നവകേരള യാത്രയ്ക്ക് നിശ്ചയിച്ചത് ഇതേ ക്ഷേത്ര മൈതാനും; അന്ന് ഹൈക്കോടതി ഇടപെടലില്‍ പാടാന്‍ പറ്റാത്ത പാട്ടുകള്‍ 'തിരുവാതിര' ഉത്സവത്തിന് പാടിച്ചു? അത് സിഐടിയു സ്‌പോണസര്‍ ചെയ്ത പരിപാടി; പാടിയത് ഇടതുപക്ഷക്കാരനും; ഹൈക്കോടതി വടിയെടുത്തേക്കും; കരുതലെടുക്കാന്‍ ദേവസ്വം ബോര്‍ഡ്

Update: 2025-03-15 05:45 GMT

കൊല്ലം: കടയ്ക്കല്‍ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് നടന്ന സംഗീതപരിപാടിയില്‍ വിപ്ലവഗാനം ആലപിച്ച സംഭവം ഗൗരവത്തില്‍ എടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നടപടികള്‍ എടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതികരിച്ചു. ഏത് രാഷ്ട്രീയപാര്‍ട്ടിയായാലും സംഭവിച്ചത് ശരിയല്ല, ഉപദേശക സമിതിക്ക് നോട്ടീസ് നല്‍കും. ദേവസ്വം വിജിലന്‍സ് എസ്പിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കുമെന്നും പി.എസ്. പ്രശാന്ത് അറിയിച്ചു.

വിവാദം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അതിനെ കുറിച്ചുള്ള കാര്യങ്ങള്‍ ആലോചിച്ചു. ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും, ഏത് ചിഹ്നമോ കൊടിയോ ആയാലും ക്ഷേത്രപരിസരത്ത് ഉപയോഗിക്കാന്‍ പാടില്ല എന്നതിനെ സംബന്ധിച്ച് കൃത്യമായ കോടതി വിധിയുണ്ട്. അക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകും. ഉപദേശക സമിതിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നതാണ് പ്രാഥമികമായ നിരീക്ഷണമെന്നും പ്രശാന്ത് പറഞ്ഞു. വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിയാല്‍ നടപടികള്‍ ഉറപ്പാണ്. ദേവസ്വം ബോര്‍ഡിന് വിമര്‍ശവും നേരിടേണ്ടി വരും. ഇത് മനസ്സിലാക്കിയാണ് വിവാദമുണ്ടാകുമ്പോള്‍ തന്നെ ഇടപെടല്‍ നടത്തുന്നത്.

ഉപദേശക സമിതി വിശദീകരണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് എസ്പി വിജിലന്‍സിന് അന്വേഷണത്തിനും ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം മറ്റ് കാര്യങ്ങള്‍ ആലോചിക്കുമെന്ന് പ്രശാന്ത് പറയുന്നു. സംഗീതപരിപാടിയില്‍ സിപിഎമ്മിന്റെ പ്രചാരണഗാനങ്ങളും വിപ്ലവഗാനങ്ങളും പാടിയതാണ് വിവാദമായി മാറിയത്. ഡിവൈഎഫ്ഐ കൊടികളുടേയും തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റേയും പശ്ചാത്തലത്തിലാണ് പാര്‍ട്ടി പ്രചാരണണഗാനങ്ങള്‍ പാടിയത്. ഇതെല്ലാം ഹൈക്കോടതി ക്ഷേത്ര പരിസരച്ച് നിരോധിച്ചിട്ടുള്ളതാണ്.

ഗസല്‍ ഗായകനായ അലോഷി ആദത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. സ്വാശ്രയകോളേജിനെതിരായ സമരത്തിനിടെ കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ്, ജീവിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെട്ട പുഷ്പനെക്കുറിച്ചുള്ള പാട്ടുകള്‍ അടക്കമാണ് പാടിയത്. കടയ്ക്കല്‍ തിരുവാതിരയുടെ ഒമ്പതാംദിവസമായിരുന്നു ഇതെല്ലാം. കാണികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പാട്ടുകള്‍ പാടിയതെന്നാണ് ഉത്സവകമ്മിറ്റി ഭാരവാഹികള്‍ നല്‍കിയ വിശദീകരണം.

കടയ്ക്കല്‍ തിരുവാതിര ഉത്സവത്തിനിടെ ക്ഷേത്രാങ്കണത്തില്‍ പതാക ഉയര്‍ത്തി രക്തസാക്ഷികള്‍ക്കുവേണ്ടി ഗാനാലാപനം നടത്തിച്ച സിപിഎം-ഡിവൈഎഫ്‌ഐക്കാര്‍ നല്‍കുന്ന സൂചന നിസ്സാരമായി കാണേണ്ടതല്ലെന്ന് ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷ രാജി പ്രസാദ് പ്രതികരിച്ചിരുന്നു. ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ല ഹൈന്ദവസമൂഹം. ഹൈന്ദവാചാരങ്ങളെ ഇല്ലാതാക്കി ക്ഷേത്രഭൂമികള്‍ ൈകയേറാനുള്ള ആസൂത്രിതശ്രമത്തിന്റെ പരിശീലനമാണ് കടയ്ക്കലില്‍ നടന്നത്. ഇത് ജാഗ്രതയോടെയാണ് ഹൈന്ദവസംഘടനകളും ബിജെപിയും നോക്കിക്കാണുന്നതെന്നും അവര്‍ പറഞ്ഞു. ഹൈക്കോടതി വിധിയെപ്പോലും അവഗണിച്ച് കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ പാര്‍ട്ടിപ്പാട്ടു പാടിച്ചതിനെതിരേ ബിജെപി പ്രതിഷേധത്തിലേക്ക് കടക്കുകയുമാണ്.

ക്ഷേത്രകമ്മിറ്റികള്‍ പിടിച്ചെടുക്കണമെന്ന പാര്‍ട്ടി തീരുമാനം അക്ഷരം പ്രതി അനുസരിച്ചാണ് കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ കടയ്ക്കല്‍ ദേവീക്ഷേത്ര കമ്മിറ്റിയില്‍ സിപിഎം പ്രവര്‍ത്തകര്‍ മൃഗീയഭൂരിപക്ഷം നേടിയത്. സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടികള്‍ക്കു പോലും ക്ഷേത്രമുറ്റം ഉപയോഗപ്പെടുത്താന്‍ ഈ കമ്മിറ്റി അനുവാദം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നവകേരളയാത്രയുടെ വേദിയായി ആദ്യം നിശ്ചയിച്ചത് ഈ ക്ഷേത്ര മൈതാനമായിരുന്നു. വ്യാപക പ്രതിഷേധമുണ്ടായെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ ആദ്യം ഇതു വകവച്ചില്ല. തുടര്‍ന്ന് യുഡിഎഫ് കോടതിയെ സമീപിച്ചാണ് വേദി മാറ്റിയത്.

അന്നത്തെ രാഷ്ട്രീയ പരാജയം ഇപ്പോള്‍ തിരുവാതിര ഉത്സവത്തിന് സിപിഎം തീര്‍ത്തു. പാര്‍ട്ടിയുടെ പോഷകസംഘടനയായ സിഐടിയു സ്പോണ്‍സര്‍ ചെയ്ത് ഇടതുപക്ഷഗായനെ വരുത്തിയപ്പോള്‍ തന്നെ ഇതു രാഷ്ട്രീയക്കളിയാണെന്ന് മനസ്സിലാക്കേണ്ടതായിരുന്നു ഇന്ന് നാട്ടുകാര്‍ പറയുന്നു. പാര്‍ട്ടിക്കാരനായ ഒരാളെ കൊണ്ടു തന്നെ പുഷ്പന്‍ പാട്ടു പാടാമോ എന്ന് ആവശ്യപ്പെടുന്നു, പാട്ടു പാടുമ്പോള്‍ പശ്ചാത്തലത്തില്‍ പാര്‍ട്ടി ചിഹ്നവും പേരും കൊടിയുമെല്ലാം തെളിയുന്നു. ക്ഷണിച്ചു വരുത്തിയ പാര്‍ട്ടി നേതാക്കള്‍ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു. അതായത് ഇതെല്ലാം മുന്‍കൂട്ടി പ്്ളാന്‍ ചെയ്തതായിരുന്നു ഇതെന്ന ആരോപണം ശക്തമാണ്.

അതിനിടെ ഈ ക്ഷേത്രത്തില്‍ ബോധപൂര്‍വ്വം ഇത്തരം സാഹചര്യം ഉണ്ടാക്കി ചര്‍ച്ച ചെയ്യാന്‍ ബിജെപിയ്ക്ക് സിപിഎം അവസരമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് ചടയമംഗലം ബ്ളോക്ക് കമ്മിറ്റി ആരോപിച്ചു. രാഷ്ട്രീയ വര്‍ണ്ണ വ്യത്യാസമില്ലാതെ നടത്തുന്ന ഉത്സത്തിന് ഇത്തരം രാഷ്ട്രീയമായ ഒരു മുഖം നല്‍കുന്നത് ശരിയല്ലെന്ന് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്‍്റ് പി ആര്‍ സന്തോഷ് പ്രതികരിച്ചു. മറ്റിടങ്ങളില്‍ ഇങ്ങനെ പാടുമോ എന്ന് ബിജെപിയുടെ നിലപാടിനോട് കോണ്‍ഗ്രസ് യോജിക്കുന്നില്ല, കടയ്ക്കല്‍ തിരുവാതിര വൈജാത്യമില്ലാതെ നടത്തുന്ന ഉത്സവമാണ് . അവിടെ രാഷ്ട്രീയം കൊണ്ടുവന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഏതു പാര്‍ട്ടിക്കാര്‍ ഇങ്ങനെ ചെയ്താലും കോണ്‍ഗ്രസ് അപലപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങള്‍ രാഷ്ട്രീയ പ്രചരണ വേദിയായി ഉപയോഗിക്കരുത് എന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാട്. അതിന് യോജിക്കുന്ന പ്രത്യേക വേദികളുണ്ട്. അവിടെയാണ് രാഷ്ട്രീയം പറയേണ്ടത്. പുഷ്പനെ അറിയാമോ എന്ന് കടയ്ക്കലെ തമ്പുരാട്ടിയമ്മയോടല്ല ചോദിക്കേണ്ടത്. പുഷ്പനു തന്നെ രാഷ്ട്രീയമായി പ്രസക്തി ഇല്ലാത്ത അവസ്ഥയാണിപ്പോള്‍ . കടയ്ക്കല്‍ നിവാസികളുടെ വികാരത്തേയും വിശ്വാസത്തേയും വ്രണപ്പെടുത്തുകയണ് സിപിഎം ചെയ്തതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി . മുന്‍കൂട്ടി പ്ളാന്‍ ചെയ്താണ് സിപിഎം ആഘോഷത്തിന് വന്നത്. വിശ്വാസത്തെ ഹൈജാക്ക് ചെയ്യുന്ന നിലപാട് തെറ്റാണ്. കോണ്‍ഗ്രസ് ഇതിനെ അപലപിക്കുന്നതായും കോണ്‍ഗ്രസ് ബ്ളോക്ക് കമ്മറ്റി കുറ്റപ്പെടുത്തി.

Tags:    

Similar News