ഭാര്യ പ്രസവത്തിനായി ആശുപത്രിയില്‍ പോയ തക്കം നോക്കി പതിനൊന്നുകാരിയെ പീഡിപ്പിച്ചു; സംഭവം പുറത്തുവന്നത് സ്‌കൂള്‍ കൗണ്‍സലിങ്ങിനിടെ; പ്രതിക്ക് 83 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 83 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മനു (40) നെ 83 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചു. പ്രതിയുടെ ഭാര്യയുടെ സഹോദരി പുത്രിയാണ് അതിജീവിത. പിഴ ഒടുക്കാത്ത പക്ഷം നാല് വര്‍ഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്കു നല്‍കണം എന്ന് കോടതി വിധിന്യായതില്‍ പറയുന്നു.
2021 ഏപ്രില്‍ മാസത്തില്‍ പ്രതിയുടെ ഭാര്യ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ദിവസത്തില്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യ ആശുപത്രിയില്‍ ആയതിനാല്‍ അതിജീവിതയോടൊപ്പം പഠിക്കുന്ന പ്രതിയുടെ മകള്‍ അടക്കം കുടുംബ വീട്ടില്‍ ആയിരുന്നു താമസം. സംഭവം ദിവസം പ്രതിയുടെ മകളോടൊപ്പം കിടന്ന് ഉറങ്ങുകയായിരുന്നു അതിജീവിത. മകളെ മാറ്റി കിടത്തിയിട്ട് ആണ് പ്രതി കൃത്യം നടത്തിയത്.
അന്നേ ദിവസം തന്നെ ഉച്ചയ്ക്കും വൈകിട്ടും മകളോടൊപ്പം കളിച്ചു കൊണ്ടിരുന്ന അതിജീവിതയെ വീണ്ടും പ്രതി പീഡിപ്പിച്ചിരുന്നു. മകളെ അവിടെ നിന്നും പറഞ്ഞു വിട്ടതിനു ശേഷം ആണ് പ്രതി ഈ കൃത്യം നടത്തിയത്. സംഭവത്തില്‍ ഭയന്ന അതിജീവിത ഈ വിവരം പുറത്ത് പറഞ്ഞില്ല. സ്‌കൂളില്‍ കൗണ്‍സിലിങ്ങിന് ഇടയില്‍ ആണ് അതിജീവിത ഈ സംഭവം പുറത്തുപറയുന്നത്.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ .ആര്‍.എസ് വിജയ് മോഹന്‍ ഹാജരായി. മെഡിക്കല്‍ കോളേജ് സി ഐ പി.ഹരിലാല്‍, സബ് ഇന്‍സ്പെക്ടര്‍ പ്രിയ എ.എല്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ പതിമൂന്ന് സാക്ഷികളെ വിസ്തരിച്ചു .17രേഖകളും ഹാജരാക്കി.