സര്‍ക്കാരിന്റെ ഉത്തരവ് പൗരന്മാരുടെ മൗലികാവകാശ ലംഘനം! പൊതുയിടങ്ങളില്‍ ആര്‍എസ്എസ് പരിപാടികള്‍ തടയാന്‍ ലക്ഷ്യമിട്ട് ഇറക്കിയ ഉത്തരവില്‍ കര്‍ണാടക സര്‍ക്കാരിന് കനത്ത തിരിച്ചടി; ഹൈക്കോടതി സ്റ്റേ ചെയ്തു; അപ്പീല്‍ നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി
അപ്പീല്‍ നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി
ബംഗളൂരു: പൊതുയിടങ്ങളില്‍ ആര്‍എസ്എസ് പരിപാടികള്‍ തടയാന്‍ ലക്ഷ്യമിട്ട് ഉത്തരവിറക്കിയ കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി. പൊതുയിടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന് ഉത്തരവിന് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ഇടക്കാല സ്റ്റേ അനുവദിച്ചത് കര്‍ണാടക ഹൈക്കോടതിയുടെ ധാര്‍വാഡ് ബെഞ്ചാണ്. കേസ് നവംബര്‍ 17ന് വീണ്ടും പരിഗണിക്കും. അപ്പീല്‍ നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കര്‍ണാടക സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ഹുബ്ബള്ളി പൊലീസ് കമ്മീഷണര്‍ക്കും കോടതി നോട്ടീസയച്ചു.മുന്‍കൂര്‍ അനുമതിയില്ലാതെ പത്തില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് ക്രിമിനല്‍ കുറ്റമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പൊലീസ് ആക്ടിന് കീഴിലുള്ള വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി റോഡ്, കളിസ്ഥലം എന്നിവ ഒത്തുചേരലിന് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ ഒത്തുചേരലും സംരക്ഷിക്കുന്ന അവകാശങ്ങള്‍ സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഒരു സര്‍ക്കാര്‍ ഉത്തരവിനും ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങള്‍ മറികടക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അതേസമയം, ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായ മുഴുവന്‍ നീക്കവും നടത്തുന്നത് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെയാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു.
ആര്‍എസ്എസ് സമാധാനപരമായ രീതിയിലാണ് മാര്‍ച്ചുകളും ഘോഷയാത്രകളും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസും മറ്റ് സംഘടനകളും സര്‍ക്കാര്‍ സ്ഥലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക് ഖാര്‍ഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിരുന്നു. പിന്നാലെയായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
എന്നാല്‍, സര്‍ക്കാരിന്റെ ഈ നീക്കം ഏതെങ്കിലും പ്രത്യേക സംഘടനയെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് കര്‍ണാടക പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച് കെ പാട്ടീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സംഘടനയെക്കുറിച്ചോ ആ സംഘടനയെക്കുറിച്ചോ പ്രത്യേകമായി ഒന്നുമില്ല. സര്‍ക്കാര്‍ സ്വത്തുക്കള്‍ ശരിയായ ആവശ്യങ്ങള്‍ക്ക്, ശരിയായ അനുമതിയോടെ മാത്രമേ ഉപയോഗിക്കാവൂ. ഏത് ലംഘനവും നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ച് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിദ്ധരാമയ്യ സര്‍ക്കാരിന് ഇതൊരു വലിയ തിരിച്ചടിയാണ്. പ്രിയങ്ക് ഖാര്‍ഗെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആര്‍എസ്എസിനെ നിരോധിക്കുന്നതിനെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയായിരുന്നു. ഈ ഹൈക്കോടതി വിധിയിലൂടെ സംസ്ഥാന സര്‍ക്കാരിന് വായടയ്ക്കേണ്ടിവരും, കാരണം ഇന്ന് നീതി വിജയിച്ചു എന്ന് കോടതിയുടെ തീരുമാനത്തോട് പ്രതികരിച്ച സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബി വൈ വിജയേന്ദ്രന്‍ പറഞ്ഞു. ധാര്‍വാഡ് ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
പൗരന്മാരുടെ മൗലികാവകാശ ലംഘനം
ഹര്‍ജിക്കാരന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അശോക് ഹരണഹള്ളി, സര്‍ക്കാരിന്റെ ഉത്തരവ് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്ക്‌മേലുള്ള നിയന്ത്രണമാണെന്ന് വാദിച്ചു. 'പത്തില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നതിന് അനുമതി വാങ്ങണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നു. ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശത്തിന്മേലുള്ള നിയന്ത്രണമാണ്. ഒരു പാര്‍ക്കില്‍ ഒരു പാര്‍ട്ടി നടത്തിയാല്‍ പോലും അത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമവിരുദ്ധമായ ഒത്തുചേരലാകും,' ഹരണഹള്ളി വാദത്തിനിടെ പറഞ്ഞു.
സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് പുനശ്ചൈതന്യ സേവാ സംസ്ഥെ എന്ന സംഘടനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിയമപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സ്വകാര്യ സംഘടനകളുടെ അവകാശങ്ങളെ ഈ നീക്കം ലംഘിക്കുന്നുവെന്ന് ഹര്‍ജിയില്‍ വാദിച്ചിരുന്നു. ഈ മാസം ആദ്യം പുറത്തിറക്കിയ സ്റ്റേ ചെയ്ത സര്‍ക്കാര്‍ ഉത്തരവില്‍ പൊതു-സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജ് ഗ്രൗണ്ടുകളിലും മറ്റ് സ്ഥാപനപരമായ സ്ഥലങ്ങളിലും വകുപ്പ് മേധാവികളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ സ്വകാര്യ അല്ലെങ്കില്‍ സാമൂഹിക സംഘടനകള്‍ പരിപാടികള്‍, യോഗങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. നിയമം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും കര്‍ണാടക ലാന്‍ഡ് റവന്യൂ, വിദ്യാഭ്യാസ നിയമങ്ങള്‍ പ്രകാരം ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
