ഭോപ്പാലിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടിയില്ല; പകരം സംവിധാനം ഒരുക്കിയില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം എറണാകുളം റെയില്‍വേ സ്റ്റേഷനില്‍; വിദ്യാഭ്യാസ വകുപ്പോ സ്‌പോര്‍ട്‌സ് വകുപ്പോ ബന്ധപ്പെട്ടില്ലെന്ന് അധ്യാപകര്‍

റിസര്‍വേഷന്‍ ടിക്കറ്റ് കിട്ടിയില്ല, കേരള ടീമിന്റെ യാത്ര പ്രതിസന്ധിയില്‍

Update: 2024-11-14 12:03 GMT

കൊച്ചി: ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനായി ഭോപ്പാലിലേക്ക് പുറപ്പെടേണ്ട കേരള സ്‌കൂള്‍ ബാഡ്മിന്റണ്‍ റിസര്‍വേഷന്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ യാത്രതിരിക്കാനാകാതെ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നു. ജൂനിയര്‍-സീനിയര്‍ വിഭാഗത്തിലുള്ള താരങ്ങളാണ് ട്രെയിന്‍ കിട്ടാതെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നത്. ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്.

പതിനേഴാം തീയതി മധ്യപ്രദേശിലെ നര്‍മദപുരത്ത് വെച്ച് നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടുന്ന ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള കായിക താരങ്ങളുടെ യാത്രയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് എറണാകുളത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്.

എന്നാല്‍ ഒന്നരയോടെയാണ് ഇവരുടെ ടിക്കറ്റ് കണ്‍ഫേം ആയിട്ടില്ലെന്ന വിവരം അധികൃതര്‍ അറിയിക്കുന്നത്. രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കണ്‍ഫേം ആയത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ താരങ്ങളെയോ രക്ഷിതാക്കളെയോ നേരത്തേ അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

എന്നാല്‍ യാത്രയെ സംബന്ധിച്ച് താരങ്ങളും രക്ഷിതാക്കളുമടക്കം കായിക വിഭാഗത്തേയും വിദ്യാഭ്യാസ വകുപ്പിനേയും ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കാന്‍ തയാറാകുന്നില്ലായെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. യാത്ര ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് താരങ്ങള്‍ ഇപ്പോഴും റെയില്‍വേ സ്റ്റേഷനില്‍ തുടരുകയാണ്.

പെണ്‍കുട്ടികളും ആണ്‍കുട്ടികളും അടങ്ങുന്ന 20ഓളം പേരാണ് ദേശീയ സ്‌കൂള്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി പോകുന്നത്. ഈ മാസം 17ന് ഭോപ്പാലില്‍ വെച്ചാണ് ദേശീയ സ്‌കൂള്‍ ബാഡ്മിന്റണ്‍ മത്സരം. സൂചികുത്താനിടമില്ലാത്ത ജനറല്‍ കംപാര്‍ട്ട്‌മെന്റുകളില്‍ കുട്ടികളെ കൊണ്ടുപോകുന്നത് സുരക്ഷിതവുമല്ല. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പോ സ്‌പോര്‍ട്‌സ് വകുപ്പോ ബന്ധപ്പെട്ടിട്ടില്ലെന്ന് അധ്യാപകര്‍ പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് യാത്രാസൗകര്യം ഒരുക്കി നല്‍കിയില്ലെങ്കില്‍ താരങ്ങള്‍ക്ക് ദേശീയ ചാംപ്യന്‍ഷിപ്പിന് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുണ്ടാകുക.സംസ്ഥാന സ്‌കൂള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ഇവര്‍ക്ക് വിദ്യാഭ്യാസ വകുപ്പാണ് ടിക്കറ്റ് ഒരുക്കി നല്‍കേണ്ടിയിരുന്നത്. സംസ്ഥാന സ്‌കൂള്‍ ഗെയിംസ് കഴിഞ്ഞ് അധികം ദിവസം ആകാത്തതിനാല്‍ തന്നെ അവസാന നിമിഷം ട്രെയിന്‍ ടിക്കറ്റ് കിട്ടാത്ത സാഹചര്യമുണ്ടാകുമെന്നറിഞ്ഞിട്ടും പകരം സംവിധാനം ഒരുക്കിയില്ലെന്നാണ് ആരോപണം.

മാനേജരടക്കം 23 പേര്‍ക്കാണ് ഭോപ്പാലിലേക്ക് ടിക്കറ്റ് വേണ്ടത്. ഇന്ന് ഉച്ചയ്ക്ക് 1.25നുള്ള എറണാകുളം - നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എമര്‍ജന്‍സി ക്വാട്ട വഴി നല്‍കാനാകുന്നത് നല്‍കി എന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലെ കാലതാമസമാകാം ടിക്കറ്റ് കിട്ടാതിരിക്കാന്‍ കാരണമെന്നുമാണ് റെയില്‍വെ വിശദീകരിക്കുന്നത്.

Tags:    

Similar News