മൂത്തമകന്റെ പിറന്നാള്‍ ആഘോഷത്തിന് തയ്യാറെടുത്ത കുടുംബം; ഇളയ കുട്ടിയെ അമ്മൂമ്മയ്‌ക്കൊപ്പം കിടത്തി കഞ്ഞി എടുക്കാന്‍ പോയ അമ്മ; സോഡിയം കുറയുന്ന അസുഖമുള്ള അമ്മൂമ്മയ്ക്ക് മാനസിക പ്രശ്‌നം; അങ്കമാലിയെ നടുക്കി ആറു മാസം പ്രായമുള്ള ഡെല്‍നയുടെ കൊലപാതകം; റോസ് ലി കസ്റ്റഡിയില്‍; കറുകുറ്റിയിലെ വീട്ടില്‍ സംഭവിച്ചത്

Update: 2025-11-06 00:57 GMT

കൊച്ചി: അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് തന്നെ. കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ് നിര്‍ണ്ണായക നീക്കങ്ങളിലേക്ക് കടന്നു. കുട്ടിയുടെ അമ്മൂമ്മ കസ്റ്റഡിയിലാണ്. കുഞ്ഞിന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ചതെന്ന് കരുതുന്ന കത്തി പോലീസ് കണ്ടെടുത്തു. കുഞ്ഞിനെ അമ്മൂമ്മ റോസ്ലി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡെല്‍ന മറിയം സാറയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മ റോസ്ലി(60)യുടെ അറസ്റ്റ് രേഖപ്പെടുത്തും. റോസ്ലിക്ക് മാനസിഭ്രാന്തി ഉണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. കുഞ്ഞിന്റെ കഴുത്തിലാണ് മുറിവുണ്ടായിരുന്നത്. മുറിവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ അങ്കമാലി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുഞ്ഞിന്റെ ബന്ധുക്കളുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം എത്തിനിന്നത് റോസ്ലിയിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. റോസ്ലി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മൂമ്മ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീട്ടില്‍ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികില്‍ കിടത്തിയിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മ അടുക്കളയിലായിരുന്നു. ഒച്ചകേട്ട് അമ്മ വന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കഴുത്തില്‍ നിന്ന് ചോര വരുന്ന രീതിയില്‍ കണ്ടത്. പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ അടുത്ത് അമ്മൂമ്മ കിടന്നിരുന്നു. രണ്ടു മാസം മുമ്പ് ഓവര്‍ഡോസ് മരുന്ന് കഴിച്ച് ആശുപത്രിയിലടക്കം ആയിരുന്നു. അമ്മൂമ്മക്കായി കുഞ്ഞിന്റെ അമ്മ കഞ്ഞിയെടുക്കാനായി അടുക്കളയിലേക്ക് പോയപ്പോഴാണ് സംഭവം.

ആശുപത്രിയില്‍ വെച്ച് ആഴത്തിലുള്ള മുറിവ് കണ്ട് സംശയിച്ചാണ് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചത്. മാനസികപ്രശ്‌നം അടക്കമുള്ളയാളാണ് അമ്മൂമ്മയെന്നും സോഡിയം കുറയുന്ന അസുഖം അടക്കം ഇവര്‍ക്കുണ്ടെന്നുമാണ് സൂചന.

പോലീസ് പറയുന്നത്

കറുകുറ്റി ചീനി കരിപ്പാലയില്‍ ആറാട്ട് പുഴക്കടവില്‍ ആന്റണിയുടെയും റൂത്തിന്റെയും മകള്‍ ഡല്‍ന മരിയ സാറയാണ് കൊല്ലപ്പെട്ടത്. റൂത്തിന്റെ മാതാവ് റോസിയാണ് കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച റോസിയെ പൊലീസ് നിരീക്ഷണത്തില്‍ മൂക്കന്നൂര്‍ എം.എ.ജി.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍നയുടെ സഹോദരന്‍ ഡാനിയുടെ (4) പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കം നടക്കവേ, രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ആന്റണിയും റൂത്തിന്റെ പിതാവ് ദേവസിക്കുട്ടിയുമെല്ലാം വീട്ടിലുണ്ടായിരുന്നു. കുഞ്ഞിനെ അമ്മയുടെ അടുത്തു കിടത്തി റൂത്ത് അടുക്കളയില്‍ ഭക്ഷണം എടുക്കാന്‍ പോയി. മുറ്റത്തുണ്ടായിരുന്ന ആന്റണി കുഞ്ഞിന്റെ കരച്ചില്‍ കേട്ട് മുറിയില്‍ എത്തിയപ്പോള്‍ ചോരയില്‍ കുളിച്ചനിലയിലാണ് കുഞ്ഞിനെ കണ്ടത്. കഴുത്തില്‍ മുറിവേറ്റ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടറാണ് പൊലീസിനെ വിവരം അറിയിച്ചത്.

''കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു. വീണതോ മറ്റോ ആണെന്നാണ് കരുതിയത്. വണ്ടിയെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒമ്പതര ആയപ്പോള്‍ മരിച്ചെന്ന് അറിഞ്ഞു,'' ആശുപത്രിയില്‍ കൊണ്ടുപോയ അയല്‍വാസി പറഞ്ഞു.പൊലീസ് പരിശോധനയില്‍ റോസിയുടെ മുറിയില്‍ കത്തി കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുള്ളതായി വീട്ടുകാര്‍ മൊഴി നല്‍കി. നില മെച്ചപ്പെടുന്ന മുറയ്ക്ക് ചോദ്യംചെയ്യും.വിരലടയാള, ഫോറന്‍സിക് വിദഗ്ദ്ധര്‍ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. ഡിവൈ.എസ്.പി ടി.ആര്‍. രാജേഷിന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി. ചെല്ലാനം സ്വദേശിയാണ് ആന്റണി. ഭാര്യാ കുടുംബത്തിനൊപ്പം മാസങ്ങളായി ചീനിയിലാണ് താമസം.

Tags:    

Similar News