'ഒരുത്തനേയും വെറുതെ വിടില്ല, ഏത് കൊമ്പത്ത് ഇരിക്കുന്നവര്‍ ആയാലും കൈകാര്യം ചെയ്യും'; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കി കെ സുരേന്ദ്രന്‍; കയര്‍ത്തത് ബിജെപിയിലെ വിഭാഗീയത സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി; പാലക്കാട്ടെ തോല്‍വിയില്‍ സമനില തെറ്റി ബിജെപി അധ്യക്ഷന്‍
'ഒരുത്തനേയും വെറുതെ വിടില്ല, ഏത് കൊമ്പത്ത് ഇരിക്കുന്നവര്‍ ആയാലും കൈകാര്യം ചെയ്യും'
കൊച്ചി: മാധ്യമപ്രവര്‍ത്തകരെ വെറുതെ വിടില്ലെന്ന ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയിലെ വിഭാഗീയത സംബന്ധിച്ച ചോദ്യത്തിന് മറുപടിയായിയാണ് സുരേന്ദ്രന്റെ പ്രതികരണം. ബിജെപിയെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ല എന്ന് സുരേന്ദ്രന്‍ ഭീഷണി മുഴക്കി.
കള്ളവാര്‍ത്തകള്‍ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഏത് കൊമ്പത്ത് ഇരിക്കുന്നവര്‍ ആയാലും ആരെയും വെറുതേ വിടില്ല. പാലക്കാട് തെരഞ്ഞെടുപ്പ്, ബിജെപിയിലെ വിഭാഗീയത എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ സുരേന്ദ്രനോട് ചോദിച്ചത്.ഇതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബിജെപിയുടെ പാലക്കാട്ടെ തോല്‍വിയാണ് മാധ്യമങ്ങളിലെല്ലാം ചര്‍ച്ചാ വിഷയം. സി കൃഷ്ണകുമാരിന്റെ തോല്‍വിക്ക് ഉത്തരവാദിത്തം സുരേന്ദ്രനാണെന്ന് തുറന്നടിച്ചു ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇതോടെയാണ് സുരേന്ദ്രന്‍ ക്ഷുഭിതനാകുന്നത്. ഇന്നലെയും ാലക്കാട്ടെ തോല്‍വിയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് സുരേന്ദ്രന്‍ കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിലായി തനിക്കെതിരെ മാധ്യമങ്ങള്‍ 'ചവറ്' വാര്‍ത്തകളാണ് നല്‍കുന്നതെന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 15 സീറ്റ് കിട്ടിയതും ചേലക്കരയില്‍ കോണ്‍ഗ്രസ് തോറ്റമ്പിയതും ചര്‍ച്ച ചെയ്യുന്നില്ലെന്നും ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണെന്ന് അറിയാത്ത രീതിയിലാണ് മൂന്ന് ദിവസമായി മാധ്യമങ്ങള്‍ തുള്ളിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്നത്തെ യോഗം സജീവ അംഗത്വത്തെ കുറിച്ചും പ്രാഥമിക അംഗത്വത്തെ കുറിച്ചുള്ളതാണെന്നും മാധ്യമങ്ങള്‍ പറഞ്ഞ ഒരു കാര്യവും സംഭവിക്കാന്‍ പോവുന്നില്ലെന്നും പ്രസിഡന്റ് സ്ഥാനം തെറിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കെ സുരേന്ദ്രന്‍ പറഞ്ഞു.
എ ക്ലാസ് മണ്ഡലമായ പാലക്കാട്ട് നേരിട്ട തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ കടുത്ത പൊട്ടിത്തെറി തുടങ്ങിയിരുന്നു. ചരിത്രത്തിലാദ്യമായി സുരേന്ദ്രനെ ഔദ്യോഗിക പക്ഷത്തെ നേതാക്കള്‍ പോലും കൈയൊഴിഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രന്‍ രാജിവയ്ക്കണമെന്നാണ് ഔദ്യോഗിക പക്ഷത്തെ അടക്കം നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വരെ ഇക്കൂട്ടത്തില്‍പ്പെടും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന പാളിച്ചയാണ് തോല്‍വിക്ക് പ്രധാനകാരണം എന്ന വിമര്‍ശനമാണ് നേതാക്കള്‍ ഉയര്‍ത്തിയത്.
അതേസമയം പാലക്കാട് ബിജെപി നേതാക്കളെ പരസ്യപ്രതികരണത്തില്‍ നിന്നും വിലക്കിയതോടെ ഇനിയൊരു പൊട്ടിത്തെറി ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം. ഉപതെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി നഗരസഭാ അധ്യക്ഷയുടെ ഉള്‍പ്പെടെ വിമര്‍ശനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു . അതേസമയം കൗണ്‍സിലര്‍മാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നേതൃത്വം നടത്തും.