'പണി മനസ്സിലാക്കി തരാം'; ഈ മാസത്തെ പകുതി നല്‍കിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യം എന്തെന്നാണ് ചോദിക്കുന്ന മുന്‍ ഏര്യാ സെക്രട്ടറി; അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും ഭീഷണി; ഓസ്‌ട്രേലിയയില്‍ പണിയെടുത്തുണ്ടാക്കിയ പണം നിക്ഷേപിച്ച സാബുവിന്റെ ആത്മഹത്യയ്ക്ക് കാരണം ഈ ഫോണ്‍ സംഭാഷണം; കട്ടപ്പന ക്രൂരത സഖാക്കള്‍ വക
ഇടുക്കി: ഇതാണോ കേരളം... ഇതാകണമോ കേരളം...? ചിന്തിക്കേണ്ടത് ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്. കട്ടപ്പനയിലെ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് വി ആര്‍ സജി ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്ത് വരുമ്പോള്‍ ഞെട്ടലിലാണ് കേരളം. നിക്ഷേപിച്ച പണം ചോദിച്ചതിനാണ് ഈ രാഷ്ട്രീയ ഭീഷണി. സിപിഎം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആര്‍ സജി. ഈ ഭീഷണിയുടെ തുടര്‍ഫലമായിരുന്നു സജിയുടെ ആത്മഹത്യ. കെടുകാര്യസ്ഥതയില്‍ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്നവര്‍ പണം നിക്ഷേപിച്ചവരോട് എടുക്കുന്ന സമീപനത്തിന് തെളിവാണ് ഈ സംഭവം. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കെടുകാര്യസ്ഥത മറയ്ക്കാനായിരുന്നു ഭീഷണി.
താന്‍ ബാങ്കില്‍ പണം ചോദിച്ച് എത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു. ഈ മാസത്തെ പണത്തില്‍ പകുതി നല്‍കിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യം എന്തെന്നാണ് സജി തിരിച്ച് ചോദിക്കുന്നത്. വിഷയം മാറ്റാന്‍ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പറഞ്ഞ സജി, 'പണി മനസ്സിലാക്കി തരാം' എന്ന് സാബുവിനെ ഭീഷണിപ്പെടുത്തി. പണം തരാന്‍ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോള്‍ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്. സിസിടിവി പരിശോധിച്ചാല്‍ സത്യം തെളിയുമെന്ന് സജി പറയുമ്പോള്‍ നേതാവ് ഫോണ്‍ കട്ടു ചെയ്യുന്നു. അതായത് തെളിവും സത്യവുമൊന്നും സഖാവിന് വേണ്ടാക്കാലം.
കേസില്‍ കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സാബു ബാങ്കില്‍ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. പ്രാഥമിക പരിശോധനയില്‍ സാബുവും ജീവനക്കാരും തമ്മില്‍ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോള്‍ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരം.
കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ ആണ് ആത്മഹത്യ. തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ബാങ്കിന് പിന്നില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു കഴിഞ്ഞ ദിവസം ബാങ്കില്‍ എത്തിയിരുന്നു. എന്നാല്‍ നിക്ഷേപ തുക തിരികെ ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. രാവിലെ 7.30ഓടെയാണ് സാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിന്റെ പടികള്‍ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കട്ടപ്പനയില്‍ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചിരുന്നു. 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഈ പണം തിരിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബാങ്ക് പ്രതിസന്ധിയിലായിരുന്നതിനാല്‍ മാസംതോറും നിശ്ചിത തുക നല്‍കാമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് തുക നല്‍കിയിരുന്നു. എന്നാല്‍, ഇന്നലെ ഭാര്യയുടെ ചികിത്സാര്‍ത്ഥം കൂടുതല്‍ തുക ആവശ്യപ്പെട്ട് ഇന്നലെ ബാങ്കിലെത്തിയിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി തര്‍ക്കമുണ്ടായിരുന്നു. തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സാബുവിന്റെ ഭാര്യ. രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്ക് രണ്ടു വര്‍ഷം മുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴില്‍ വരുന്നത്.പ്രതിസന്ധിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കാണ്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമാണ് ഇവിടെയുള്ളത്. സാബുവിന്റെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാബുവിന്റെ പാന്റസിന്റെ പോക്കറ്റില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ഭാര്യയുടെ ചികിത്സക്ക് പണം ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും അപമാനിച്ചെന്നും മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. എല്ലാവരും അറിയാന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ആത്മഹത്യാക്കുറിപ്പ് സാബു എഴുതിയിരിക്കുന്നത്.
തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറിയും ജീവനക്കാരായ രണ്ടു പേരുമാണെന്നും ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണം നിക്ഷേപിച്ച ബാങ്കില്‍ നിന്ന് തന്റെ ഭാര്യയുടെ ചികിത്സക്കായി പണം ആവശ്യപ്പെട്ട് ചെന്നപ്പോള്‍ അപമാനിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ ആയിരുന്നു സാബു മുമ്പ് ജോലി ചെയ്തിരുന്നത്. അങ്ങനെ സമ്പാദിച്ച തുകയാണ് ഈ സൊസൈറ്റിയില്‍ നിക്ഷേപിച്ചത്.