ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇവ നീക്കം ചെയ്യാത്ത പക്ഷം അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തരവാദിത്തം ആയിരിക്കുമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായി അഡ്വ. ദീപുലാല്‍ വിധിയിലെ നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. സര്‍ക്കാരിന് വേണ്ടി ഹാജരായ പ്ലീഡര്‍ വിധി പാലിക്കാന്‍ എല്ലാ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അതിന് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്നും അറിയിച്ചു.

Tags:    

Similar News