വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നു; നടന്‍ ദിലീപ് അടക്കമുള്ളവര്‍ പ്രതികളായ കേസിന്റെ വിധി ഡിസംബര്‍ 8 ന്; അന്തിമ വാദം പൂര്‍ത്തിയായതിന് പിന്നാലെ വിധി പുറപ്പെടുവിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നു

Update: 2025-11-25 07:06 GMT

കൊച്ചി: കേരളം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നടിയെ ആക്രമിച്ച കേസിലെ വിധി പ്രസ്താവിക്കുന്ന തീയതി പ്രഖ്യാപിച്ചു. കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിസംബര്‍ 8-ന് വിധി പറയും.

അന്തിമ വാദം പൂര്‍ത്തിയാക്കി, പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയ നിവാരണം പൂര്‍ത്തിയാക്കിയ ശേഷമാണ് വിചാരണക്കോടതി വിധി പ്രസ്താവിക്കുന്ന തീയതി പ്രഖ്യാപിച്ചത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസിലെ ഒന്നാം പ്രതി. നടന്‍ ദിലീപ് ആണ് എട്ടാം പ്രതി.

2017 ഫെബ്രുവരി 17-ന് രാത്രി കൊച്ചി നഗരത്തിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ചാണ് നടി ക്രൂരമായ ആക്രമണത്തിന് ഇരയായത്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയിരുന്നു.

ഏഴര വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കും സാക്ഷി വിസ്താരങ്ങള്‍ക്കും ഒടുവിലാണ് കേസ് അന്തിമ തീര്‍പ്പിലേക്ക് എത്തുന്നത്. ദിലീപ് ഉള്‍പ്പെടെ ഒന്‍പത് പേരാണ് കേസില്‍ പ്രതികള്‍. വിചാരണ വേളയില്‍ നിരവധി സാക്ഷികള്‍ കൂറുമാറുകയും, കേസില്‍ തുടരന്വേഷണം പ്രഖ്യാപിക്കുകയും മെമ്മറി കാര്‍ഡ് പരിശോധനയുമായി ബന്ധപ്പെട്ട് നിയമപരമായ തര്‍ക്കങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെയുള്ള പ്രതികള്‍ നിലവില്‍ ജാമ്യത്തിലാണ്. കര്‍ശന വ്യവസ്ഥകളോടെയാണ് പള്‍സര്‍ സുനിക്ക് 2024 സെപ്റ്റംബറില്‍ ഏഴര വര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ചത്. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തിരുന്നു. ദീര്‍ഘകാലം നീണ്ട വിചാരണകളും നിയമപരമായ തര്‍ക്കങ്ങള്‍ക്കും ശേഷമാണ് കേസിലെ വിധി പറയുന്നത്.

ഈ മാസം 20-ന് കേസ് പരിഗണിച്ചിരുന്നപ്പോള്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാറും പോലീസ് ഉദ്യോഗസ്ഥരും കോടതിയില്‍ സന്നിഹിതരായിരുന്നു.

Tags:    

Similar News