ഇന്ത്യയിലെത്തിയത് ബിസിനസ് വിസയിലും മെഡിക്കല്‍ വിസയിലും; കഴിഞ്ഞ ആറ് മാസത്തിനിടെ 59 തവണ ഡല്‍ഹി - മുംബൈ- ബെംഗളുരു യാത്ര; ഒരിക്കല്‍ പോലും വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടില്ല; എംഡിഎംഎയുമായി പിടിയിലായ ദക്ഷിണാഫ്രിക്കന്‍ സ്ത്രീകളുടെ മൊഴി പുറത്ത്

എംഡിഎംഎയുമായി പിടിയിലായ ദക്ഷിണാഫ്രിക്കന്‍ സ്ത്രീകളുടെ മൊഴി പുറത്ത്

Update: 2025-03-16 12:16 GMT

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് 73 കോടി രൂപ വിലമതിക്കുന്ന 38.87 കിലോ എംഡിഎംഎ പിടികൂടിയ കേസില്‍ അറസ്റ്റിലായ രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ സുപ്രധാന കണ്ണികളായ രണ്ടു ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ലഹരി വിതരണം ചെയ്യുന്നതെങ്ങനെ എന്നതില്‍ വിശദമായ മൊഴിയാണ് പ്രതികള്‍ പൊലീസിന് നല്‍കിയിരിക്കുന്നത്. ബാംബ ഫന്റ (31), അബിഗയില്‍ അഡോണിസ് (30) എന്നിവരുടെ മൊഴികളാണ് പുറത്തുവന്നത്. ഇന്ത്യയില്‍ ലഹരി വിതരണം ചെയ്യുന്ന കണ്ണികളിലെ പ്രധാനികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയില്‍ ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ ലഹരി വേട്ടയാണിത്.

15 ദിവസം കൂടുമ്പോഴാണ് ബംബയും അബിഗെയ്‌ലും ഡല്‍ഹിയില്‍ നിന്ന് ബെംഗളുരുവിലേക്ക് വരുന്നത്. 24 മണിക്കൂറിനകം സ്റ്റോക്ക് പ്രാദേശിക ലഹരി വിതരണക്കാര്‍ക്ക് നല്‍കി അവര്‍ തിരികെ ഡല്‍ഹിക്ക് പോകും. ബെംഗളുരുവിലേക്ക് മാത്രമല്ല മുംബൈയ്ക്കും ലഹരിക്കടത്ത് നടത്തിയെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.

ഒരാള്‍ ബിസിനസ് വിസയിലും ഒരാള്‍ മെഡിക്കല്‍ വിസയിലുമാണ് ഇന്ത്യയിലെത്തിയത്. രണ്ട് പേരുടെയും വിസ കാലാവധി കഴിഞ്ഞിരുന്നു. കഴിഞ്ഞ 6 മാസത്തിനിടെ 59 തവണ ഇവര്‍ ഡല്‍ഹി - മുംബൈ- ബെംഗളുരു യാത്ര നടത്തിയിട്ടുണ്ട്. ഇതെല്ലാം ലഹരി കടത്താന്‍ വേണ്ടിയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഇത്ര തവണ ലഹരിയുമായി യാത്ര ചെയ്തിട്ടും ഒരു തവണ പോലും ഇവര്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടില്ല എന്നത് സംശയാസ്പദമായി നിലനില്‍ക്കുന്നുവെന്നും പൊലീസ് പറയുന്നു.

സംസ്ഥാനത്തികത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിലേക്കു ലഹരിമരുന്ന് വിതരണം ചെയ്തിരുന്നവരെയാണ് മംഗളൂരു സിസിബി പൊലീസ് അറസ്റ്റ് ചെയ്തത്. 2024ല്‍ പമ്പ്വെല്ലിനു സമീപമുള്ള ലോഡ്ജില്‍വച്ചു ലഹരിമരുന്ന് വില്‍പന നടത്തിയ ഹൈദര്‍ അലി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് അന്വേഷണത്തിലൂടെയാണ് അലിക്കു ലഹരിമരുന്നു നല്‍കിയിരുന്ന നൈജീരിയന്‍ പൗരനായ പീറ്റര്‍ ഇകെഡി ബെലോണ്‍വോയെ ബെംഗളൂരുവില്‍നിന്നു പിടികൂടിയത്. അന്നത്തെ ഓപറേഷനില്‍ 6.248 കിലോഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

പിന്നീട് നടന്ന ആറു മാസം നീണ്ട അന്വേഷണത്തിലൂടെയാണു മറ്റൊരു വന്‍ ലഹരി വേട്ടയിലേക്ക് പൊലീസ് എത്തിയത്. ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്കും മറ്റു നഗരങ്ങളിലേക്കും വിമാനമാര്‍ഗം എംഡിഎംഎ എത്തിക്കുന്നവരാണു പിടിയിലായ വനിതകള്‍. ബെംഗളൂരു നഗരത്തിലേക്കു രണ്ടു വിദേശവനിതകള്‍ ലഹരിയുമായി എത്തുന്നുവെന്ന രഹസ്യവിവരം മാര്‍ച്ച് 14നാണ് മംഗളൂരു പൊലീസിനു ലഭിച്ചത്. തുടര്‍ന്ന് ഇലക്ടോണിക് സിറ്റിക്കു സമീപമുള്ള നീലാദ്രി നഗറില്‍ വച്ച് ഇവരെ പിടികൂടുകയായിരുന്നു.

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ നിന്നുള്ള അഡോണിസ് ജബൂലി (31), ആബിഗലി അഡോണിസ് (30) എന്നിവരെയാണ് 37.8 കിലോ എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഡല്‍ഹിയില്‍ താമസിച്ചു വരികയായിരുന്നു.

ഇവരുടെ പക്കല്‍ നിന്ന് രണ്ട് ട്രോളി ബാഗുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, രണ്ട് പാസ്പോര്‍ട്ട്, 18000 രൂപ എന്നിവ പിടിച്ചെടുത്തു. 2016 ലാണ് ആബിഗലി ഇന്ത്യയിലെത്തിയത്. തുണിക്കച്ചവടവുമായി ഇവിടെ തുടരുകയായിരുന്നു. 2020 ഇന്ത്യയിലെത്തിയ അഡോണിസ് ഡല്‍ഹിയില്‍ ഒരു ഫുട്കാര്‍ട്ടില്‍ ജോലി ചെയ്യുകയായിരുന്നു എന്നാണ് വിവരം. ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത് മുതല്‍ യുവതികള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മനോജ് കുമാര്‍ എസിപി നയിക്കുന്ന സിസിബി ടീം ആണ് ഓപ്പറേഷന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

Tags:    

Similar News