ശവത്തിനൊപ്പം നിന്നാല്‍ ശാന്തത ലഭിക്കാത്തതിനാല്‍ ആസ്ട്രല്‍ പ്രൊജക്ഷന്റെ അടുത്ത ഘട്ടം ആലോചിക്കാന്‍ ചെന്നൈയിലേക്ക് പോയതത്രെ; പരീക്ഷിച്ചത് മറ്റുള്ളവരുടെ ആത്മാവിനെ സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ച് ശക്തനാകുന്ന രീതിയെന്ന് ആദ്യ മൊഴി; ആസ്ട്രല്‍ പ്രൊജക്ഷനെ പൊളിച്ച് കേരളാ പോലീസ്; ജഡ്ജി വിഷ്ണുവിന്റെ വിധി അടിസ്ഥാന പ്രമാണമാകും

ജഡ്ജി വിഷ്ണുവിന്റെ വിധി അടിസ്ഥാന പ്രമാണമാകും

Update: 2025-05-13 13:36 GMT

തിരുവനന്തപുരം: അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടെ നാലുപേരെ ക്രൂരമായി കൊലപ്പെടുത്തി കത്തിച്ചത് അവരുടെ ആത്മാവിനെ സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ച് ശക്തനാകാനാണെന്ന കേഡല്‍ ജീന്‍സണ്‍ രാജയുടെ വാദം പൊളിച്ചതാണ് ശിക്ഷാ വിധിയില്‍ നിര്‍ണ്ണായകമായത്. അന്വേഷണ സംഘത്തിന്റെ ശാസ്ത്രീയ ചോദ്യം ചെയ്യലിലാണ് ഇതില്‍ നിര്‍ണ്ണായകമായത്. മനോരോഗ വിദഗ്ധരുടെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യില്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ഭ്രമാത്മകമായ കഥ പൊളിഞ്ഞു. ഇതോടെ കോടതിയ്ക്ക് പ്രതിയെ ശിക്ഷിക്കാനും കഴിഞ്ഞു.

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.വിഷ്ണുവിന്റെ വിധി വന്നതോടെ നിലവില്‍ 32 കാരനായ കേഡല്‍ ഏറ്റവും കൂറഞ്ഞത് 50 വയസ് വരെയെങ്കിലും തടവറക്കുള്ളിലായിരിക്കുമെന്ന് വ്യക്തമായി. കൊല നടത്തിയ സമയത്ത് മുടിയൊക്കെ നീട്ടി വളര്‍ത്തിയ രൂപമാണെങ്കില്‍ ജയിലില്‍ കേഡല്‍ ആകെ മാറി. ഇപ്പോള്‍ മുടിയൊക്കെ വെട്ടി, ചീകിയൊതുക്കിയാണ് പുറത്തിറങ്ങുന്നത്. 65 ദിവസം വിചാരണ നീണ്ടിരുന്നു. ഇതില്‍ മിക്കദിവസവും കേഡല്‍ കോടതിയിലെത്തുകയും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു.

എന്നാല്‍ ഇനി ജീവിതം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. അതുകൊണ്ട് ഹോട്ടല്‍ പൊറോട്ടയും ഡബിള്‍ ഓംലെറ്റും കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടും.

കൊലപാതകത്തിന് നാലാം നാള്‍ കേഡല്‍ പിടിയിലായി. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കു മടങ്ങവേ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. എങ്കിലും മാനസിക ആരോഗ്യപ്രശ്‌നം പറഞ്ഞാണ് വിചാരണ വര്‍ഷങ്ങളോളും വൈകിച്ചത്.

എന്നാല്‍ കോടതി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വിചാരണക്ക് പ്രാപ്തനാണെന്നും കണ്ടെത്തി. ഇതോടെയാണ് കോടതിയില്‍ വിസ്താരം തുടങ്ങിയത്. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന വിചിത്ര പരീക്ഷണത്തിനാണ് ഈ അരുംകൊല ചെയ്തതെന്ന റിപ്പോര്‍ട്ടുകള്‍ തുടക്കത്തിലുണ്ടായിരുന്നു. ഇത് ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു.

എന്നാല്‍, ഇത്തരം അന്ധവിശ്വാസമല്ല കൊലക്ക് കാരണമെന്നും കുടുംബത്തോടുള്ള അടങ്ങാത്ത പകയാണ് പിന്നിലെന്നും വിചാരണയില്‍ പ്രോസിക്യൂഷന്‍ തെളിയിച്ചു. അല്ലാത്ത പക്ഷം മാനസിക പ്രശ്നങ്ങള്‍ പറഞ്ഞ് പ്രതി ശിക്ഷയില്‍ നിന്നും രക്ഷപ്പെടുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ഭാവിയില്‍ പല ക്രമിനലുകളും കൊലപാതകങ്ങള്‍ക്കും മറ്റും ഇതേ തന്ത്രം പുറത്തെടുക്കുമായിരുന്നു. അതുകൊണ്ടാണ് കേഡല്‍ കേസ് കൂടുതല്‍ നിര്‍ണ്ണായകമായത്. ഇവിടെ പ്രതിയ്ക്ക് പോലീസ് ശിക്ഷ ഉറപ്പാക്കി. അതുകൊണ്ട് തന്നെ ഇത്തരം കള്ളത്തരങ്ങളിലൂടെ നീതിപീഠത്തെ ക്രൂരന്മാര്‍ക്ക് പറ്റിക്കാന്‍ കഴിയില്ലെന്നും വ്യക്തമായി. അതുകൊണ്ട് തന്നെ സമാന കേസുകളില്‍ ഇനിയുണ്ടാകാന്‍ പോകുന്ന വിലയിരുത്തലുകളുടെ അടിസ്ഥാന പ്രമാണമായി ജഡ്ജി വിഷ്ണുവിന്റെ വിധി മാറും.

മറ്റുള്ളവരുടെ ആത്മാവിനെ സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ച് (ആസ്റ്റര്‍ പ്രൊജക്ഷന്‍)ശക്തനാകുന്ന രീതിയാണ് താന്‍ പരീക്ഷിച്ചതെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. ആദ്യം അമ്മയെയും പിന്നീട് അച്ഛനെയും സഹോദരിയെയും ബന്ധുവിനെയും മഴുകൊണ്ട് തലയ്ക്ക് വെട്ടിയാണ് കൊലപ്പെടുത്തിയത്. ഓരോരുത്തരെയും കൊലപ്പെടുത്തിയപ്പോഴും തനിക്ക് കൂടുതല്‍ ശക്തി കൈവന്നതായും കേഡല്‍ പറഞ്ഞു. അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടതിനെ കുറിച്ച് ചോദിക്കുമ്പോള്‍ പൊലീസിനെ നോക്കി ചിരിയായി. ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതോടെ ഗവ. മെഡിക്കല്‍ കോളേജിലെ മനഃശാസ്ത്ര വിഭാഗം മേധാവി ഡോ. റോയ് മാത്യുവിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തു. ഇതാണ് നിര്‍ണ്ണായകമായത്.

ഈ ദിവസങ്ങളില്‍ ആസ്റ്റര്‍ പ്രൊജക്ഷന്റെ ഭ്രമാത്മക ലോകത്തായിരുന്നു കേഡല്‍. അമ്മയും അച്ഛനും സഹോദരിയും നല്ല ഭാരമുള്ളവരായിരുന്നുവെങ്കിലും ഓരോരുത്തരെയും കൊന്നപ്പോള്‍ തനിക്ക് പ്രത്യേക ശക്തി ലഭിച്ചെന്നും അതിനാല്‍ അവരുടെ മൃതദേഹം ഒറ്റയ്ക്കെടുത്താണ് ബാത്തുറൂമില്‍ കൊണ്ടിട്ടതെന്നും കേഡല്‍ പൊലീസിനോട് പറഞ്ഞു. ശവത്തിനൊപ്പം നിന്നാല്‍ ശാന്തത ലഭിക്കാത്തതിനാല്‍ ആസ്റ്റര്‍ പ്രൊജക്ഷന്റെ അടുത്ത ഘട്ടം ആലോചിക്കാനാണ് ചെന്നൈയിലേക്ക് പോയതത്രെ. ട്രെയിന്‍ യാത്രയ്ക്കിടെ ഇതേക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും വിശദീകരിച്ചു. എന്നാല്‍ ശാസ്ത്രീയമായി ഇതിനെ പൊളിച്ചു. ബുദ്ധിപൂര്‍വം തങ്ങളെ വഴി തെറ്റിക്കുകയാണ് കേഡല്‍ എന്ന് അന്വേഷണ സംഘം തെളിയിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുടുംബത്തിന്റെ അവഗണനയാണ് കൂട്ടകൊലക്ക് കാരണമെന്ന് കേഡല്‍ സമ്മതിച്ചു.

തന്നെ വീട്ടുകാര്‍ ചെറുപ്പംമുതലേ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് കേഡല്‍ പൊലീസിനോട് പറഞ്ഞത്. സഹപാഠികളോടും നാട്ടുകാരോടും തനിക്ക ്മാനസികരോഗമാണെന്ന് പറയാറുണ്ടെന്നും കേഡല്‍ പറഞ്ഞു. പഠനത്തില്‍ പിന്നോക്കമായതിന് നിരന്തരം കുറ്റപ്പെടുത്തി. ഓസ്ട്രേലിയയില്‍ പഠിക്കാന്‍ പോയ സമയം അവിടത്തെ ബന്ധുക്കളോടും തന്നെപ്പറ്റി മാതാപിതാക്കള്‍ മോശമായി സംസാരിച്ചു. അച്ഛന്റെ മദ്യപാനം തനിക്ക് നാണക്കേടുണ്ടാക്കി. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അമ്മ അവഗണിക്കുകയായിരുന്നു. ഇവര്‍ സഹോദരിയോട് കൂടുതല്‍ സ്നേഹം കാണിച്ചിരുന്നുവെന്നും കേഡല്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇതോടെ കൊലപാതകത്തിനുള്ള കാരണവും തെളിഞ്ഞു.

കേരളം ഞെട്ടിയ കൂട്ടക്കൊലപാതകമായിരുന്നു തിരുവനന്തപുരം നന്തന്‍കോട് 2017 ഏപ്രില്‍ അഞ്ച്, ആറ് തിയതികളില്‍ നടന്നത്. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടിലാണ് പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍വെച്ചായിരുന്നു എല്ലാ കൊലകളും നടത്തിയത്. കൊലപാതകം നടത്തുന്നതിനു മുന്‍പ് കേഡല്‍ ജിന്‍സണ്‍ രാജ നിരവധി തവണ ഡമ്മിയില്‍ ട്രയല്‍ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ കയറി മഴു ഉപയോഗിച്ച് കഴുത്ത് മുറിക്കുന്നത് കണ്ട് പഠിച്ചതായും കേഡലിന്റെ ലാപ്‌ടോപ്പ് പരിശോധിച്ചപ്പോള്‍ കണ്ടെത്താനായി.

അമ്മ ജീന്‍ പത്മത്തെയാണ് കേഡല്‍ ആദ്യം കൊലപ്പെടുത്തിയത്. താന്‍ നിര്‍മിച്ച വിഡിയോ ഗെയിം കാണിക്കാന്‍ എന്ന വ്യാജേന അമ്മയെ മുകളിലത്തെ കിടപ്പുമുറിയില്‍ എത്തിച്ച് കസേരയില്‍ ഇരുത്തിയശേഷം മഴുകൊണ്ട് തലക്ക് പുറകില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കിടപ്പുമുറിയില്‍ ഒളിപ്പിച്ച ശേഷം ഒന്നും സംഭവിക്കാത്ത പോലെ താഴെ എത്തിയ പ്രതി അന്ന് വൈകിട്ടോടെ അച്ഛന്‍ രാജ തങ്കത്തെയും സഹോദരി കാരോളിനെയും അമ്മയെ കൊന്നപോലെ തലക്ക് പിന്നില്‍ വെട്ടി കൊലപ്പെടുത്തി. ഈ മൃതദേഹങ്ങളും ഒളിപ്പിച്ചു.

വീട്ടിലുണ്ടായിരുന്ന ബന്ധുവായ ലളിതയും ജോലിക്കാരിയും മറ്റുള്ളവരെപ്പറ്റി കേഡലിനോട് അന്വേഷിച്ചെങ്കിലും അവരെല്ലാം ചേര്‍ന്ന് കന്യാകുമാരിക്ക് ടൂര്‍ പോയി എന്നായിരുന്നു മറുപടി. അടുത്ത ദിവസം രാത്രിയാണ് കേഡല്‍ ലളിതയെ കൊലപ്പെടുത്തിയത്. അമ്മ ലാന്‍ഡ് ഫോണില്‍ വിളിക്കുന്നു എന്ന് കള്ളം പറഞ്ഞു മുകളിലത്തെ കിടപ്പുമുറിയില്‍ എത്തിച്ചായിരുന്നു കൊല. മറ്റു കൊലകള്‍ക്ക് ഉപയോഗിച്ച അതേ മഴു ഉപയോഗിച്ച് അതേ മാതൃകയില്‍ വെട്ടി കൊന്ന ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഒളിപ്പിക്കുകയായിരുന്നു. കൊലക്ക് പിന്നാലെ അച്ഛന്റെയും അമ്മയുടെയും സഹോദരിടെയും മൃതദേഹം കേഡല്‍ കത്തിച്ചു. കൂട്ടക്കൊലയ്ക്കു ശേഷം വീടിനു തീയിട്ട് ചെന്നൈയിലേക്കു കടന്നു. അന്ന് വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് അയല്‍ക്കാര്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചത്. അവരെത്തി നോക്കിയപ്പോളാണ് നാല് മൃതദേഹങ്ങള്‍ കണ്ടത്.

Tags:    

Similar News