കണ്ണൂര്‍ ജില്ലയെ കാലിത്തീറ്റ ലഭ്യതയില്‍ സ്വയം പര്യാപ്തമാക്കണം; പൊലിസുകാര്‍ തീറ്റപ്പുല്‍ കൃഷി നടത്താന്‍ സ്ഥലം കണ്ടെത്തണം; കണ്ണൂര്‍ സിറ്റി എസിപിയുടെ സര്‍ക്കുലര്‍ അതിവിചിത്രമെന്ന് വിലയിരുത്തല്‍; ക്രമസമാധാനം പുലര്‍ത്തേണ്ടവര്‍ കൃഷിക്ക് ഇറങ്ങിയാല്‍ എന്തു സംഭവിക്കും?

Update: 2025-09-26 07:19 GMT

കണ്ണൂര്‍ : കണ്ണൂര്‍ സിറ്റി പൊലീസ് അഡീഷനല്‍ എസ്പി പുറത്തിറക്കിയ ഒരു സര്‍ക്കുലര്‍ വിവാദമാകുന്നു. സാധാരണയായി ക്രമസമാധാന പാലനത്തിലും കുറ്റകൃത്യങ്ങള്‍ തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊലീസുകാര്‍ക്ക് മറ്റൊരു ജോലി നല്‍കുകയാണ് ഈ സര്‍ക്കുലര്‍. കാലിത്തീറ്റ കൃഷിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന വിചിത്രമായ നിര്‍ദേശമാണ് അഡീഷനല്‍ സൂപ്രണ്ട് ഓഫ് പൊലിസ് സജേഷ് വാഴാളപ്പില്‍ സ്റ്റേഷനുകളിലേക്ക് നല്‍കിയിരിക്കുന്നത്.

കണ്ണൂര്‍ ജില്ലാ വികസന സമിതി യോഗത്തിന്റെ നടപടിക്രമങ്ങള്‍ അനുസരിച്ചാണ് ഈ സര്‍ക്കുലര്‍ പുറത്തിറങ്ങിയതെന്നാണ് വിശദീകരണം. കാലിത്തീറ്റയില്‍ സ്വയംപര്യാപ്തത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നാണ് വിവരം. എന്നാല്‍ തങ്ങളുടെ പ്രധാന ജോലികള്‍ക്ക് പുറമെ മറ്റ് വകുപ്പുകള്‍ ചെയ്യേണ്ട ജോലികള്‍ കൂടി തങ്ങളെ ഏല്‍പ്പിച്ചതില്‍ പൊലീസുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഈ സര്‍ക്കുലര്‍ വൈറലാകുകയും ചെയ്യുകായണ്. ഇതുകൊണ്ടാണ് പോലീസ് രക്ഷപ്പെടാത്തതെന്നാണ് ഉയരുന്ന കമന്റുകള്‍.

ഇതിനോടകം തന്നെ ജോലിയുടെ ഭാരം കാരണം ബുദ്ധിമുട്ടുന്ന പൊലീസ് സേനക്ക് ഇത്തരം അധിക ഉത്തരവാദിത്തങ്ങള്‍ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥന്റെ പ്രധാന ഉത്തരവാദിത്തങ്ങള്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം, സുരക്ഷാ ക്രമീകരണങ്ങള്‍, ക്രമസമാധാനം പാലിക്കല്‍ എന്നിവയാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ കാലിത്തീറ്റ കൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ആവശ്യപ്പെടുന്നത് അപ്രതീക്ഷിതവും അസാധാരണവുമാണ്.

പൊലീസ് സേനയുടെ പ്രധാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന ഇത്തരം ഉത്തരവുകള്‍ അവരുടെ കാര്യക്ഷമതയെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. മറ്റ് വകുപ്പുകളുടെ ചുമതലകള്‍ പൊലീസിനെ ഏല്‍പ്പിക്കുന്നത് ശരിയായ നടപടിയാണോ എന്ന ചോദ്യവും നിലവില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

കണ്ണൂര്‍ ജില്ലയെ കാലിത്തീറ്റ ലഭ്യതയില്‍ സ്വയം പര്യാപ്തമാക്കാനാണ് സര്‍ക്കുലര്‍. ഇതിന് വേണ്ടി തീറ്റപ്പുല്‍ കൃഷി സജീവമാക്കാന്‍ വേണ്ടിയാണ് സര്‍ക്കുലര്‍. ഭുമി കണ്ടെത്തിയാല്‍ കൃഷി എങ്ങനെ ചെയ്യുമെന്ന നിര്‍ദ്ദേശവും നല്‍കുമെന്നും സൂചനകളുണ്ട്.

Tags:    

Similar News