ഹോട്‌സ്റ്റാറും ആമസോണ്‍ ലൈറ്റും സോണി ലൈവുമടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ ഒരു പാക്കേജില്‍; വരിക്കാര്‍ക്ക് ഒടിടി സേവനം ലഭ്യമാക്കി ഇന്റര്‍നെറ്റ് വിപണിയില്‍ കരുത്തുപ്രകടിപ്പിക്കാന്‍ കേരളത്തിന്റെ സ്വന്തം കെ ഫോണ്‍; ലക്ഷ്യം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ്; വിപ്ലവം തീര്‍ക്കാന്‍ 'കെ ഫോണ്‍' വീണ്ടും
തിരുവനന്തപുരം: വിപ്ലവം തീര്‍ക്കാന്‍ 'കെ ഫോണ്‍' എത്തുമെന്ന് പ്രഖ്യാപനം. വരിക്കാര്‍ക്ക് ഒടിടി സേവനം ലഭ്യമാക്കി ഇന്റര്‍നെറ്റ് വിപണിയില്‍ കരുത്തുപ്രകടിപ്പിക്കാന്‍ കേരളത്തിന്റെ സ്വന്തം കെ ഫോണ്‍. 29 ഒടിടി പ്ലാറ്റ്‌ഫോമും മുന്നൂറ്റമ്പതോളം ഡിജിറ്റല്‍ ചാനലുകളും ഉള്‍പ്പെടുത്തിയാണ് സേവനം വിപുലപ്പെടുത്തുന്നത്. ഹോട്‌സ്റ്റാറും ആമസോണ്‍ ലൈറ്റും സോണി ലൈവുമടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ പ്ലാനിലുണ്ടാകും. പദ്ധതി 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതെല്ലാം പ്രചരണായുധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിപക്ഷ ആരോപണത്തെ ചെറുക്കാന്‍ ഉതകുന്ന രീതിയില്‍ കെ ഫോണിനെ മാറ്റും.
പാക്കേജിന്റെ താരിഫും അന്നറിയാം. വിപുലമായ നെറ്റ്‌വര്‍ക്ക് ശൃംഖലയുണ്ടെങ്കിലും ഒടിടി സേവനമില്ല എന്ന കെ- ഫോണിന്റെ പോരായ്മയ്ക്കാണ് പരിഹാരമാകുന്നത്. ഒടിടി അടക്കമുള്ള പാക്കേജ് മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കെ -ഫോണ്‍ എം ഡി ഡോ. സന്തോഷ് ബാബു പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 1,15,320 കണക്ഷനാണ് കെ ഫോണ്‍ നല്‍കിയത്. 23,163 സര്‍ക്കാര്‍ ഓഫീസുകളിലും 74,871 വീടുകളിലും 3067 സ്ഥാപനങ്ങളിലും കണക്ഷന്‍ നല്‍കി. 14,194 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ കണക്ഷന് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇൗ വര്‍ഷം 75,000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കും.
സംസ്ഥാനത്ത് കെ-ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷനുകളുടെ എണ്ണം 2026 മാര്‍ച്ച് അവസാനത്തോടെ മൂന്നുലക്ഷത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ നിലവില്‍ 1.13 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. ഒന്നര വര്‍ഷമായി സെക്രട്ടേറിയറ്റിലും ഒരു വര്‍ഷമായി നിയമസഭാ മന്ദിരത്തിലും കെ-ഫോണ്‍ കണക്ഷനാണ് ഉപയോഗിക്കുന്നത്. പതിനായിരത്തിലേറെ കണക്ഷനുകളുള്ള 108 ഇന്റര്‍നെറ്റ് സേവനദാതാക്കളാണ് രാജ്യത്തുള്ളത്. ചുരുങ്ങിയകാലംകൊണ്ട് അതില്‍ നാല്‍പതാം സ്ഥാനത്തേക്ക് ഉയരാന്‍ കെ-ഫോണിന് കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 66 കോടി രൂപയായിരുന്നു വരുമാനം. ഇതില്‍ 34 കോടി രൂപ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് കിട്ടാനുണ്ട്. ഏതാണ്ട് 20 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം. നടപ്പുസാമ്പത്തിക വര്‍ഷം 175 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്.
മികച്ച വേഗവും കുറഞ്ഞ നിരക്കിലുള്ള വിവിധ പ്ലാനുകളും ഓഫറുകളുമടക്കം നല്‍കിക്കൊണ്ടാണ് കെ-ഫോണ്‍ വിപണി പിടിക്കുന്നതെന്നാണ് അവകാശ വാദം. കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ (സിഎസ്ആര്‍) ഫണ്ട് ഉപയോഗിച്ച് 4,600 ആദിവാസി ഉന്നതികളില്‍ 'കണക്ടിങ് ദി അണ്‍കണക്ടഡ്' പദ്ധതിപ്രകാരം ഇന്റര്‍നെറ്റ് സേവനം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കെ-ഫോണ്‍. ഇതുവഴി 70,000 കണക്ഷനുകള്‍ ലഭ്യമാക്കാനാണ് പദ്ധതി. പാലക്കാട് ജില്ലയിലെ അട്ടപ്പാടി, തിരുവനന്തപുരം ജില്ലയിലെ കോട്ടൂര്‍, വയനാട് ജില്ലയിലെ പന്തലാടിക്കുന്ന് തുടങ്ങിയ ആദിവാസി ഉന്നതികളില്‍ 500 കണക്ഷനുകള്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും കെ ഫോണ്‍ കണക്ഷന്‍ തന്നെ എടുക്കണമെന്നാണു സര്‍ക്കാര്‍ നയം. കെ ഫോണിന്റെ സേവനം ലഭ്യമാകാത്തിടത്തു മാത്രമാണു സ്വകാര്യ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അനുമതിയുണ്ട്. കെ ഫോണ്‍ കണക്ഷന്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കുമ്പോള്‍ വേഗക്കുറവുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. ഇതിനെല്ലാം പരിഹാരം ഉണ്ടാക്കാനാണ് കെ ഫോണിന്റെ ശ്രമം.
കണക്ഷന്‍ എങ്ങനെ നേടാം?
കെ-ഫോണിന്റെ ആപ്പ് (EnteKFON), വെബ്സൈറ്റ് (www.kfon.in) എന്നിവയില്‍ പേരും വിവരങ്ങളും നല്‍കി രജിസ്റ്റര്‍ ചെയ്താല്‍ കണക്ഷനുവേണ്ടി അപേക്ഷിക്കാം. 18005704466 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെയും കണക്ഷനുവേണ്ടി രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞെടുക്കപ്പെട്ട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ വഴിയും സേവനം ലഭ്യമാണ്. 299 രൂപ മുതലുള്ള വിവിധ പ്ലാനുകളുണ്ട്.