'പോലീസ് പോയതിന്റെ പിന്നാലെ തന്നെ പോയി; ഗോവിന്ദച്ചാമി കിണറ്റിലേക്ക് ചാടിയെന്ന് സംശയിച്ചു; പൊലീസുകാര്‍ ഞങ്ങളെ തടഞ്ഞു; അപ്പോഴാണ് ഗോവിന്ദച്ചാമി കൈ ഉയര്‍ത്തുന്നത് കാണുന്നത്; പ്രതീക്ഷിക്കാതെ മുന്നില്‍ വന്ന വിഷ്വലാണത്; അയാളെ കിണറ്റില്‍നിന്ന് വലിച്ചെടുക്കുന്നതുവരെ തുടര്‍ച്ചയായി ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ലൈവായി പോയി'; ആ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ അനുഭവം പങ്കുവച്ച് മാതൃഭൂമിന്യൂസ് ക്യാമറമാന്‍ ഷിജിന്‍ നരിപ്പറ്റ

ആ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ അനുഭവം പങ്കുവച്ച് മാതൃഭൂമിന്യൂസ് ക്യാമറമാന്‍ ഷിജിന്‍ നരിപ്പറ്റ

Update: 2025-07-25 07:06 GMT

കണ്ണൂര്‍: വെള്ളിയാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിയ കൊടുംകുറ്റവാളി ഗോവിന്ദചാമിയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ പിടികൂടിയത് തളാപ്പിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട്ടിലെ കിണറ്റില്‍ നിന്നുമായിരുന്നു. കിണറ്റില്‍ നിന്നും പൊലീസ് സംഘം ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. തളാപ്പില്‍ കറുത്ത പാന്റും കറുത്ത ഷര്‍ട്ടും ധരിച്ച ഒരാളെ കണ്ടെന്ന വിനോജ് എന്ന ദൃക്‌സാക്ഷിയുടെ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

കണ്ണൂര്‍ തളാപ്പില്‍ ഗോവിന്ദച്ചാമിയെ കണ്ടെന്ന വിവരം ലഭിച്ചയുടനെ പോലീസ് പ്രദേശം വളഞ്ഞു. പോലീസിനെ പേടിച്ച് കിണറ്റിലേക്ക് ചാടിയ ഗോവിന്ദച്ചാമിയെ കിണറ്റില്‍ നിന്ന് പിടികൂടി തൂക്കിയെടുക്കുന്നത് ലോകം മുഴുവന്‍ കണ്ടത് മാതൃഭൂമി ന്യൂസ് പകര്‍ത്തിയ ദൃശ്യങ്ങളിലൂടെയായിരുന്നു. അതിസാഹസികമായി ദൃശ്യങ്ങള്‍ പകര്‍ത്തിയത് ക്യാമറമാന്‍ ഷിജിന്‍ നരിപ്പറ്റയാണ്. ഷിജിനോടൊപ്പം റിപ്പോര്‍ട്ടര്‍ രാഹുല്‍ കെ.വിയും ഒപ്പമുണ്ടായിരുന്നു. ആ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ അനുഭവം ഷിജിന്‍ പറയുന്നു.

ഗോവിന്ദച്ചാമിയെ കാണാതായെന്ന് അറിയുന്നത് തൊട്ടില്‍പാലത്ത് നില്‍ക്കുമ്പോഴാണ്. അവിടെനിന്ന് നേരെ കണ്ണൂരേക്ക്. ഇവിടെ എത്തുമ്പോള്‍ ഞാന്‍ രാഹുലിനോട് പറഞ്ഞു. ഇവര്‍ തിരയുന്ന തരത്തില്‍, ആ ഫീല്‍ ഉണ്ടാക്കുന്ന വിധത്തിലാണ് നമുക്ക് ഷൂട്ട് ചെയ്യേണ്ടതെന്ന്. ഇവിടെ വന്നപ്പോള്‍ തൊട്ടടുത്ത കാടിനകത്തുണ്ടെന്ന് സംശയം പറയുന്നതോടെ കാട്ടിലേക്കിറങ്ങുന്നു. കാട്ടില്‍ പോലീസുകാര്‍ക്കൊപ്പം ഇറങ്ങണമെന്ന് തീരുമാനിച്ചാണ് ഞങ്ങള്‍ വന്നത്. രണ്ടാളുടെ പൊക്കത്തിലുള്ള കുഴികളാണ്. മതില്‍ കഴിഞ്ഞാല്‍ കുഴി, കുഴി കഴിഞ്ഞാല്‍ ചെറിയ തോടാണ്. ഈ തോട് ഒരുതവണ കേറിയിറങ്ങി കുറേദൂരം നടന്നു. തൊട്ടുമുന്‍പില്‍ പോലീസുകാര്‍ തിരയുന്നു. അവര്‍ പോകുന്ന വഴിയേ പോയി.

അപ്പോഴാണ് ശബ്ദം കേള്‍ക്കുന്നത്. ശബ്ദം കേട്ടപ്പോള്‍ പോലീസ് പോയതിന്റെ പിന്നാലെ തന്നെ പോയി. ഒരു മതില്‍ കണ്ടു. മതില്‍ ചാടി വീഴുന്നത് ഒരു കുഴിയിലേക്കാണ്. ആ കുഴി കഴിഞ്ഞ് ഒരു മതില്‍. അതുകഴിഞ്ഞാണ് ഗോവിന്ദച്ചാമി കിണറ്റിലേക്ക് ചാടിയെന്ന് അറിയുന്നത്. ആദ്യം പോലീസുകാര്‍ ഞങ്ങളെ തടഞ്ഞു. അയാള്‍ താണുപോകുമെന്നായിരുന്നു അവരുടെ ഭയം. ഞങ്ങള്‍ അപ്പുറത്തെ സൈഡില്‍ പോയി. അവിടെനിന്ന് പോരാന്‍ നോക്കുമ്പോഴാണ് ഗോവിന്ദച്ചാമി കൈ ഉയര്‍ത്തുന്നത് കാണുന്നത്. പ്രതീക്ഷിക്കാതെ മുന്നില്‍ വന്ന വിഷ്വലാണത്. അയാളെ കിണറ്റില്‍നിന്ന് വലിച്ചെടുക്കുന്നതുവരെ തുടര്‍ച്ചയായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. ലൈവായി പോയി.

വണ്ടിയില്‍ കയറ്റി കൊണ്ടുപോകുന്നതു കൂടി എടുക്കാനോടി. പക്ഷേ, അവിടെയൊരു കാനയും കുഴിയുമുണ്ടായിരുന്നു. അവിടെ വീണു. ക്യാമറയുടെ റെക്കോഡിങ് ബട്ടണ്‍ അമര്‍ത്തിയെങ്കിലും വേറെ ഓപ്ഷന്‍സാണ് വന്നത്. എന്തായാലും ഗോവിന്ദച്ചാമിയെ വണ്ടിയില്‍ കയറ്റി. അതുവരെ അവിടെ നിന്നു. ഇതായിരുന്നു ആ എക്സ്‌ക്ലൂസീവ് ദൃശ്യത്തിലേക്ക് നയിച്ച യാത്ര.

Tags:    

Similar News