ജാഥാ ക്യാപ്ടന്മാരില്‍ ഒരാളില്ലാതെ സമാപനം! കെപിസിസി പുന:സംഘടനയിലുള്ള അമര്‍ഷം ശക്തമാക്കി കെ മുരളീധരന്‍; ഇനിയും പൊട്ടിത്തെറിക്ക് സാധ്യത
തൃശൂര്‍: കെപിസിസി പുന:സംഘടനയിലുള്ള അമര്‍ഷം ശക്തമാക്കി കെ മുരളീധരന്‍. കെപിസിസി സംഘടിപ്പിക്കുന്ന ജാഥയുടെ സമാപത്തില്‍ ജാഥാ ക്യാപ്റ്റനായ മുരളീധരന്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കെപിസിസി ഭാരവാഹി പട്ടികയിലേക്ക് താന്‍ നല്‍കിയ പേര് പരിഗണിക്കാതിരുന്നതാണ് മുരളീധരനെ പ്രകോപിപ്പിച്ചത്. പന്തളത്താണ് കെപിസിസിയുടെ 'വിശ്വാസ സംരക്ഷണ യാത്ര'യുടെ സമാപന സമ്മേളനം നടക്കുന്നത്. വെള്ളി രാത്രിയോടെ മുരളീധരന്‍ പന്തളത്തുനിന്ന് ഗുരുവായൂരിലേക്ക് പോയി. ജാഥാ ക്യാപ്റ്റന്‍ പോലും പരിപാടിയില്‍ പങ്കെടുക്കാത് കോണ്‍ഗ്രസിന് ക്ഷീണമായി. അതിനിടെ ജാഥ തീര്‍ന്നുവെന്നും അസൗകര്യം കാരണമാണ് മുരളീധരന്‍ പങ്കെടുക്കാത്തതെന്നും യിഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചു.
തൃശ്ശൂര്‍ ഡിസിസി മുന്‍ പ്രസിഡന്റ് ജോസ് വള്ളൂരിനെ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കിയതില്‍ ഒളിയമ്പുമായി കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ സഹായിച്ചതാണല്ലോയെന്നും അപ്പോള്‍ അവര്‍ക്ക് സ്ഥാനം നല്‍കണമല്ലോയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുരളീധരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ മത്സരിക്കുമ്പോള്‍ ജോസ് വള്ളൂരായിരുന്നു ഡിസിസി പ്രസിഡന്റ്. അന്നത്തെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുരളീധരന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തന്റെ അഭിപ്രായങ്ങള്‍ കെപിസിസി പ്രസിഡന്റിനെ നേരിട്ട് വിളിച്ച് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പരസ്യ ചര്‍ച്ചയ്ക്കില്ല. തനിക്കും ഇക്കാര്യത്തില്‍ പല അഭിപ്രായങ്ങളുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനിച്ച പട്ടിക അന്തിമമാണ്. ഇക്കാര്യത്തില്‍ പരാതിയുള്ളവര്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുകയാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
അതേ സമയം, കെപിസിസി പുനസംഘടനയില്‍ പരിഹാസവുമായി കെ സുധാകരനും രംഗത്തെത്തി. പുനസംഘടനയില്‍ തൃപ്തനാണെന്നും ഇത്രയും തൃപ്തി മുന്‍പ് ഉണ്ടായിട്ടില്ലെന്നുമായിരുന്നു സുധാകരന്റെ പരിഹാസം. വിഷയത്തില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ എം ഹാരിസിന്റെ പേരായിരുന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുരളീധരന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഈ ശുപാര്‍ശ എഐസിസി പാടേ തള്ളി. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ പോലും ജനറല്‍ സെക്രട്ടറിയാക്കിയിരുന്നു. രമേശ് ചെന്നിത്തലയും കെ സുധാരനും നല്‍കിയ പേരുകളും പരിഗണിച്ചില്ല.
പുന:സംഘടനയില്‍ അവഗണന നേരിട്ടതില്‍ ചാണ്ടി ഉമ്മനും പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കെപിസിസിയുടെ പരിപാടിതന്നെ ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസം ബഹിഷ്‌കരിച്ചിരുന്നു. മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും കടുത്ത പ്രതിഷേധത്തിലാണ്. വരുംദിവസങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി പ്രതികരിച്ചേക്കും. പട്ടികയില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദും രംഗത്തെത്തിയിരുന്നു. 'കഴിവ് ഒരു മാനദണ്ഡമാണോ' എന്നാണ് ജംബോ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ ഷമ മുഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചത്. പുനഃസംഘടനയില്‍ പരിഗണിക്കാമെന്ന് ഷമയ്ക്ക് നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. നേതാക്കള്‍ക്ക് ഒറ്റ പദവി മാനദണ്ഡം പോലും എടുത്തുകളഞ്ഞ് ചുമതല നല്‍കിയപ്പോള്‍ താന്‍ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന അതൃപ്തിയാണ് ഷമ പരസ്യമാക്കിയത്.
13 ഉപാധ്യക്ഷന്മാര്‍, 58 ജനറല്‍ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തിയാണ് കെപിസിസിയുടെ പുതിയ ജംബോ കമ്മിറ്റി. രാജ്മോഹന്‍ ഉണ്ണിത്താന്‍, വി കെ ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, സി പി മുഹമ്മദ്, പന്തളം സുധാകരന്‍, എ കെ മണി എന്നിവരെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തി. സന്ദീപ് വാര്യര്‍ ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ ഇടം പിടിച്ചു. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പലോട് രവിയെ കെപിസിസി ഉപാധ്യക്ഷനായാണ് നിയമിച്ചത്. ടി ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡന്‍, വി ടി ബല്‍റാം, വി പി സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍, ഡി സുഗതന്‍, രമ്യ ഹരിദാസ്, എം ലിജു, എ എ ഷുക്കൂര്‍, എം വിന്‍സന്റ്, റോയ് കെ പൗലോസ്, ജയ്സണ്‍ ജോസഫ് എന്നിവരാണ് മറ്റ് ഉപാധ്യക്ഷന്മാര്‍.
വി എ നാരായണനാണ് കെപിസിസി ട്രഷറര്‍. ദീര്‍ഘനാള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് പുനഃസംഘടനാ പട്ടിക പുറത്തുവിട്ടത്.