ഒറ്റപ്പെട്ട സ്ഥലത്തെ വിരമിച്ച അധ്യാപകന്റെ വീട്; രണ്ടു മണിയോടെ കീഴറ ഗ്രാമത്തെ ഞെട്ടിച്ച് ഉഗ്ര സ്‌ഫോടനം; ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് സ്‌ഫോടന സ്ഥലത്തെ വീട് തകര്‍ന്ന മണ്‍ കൂന; തൊട്ടടുത്തെ ആറു വീടുകള്‍ക്ക് അടക്കം കേടുപാട്; കണ്ണപുരത്തെ പാര്‍ട്ടി ഗ്രാമത്തിലെ സ്‌ഫോടനത്തില്‍ ശരീരങ്ങള്‍ ചിന്നിചിതറി

Update: 2025-08-30 01:04 GMT

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം കീഴറയിലെ വാടക വീട്ടില്‍ പുലര്‍ച്ചെ ഉഗ്ര ബോംബ് സ്‌ഫോടനം സംഭവത്തില്‍ പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രദേശം മുഴുവന്‍ പൊലിസ് വലയത്തിലാണ്. പ്രദേശത്തെ ആറു വീടുകള്‍ക്ക് കേടുപാടുണ്ടായി. ഒരു കിലോമീറ്ററോളം അകലെ വരെ സ്‌ഫോടനം കേട്ടു. ആളൊഴിഞ്ഞ ഭാഗത്താണ് വീട്.

കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ പി. നിധിന്‍ രാജിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലിസ് സംഘം സ്ഥലം സന്ദര്‍ശിച്ചു. കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് വിഭാഗത്തിന്റെപരിശോധനയും പുലര്‍ച്ചെ മുതല്‍ തുടങ്ങി. കണ്ണപുരം, തളിപറമ്പ് പൊലിസ് സ്റ്റേഷനുകളിലെ പൊലിസുകാരും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കണ്ണപുരം കീഴറ യിലെ വാടക വീട്ടിലാണ് നാടിനെ നടുക്കുന്ന ഉഗ്രസ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. മണ്‍കൂനയായി ഈ വീട് മാറി.

സ്‌ഫോടനത്തില്‍ ശരീരാവശിഷ്ടങ്ങള്‍ ചിന്നിചിതറി കിടക്കുകയാണ്. ഇതാരുടെതാണെന്ന് വ്യക്തമല്ല. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഗോവിന്ദന്‍ അസുഖമായി കിടപ്പാണ്. സ്ഥിരമായി വാടകയ്ക്ക് കൊടുക്കുന്ന വീടാണ്. ഇവിടെ താമസിച്ചവരെ കുറിച്ച് അയല്‍വാസികള്‍ക്കും വ്യക്തമായി അറിയില്ല.

പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പൊലിസ് നടത്തിവരികയാണ്. കീഴറ ഗ്രാമത്തെ ഞെട്ടിക്കുന്ന ബോംബ് സ്‌ഫോടന ശബ്ദം കേട്ടു നൂറു കണക്കിന് നാട്ടുകാരും സ്ഥലത്തേക്ക് ഓടിയെത്തിയിരുന്നു.

അതീവ ഗുരുതതരമായി പരുക്കേറ്റവരെ ഫയര്‍ഫോഴാസാണ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. നാടന്‍ ബോംബും പ്രദേശത്ത് കണ്ടെത്തി. സിപിഎം പാര്‍ട്ടി ഗ്രാമമാണ് ഇത്. എന്നാല്‍ ഈ മേഖല പൊതുവേ ശാന്തവുമാണ്. ഈ മേഖലയിലെ സ്‌ഫോടനം നടക്കുന്നതാണ്. ഇത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവയ്ക്കും.

Similar News