'കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ എഡിജിപി പി വിജയന് ബന്ധമെന്ന് മുന്‍ എസ്പി സുജിത് ദാസ് പറഞ്ഞു'; ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ ആരോപണവുമായി എം.ആര്‍. അജിത് കുമാര്‍; മൊഴി വാസ്തവ വിരുദ്ധമെന്ന് സുജിത് ദാസ്; പി വിജയന് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും പ്രതികരണം

സര്‍ക്കാര്‍ പുറത്തുവിട്ട രേഖയിലാണ് പരാമര്‍ശം

Update: 2024-10-15 15:01 GMT

കൊച്ചി: എഡിജിപി പി.വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് എം.ആര്‍. അജിത് കുമാര്‍. ഡിജിപിക്ക് നല്‍കിയ മൊഴിയിലാണ് വിജയനെതിരെ ആരോപണമുള്ളത്. കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പി. വിജയന് പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചെന്നാണ് അജിത് കുമാറിന്റെ മൊഴി. എന്നാല്‍ ഇതുസംബന്ധിച്ച് അജിത് കുമാര്‍ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ഐജി ആയിരിക്കുന്ന കാലത്ത് സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായാണ് ആരോപണം. സര്‍ക്കാര്‍ പുറത്തുവിട്ട രേഖയിലാണ് പരാമര്‍ശം.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ മറ്റു ചില അംഗങ്ങള്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി സുജിത് ദാസ് അറിയിച്ചു. സുജിത് ദാസ് വിവരമറിയിച്ചതിന് ശേഷമാണ് സ്വര്‍ണക്കടത്തിനെതിരെ കര്‍ശന നടപടിക്ക് താന്‍ നിര്‍ദേശിച്ചതെന്നും അജിത് കുമാര്‍ പറയുന്നു. അജിത് കുമാറിനും സുജിത് ദാസിനും സ്വര്‍ണക്കടത്തുമായി ബന്ധമുള്ളതായി പി.വി. അന്‍വര്‍ എംഎല്‍എ ആരോപിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ ഭാഗം വിശദീകരിക്കവേ വിജയനെതിരെ അജിത് കുമാര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പി.വി. അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വച്ചിരുന്നു. ഇതിലാണ് അജിത് കുമാറിന്റെ മൊഴി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അതേ സമയം എഡിജിപി പി വിജയന് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും എഡിജിപി അജിത് കുമാറിന്റെ മൊഴി വാസ്ത വിരുദ്ധമാണെന്നും മുന്‍ എസ്പി സുജിത് ദാസ് പറഞ്ഞു. എംആര്‍ അജിത് കുമാര്‍ താന്‍ അങ്ങനെ പറഞ്ഞു എന്ന തരത്തില്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും സുജിത് ദാസ് പറഞ്ഞു. പിടിക്കുന്ന സ്വര്‍ണം കസ്റ്റംസിന് കൈമാറാന്‍ ഒരു ഉദ്യോഗസ്ഥനും തന്നോട് പറഞ്ഞിട്ടില്ലെന്നും സുജിത് ദാസ് വ്യക്തമാക്കി. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പി വിജയന് ബന്ധമുള്ളതായി മുന്‍ എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിരുന്നുവെന്നാണ് എംആര്‍ അജിത്കുമാര്‍ ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നത്.

Tags:    

Similar News