കമലേശ്വരം കൂട്ട ആത്മഹത്യ: ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ മുംബൈയില്‍ പിടിയിലായത് അതിവേഗ നീക്കത്തില്‍; വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവേ ലുക്ക്ഔട്ട് നോട്ടീസ് കുടുക്കായി; അയര്‍ലണ്ടിലെ ഉണ്ണികൃഷ്ണന്റെ ജീവിതവും പരിശോധിക്കാന്‍ പോലീസ്; ഗ്രീമയെ ഒഴിവാക്കിയത് എന്തിന്?
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണ്ണായക നീക്കം. ഒളിവിലായിരുന്ന ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് പൂന്തുറ പോലീസ് പിടികൂടി. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായത്. കേസ് വന്നപ്പോള്‍ തന്നെ എഫ് ഐ ആര്‍ ഇട്ടതാണ് വിനയായത്. ഇതോടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനായി. പല കേസുകളിലും ഈ കരുതല്‍ പോലീസ് എടുക്കാറില്ല. എന്നാല്‍ ഇവിടെ അത് സംഭവിച്ചു.
കമലേശ്വരം സ്വദേശിനി എസ്.എല്‍. സജിത (54), മകള്‍ ഗ്രീമ എസ്. രാജ് (30) എന്നിവരെ കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രീമയും ഉണ്ണിക്കൃഷ്ണനും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പോലീസ് പ്രാഥമികമായി കണ്ടെത്തിയിരുന്നു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഉണ്ണിക്കൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്. വലിയ കുടുംബ അംഗമാണ് ഉണ്ണികൃഷ്ണന്‍. എന്നിട്ടും പോലീസ് വീഴ്ചകളൊന്നും വരുത്തിയില്ല.
തന്റെയും അമ്മയുടെയും മരണത്തിന് ഉത്തരവാദി ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനാണെന്ന് വ്യക്തമാക്കി ഗ്രീമ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ഉണ്ണിക്കൃഷ്ണനില്‍ നിന്ന് നേരിട്ട ശാരീരികവും മാനസികവുമായ പീഡനങ്ങളെക്കുറിച്ച് കത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ടെന്നാണ് സൂചന. ഈ കുറിപ്പാണ് പ്രതിയെ ഉടന്‍ പിടികൂടാനുള്ള ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പോലീസിനെ സഹായിച്ചത്. കേസിന്റെ ഗൗരവം പോലീസിന് മനസ്സിലാകുയും ചെയ്തു.
മുംബൈ എയര്‍പോര്‍ട്ട് അതോറിറ്റി തടഞ്ഞുവെച്ച പ്രതിയെ കഴിഞ്ഞ ദിവസം അവിടെയെത്തിയ പൂന്തുറ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അന്ധേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ട്രാന്‍സിറ്റ് റിമാന്‍ഡ് നേടി. വിമാനമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ ഇന്ന് തന്നെ പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കും. ട്രെയിന്‍ മാര്‍ഗ്ഗമാണെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തെ താമസമുണ്ടാകും. ഉണ്ണിക്കൃഷ്ണനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.
കണ്ണീരോര്‍മ്മയായി അമ്മയും മകളും വിവാഹം കഴിഞ്ഞ് അധികകാലമാകും മുന്‍പേ ഗ്രീമയും ഉണ്ണിക്കൃഷ്ണനും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. സജിതയും മകളും മാത്രമായിരുന്നു കമലേശ്വരത്തെ വീട്ടില്‍ താമസം. ഉണ്ണിക്കൃഷ്ണന്‍ വിദേശത്തേക്ക് പോകാന്‍ ഒരുങ്ങുന്ന വിവരം അറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അയര്‍ലണ്ടില്‍ അധ്യാപകനായിരുന്നു ഉണ്ണികൃഷ്ണന്‍. ഗ്രീമയുടെ അച്ഛന്‍ മരിച്ചിട്ടു പോലും ഇയാള്‍ വന്നിരുന്നില്ല. ഇതടക്കം ഗ്രീമയെ മാനസിക പ്രതിസന്ധിയിലാക്കി.
