ഒരുകോടിയും 300 പവനും മോഷ്ടിച്ചത് 40 മിനിറ്റിനുള്ളില്‍; അബദ്ധത്തില്‍ സിസിടിവി ക്യാമറ തിരിച്ചുവെച്ചത് മുറിയിലേക്ക്; ക്യാമറയില്‍ പതിഞ്ഞ കഷണ്ടിയുള്ള ആളുടെ ദൃശ്യം നിര്‍ണായകമായി; ഡമ്മി ഉപയോഗിച്ച് ഡെമോയും; അയല്‍ക്കാരനായ മോഷ്ടാവിനെ കുരുക്കിയത് വെളിപ്പെടുത്തി പൊലീസ്
വളപട്ടണത്ത് വഴിത്തിരിവായയത് കഷണ്ടിയുള്ള ആ തലയുടെ സിസിടിവി ദൃശ്യം
കണ്ണൂര്‍: വളപട്ടണം മന്നയില്‍ അരി മൊത്ത വ്യാപാരിയുടെ വീട്ടില്‍നിന്ന് ഒരുകോടിയും 300 പവനും മോഷ്ടിച്ച കേസില്‍ അയല്‍ക്കാരനായ പ്രതി ലിജീഷിനെ കുരുക്കിയത് സ്വയം തിരിച്ചുവെച്ച സി.സി.ടി.വി. ക്യാമറയെന്ന് അന്വേഷണ സംഘം. ഈ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിലൂടെയാണ് മോഷ്ടാവ് കഷണ്ടിയുള്ള ആളാണെന്ന് മനസിലായെന്നതും ഡമ്മി ഉപയോഗിച്ച് ഡെമോ നടത്തിയെന്നും കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണല്‍ അജിത് കുമാര്‍ പറഞ്ഞു.
ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ പ്രതിയുടെ വിരലടയാളങ്ങളും നിര്‍ണായകമായെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍, കണ്ണൂര്‍ റൂറല്‍ എസ്പി എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനും ഒരു ക്യാമറ പ്രതി തിരിച്ചുവെച്ചിരുന്നു. എന്നാല്‍, മുറിയൂടെ ഉള്ളിലേക്കായിരുന്നു അബദ്ധത്തില്‍ തിരിച്ചുവെച്ചത്. മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനുമായിരുന്നു ഒരു ക്യാമറ തിരിച്ചുവച്ചത്.
മുറിയുടെ ഉള്ളിലേക്ക് തിരിച്ചുവെച്ച ഈ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കേസില്‍ മോഷണം നടന്ന വീട്ടുടമസ്ഥന് അഷ്റഫിന്റെ അയല്‍ക്കാരനായ ലിജീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് 250 പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. 35 ലോഡ്ജുകളില്‍ പരിശോധന നടത്തി. തെളിവുകള്‍ ശേഖരിച്ചശേഷം മിനിഞ്ഞാന്ന് ചോദ്യം ചെയ്യാന്‍ ലിജീഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നൂറോളം സി.സി.ടി.വി. ദൃശ്യങ്ങളും 115 സി.ഡി.ആറുകളും പരിശോധിച്ചതായും കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണല്‍ അജിത് കുമാര്‍ പറഞ്ഞു.
പരിസരവാസികളെ ചോദ്യം ചെയ്തത് നിര്‍ണായകമായി
അഷറഫിന്റെ വീടും പരിസരങ്ങളും സംബന്ധിച്ച് വ്യക്തമായി അറിയുന്ന ആളാണ് മോഷണം നടത്തിയത് എന്ന നിഗമനത്തില്‍ പോലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ എത്തിയിരുന്നു. തുടര്‍ന്ന് പരിസരവാസികളെ ചോദ്യംചെയ്തു. ലീജീഷിനെ ചോദ്യംചെയ്തതോടെ ചില സംശയങ്ങള്‍ പോലീസിനുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ഇയാള്‍ത്തന്നെയാണ് പ്രതിയെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് വ്യക്തതയുണ്ടാക്കിയത്. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു.
ലിജീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വിരലടയാളങ്ങള്‍ ശേഖരിച്ചപ്പോള്‍ കീച്ചേരിയിലെ പ്രതിയുടെ വിരലടയാളവുമായി സാമ്യം കണ്ടെത്തി. തെളിവുകള്‍ ഒന്നൊന്നായി നിരത്തിയതോടെ ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പ്രതി കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പത്തുമണിയോടെ തന്നെ പ്രതിയുടെ വീട്ടില്‍ നിന്ന് മോഷണവസ്തുക്കള്‍ കണ്ടെടുത്തു. 1.21 കോടി രൂപയും 267 പവന് സ്വര്‍ണ്ണവുമാണ് കണ്ടെടുത്തത്. സഞ്ചിയിലാക്കിയാണ് മോഷണ വസ്തുക്കള്‍ വീട്ടില്‍ നിന്ന് കൊണ്ടുപോയത്.
ഇതേ സഞ്ചിയില്‍ തന്നെയായിരുന്നു പണം സൂക്ഷിച്ചിരുന്നത്. കീച്ചേരിയിലെ മോഷണ കേസിലും ലിജീഷ് പ്രതിയാണ്. മറ്റു കേസുകള്‍ ഉണ്ടോയെന്ന് പരിശോധിച്ച് വരുകയാണ്. പണവും സ്വര്‍ണ്ണവും ഉണ്ടെന്ന് അറിഞ്ഞാണ് വീട്ടില്‍ കയറിയത് വീട്ടുകാരുമായി മോഷ്ടാവിന് വലിയ അടുപ്പം ഇല്ല. ആദ്യ ദിവസം 40 മിനുട്ട് കൊണ്ട് മോഷണം നടത്തി. മാസ്ക് ധരിച്ചാണ് മോഷണത്തിനെത്തിയിരുന്നത്. മോഷണം നടന്നശേഷം വീട്ടിലെത്തി മാസ്കും വസ്ത്രവും കത്തിച്ചുകളഞ്ഞു. നഷ്ടമായ സ്വര്‍ണവും പണവും അതേ അളവില്‍ തിരിച്ചുകിട്ടിയോ എന്ന കാര്യം ഉള്‍പ്പെടെ പരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.
40 മിനിറ്റുള്ള ഓപ്പറേഷന്
ഇരുപതാം തീയതിയാണ് മോഷണം നടത്തിയത്. 40 മിനിറ്റുള്ള ഓപ്പറേഷനിലാണ് ലിജീഷ് മോഷണം പൂര്‍ത്തിയാക്കിയത്. സി.സി.ടി.വി. ക്യാമറയെ വെട്ടിക്കാന്‍ ഇയാള്‍ പരമാവധി ശ്രമിച്ചു. ദൃശ്യത്തില്‍പ്പെടാതിരിക്കാന്‍ ഒരു സി.സി.ടി.വി. ക്യാമറ തിരിച്ചുവെച്ചപ്പോള്‍, ഇത് വീട്ടിലെ ഒരു മുറിയുടെ ദൃശ്യങ്ങള്‍ വ്യക്തമാവുന്ന തരത്തിലായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങനെ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായതെന്ന് പോലീസ് വ്യക്തമാക്കുന്നു.
സി.സി.ടി.വി. പരിശോധനയില്‍ കഷണ്ടിയുള്ള ആളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ആളുടെ മുഖം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഡമ്മി ആളെ ഉപയോഗിച്ച് വെച്ച് ഡമോ നടത്തിനോക്കി. പരിസരങ്ങളിലെ വീടുകളിലെയും കടകളിലെയും മറ്റും നൂറോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. പഴയ സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിച്ച് പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ അറിയുന്നതിനായി 115 സി.ഡി.ആറുകളും പരിശോധിച്ചു.
മറന്നുവച്ച ഉളി തിരിച്ചെടുക്കാനെത്തി
അഷ്റഫിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണത്തേയും സ്വര്‍ണത്തേയും കുറിച്ച് ലിജീഷിന് കൃത്യമായ ധാരണയുണ്ടായിരുന്നു. മോഷണത്തിനായി ഉപയോഗിച്ച ഉളി ഇയാള്‍ മോഷണത്തിനിടെ വീട്ടില്‍വെച്ച് മറന്നു. ഇത് തിരിച്ചെടുക്കാന്‍ 21-ാം തീയതി വീട്ടിനുള്ളില്‍ വീണ്ടും കടന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ലെന്നും ലിജീഷ് ചോദ്യം ചെയ്യലില്‍ മൊഴി നല്കി. ഇത്തരത്തില്‍ തിരിച്ചുവരുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. പോലീസ് നടത്തിയ പരിശോധനയില്‍ പിന്നീട് ഉളി കണ്ടെത്തിയെന്ന് കമ്മിഷണര്‍ അറിയിച്ചു.
ബാഗിലും സഞ്ചിയിലുമായാണ് പണവും സ്വര്‍ണ്ണവും എടുത്തത്. മോഷണസമയത്ത് ധരിച്ച ടീ ഷര്‍ട്ടും മാസ്കും വീട്ടിലെത്തിയ ശേഷം കത്തിച്ചുകളഞ്ഞെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. അതിനാല്‍ ഇത് കണ്ടെടുക്കാനായിട്ടില്ല. കീച്ചേരിയിലെ കേസും വളപട്ടണത്തെ കേസും തമ്മില്‍ സാമ്യമുണ്ടായിരുന്നു. വിരലടയാള പരിശോധനയിലാണ് രണ്ടും നടത്തിയത് ലിജീഷാണെന്ന് വ്യക്തമായത്.
മോഷണ ശേഷം പ്രതി വീട്ടിലേക്കാണ് പോയത്. അഷ്റഫിന്റെ വീടിന് പിന്നിലാണ് ലിജീഷിന്റെ വീട്. ഡോഗ് സ്ക്വാഡ് റെയില്‍വെ ട്രാക്കിലൂടെ പോയി ലിജീഷിന്റെ വീടിന് സമീപം എത്തിയിരുന്നു. മോഷണം നടന്ന സമയത്തോ മറ്റോ പ്രതി റെയില്‍വെ ട്രാക്ക് വഴി പോയിരിക്കാമെന്നും പൊലീസ് പറഞ്ഞു. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത 1.21 കോടിയുടെ നോട്ടുകെട്ടുകളും 267 പവന്റെ സ്വര്‍ണാഭരണങ്ങളും ചുവന്ന വലിയ സ്യൂട്ട് കേയ്സിലാണ് പൊലീസ് കൊണ്ടുവന്നത്. പ്രതിയെയും മോഷണ മുതലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊലീസ് പ്രദര്‍ശിപ്പിച്ചു.
കൂടുതല്‍ അന്വേഷണം നടക്കുന്നതായി കമ്മിഷണര്‍ അറിയിച്ചു. ഇന്ന് തന്നെ റിമാന്‍ഡ് ചെയ്യും. കുറച്ചുദിവസം കഴിഞ്ഞ് കസ്റ്റഡിയില്‍ വാങ്ങും. കൂടുതല്‍ ചോദ്യംചെയ്യല്‍ നടത്തുമെന്നും ഇയാള്‍ മറ്റുകേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.