'തെളിവുകള്‍ നശിപ്പിക്കുന്നത് തടയാന്‍ ജയതിലകിനെയും ഗോപാലകൃഷ്ണനെയും സസ്‌പെന്‍ഡ് ചെയ്യണം; ഇരുവരും പരസ്യമായി മാപ്പ് പറയണം; വിശദമായി അന്വേഷിക്കണം'; ചീഫ് സെക്രട്ടറിക്ക് അടക്കം വക്കീല്‍ നോട്ടീസയച്ച് എന്‍ പ്രശാന്ത്; ഐഎഎസ് തലപ്പത്തെ ചേരിപ്പോര് കോടതിയിലേക്ക്
ചീഫ് സെക്രട്ടറിക്ക് അടക്കം വക്കീല്‍ നോട്ടീസയച്ച് എന്‍ പ്രശാന്ത്
തിരുവനന്തപുരം: ഐ എ എസ് തലപ്പത്തെ ചേരിപ്പോരില്‍ സര്‍ക്കാര്‍ നടപടി തുടരുന്നതിനിടെ ചീഫ് സെക്രട്ടറിയും അഡീഷണല്‍ സെക്രട്ടറിക്കും അടക്കം വക്കീല്‍ നോട്ടീസ് അയച്ച് എന്‍ പ്രശാന്ത് ഐ എ എസ്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ സെക്രട്ടറി എ ജയതിലക്, കെ ഗോപാലകൃഷ്ണന്‍ ഐ എ എസ്, എന്നിവര്‍ക്കും മാതൃഭൂമി ദിനപത്രത്തിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
സസ്‌പെന്‍ഷന് പിന്നാലെ ചീഫ് സെക്രട്ടറിക്കെതിരെയടക്കം തുറന്ന പോരിനൊരുങ്ങുകയാണ് എന്‍ പ്രശാന്ത്. സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നടപടി എടുത്തില്ലെങ്കില്‍ കോടതി മുഖാന്തരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ചീഫ് സെക്രട്ടറിക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥന്‍ വക്കീല്‍ നോട്ടീസ് അയക്കുന്നത്. വിഷയത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും എന്‍ പ്രശാന്ത് വ്യക്തമാക്കുന്നു
കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കുന്നത് തടയാന്‍ ജയതിലകിനെയും ഗോപാലകൃഷ്ണനെയും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും ഇവര്‍ പരസ്യമായി മാപ്പു പറയണമെന്നും വിശദമായ അന്വേഷണം വേണമെന്നും നോട്ടിസില്‍ ആവശ്യപ്പെടുന്നു. ഉന്നതിയിലെ ഫയലുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറി പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം.
തനിക്കെതിരെ വ്യാജരേഖ നിര്‍മിച്ചെന്നതടക്കം ആരോപിച്ചാണ് ജയതിലകിനും ഗോപാലകൃഷ്ണനും നോട്ടീസ് അയച്ചിരിക്കുന്നത്. ഉന്നതിയിലെ സി ഇ ഒ പദവി ഒഴിഞ്ഞ ശേഷം എന് പ്രശാന്ത് ഫയലുകള്‍ കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി കെ ഗോപാലകൃഷ്ണന്റെ രണ്ട് കത്തുകള്‍ പുറത്ത് വന്നിരുന്നു. രണ്ട് കത്തുകളും ഗോപാലകൃഷ്ണനും ജയതിലകും ചേര്‍ന്ന് വ്യാജമായി തയ്യാറാക്കിയതാണെന്നാണ് പ്രശാന്തിന്റെ ആരോപണം. ഇതിന്‍മേല്‍ നടപടി ആവശ്യപ്പെട്ട് നേരത്തെ പ്രശാന്ത് ,ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല.
ജയതിലക് ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ രേഖകളില്‍ തുടര്‍ച്ചയായി കൃത്രിമം കാട്ടിയെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും നോട്ടിസില്‍ പറയുന്നു. മറുപടി ഇല്ലാത്ത പക്ഷം നിയമപോരാട്ടമാണ് പ്രശാന്ത് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. അഭിഭാഷകനായ രാഘുല്‍ സുധീഷ് മുഖേനയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. രേഖകള്‍ ചമയ്ക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി ഗുരുതരമായ ക്രമക്കേടുകളാണ് നോട്ടിസില്‍ ചുമത്തിയിരിക്കുന്നത്.
ഉന്നതിയുടെ സ്ഥാപക സിഇഒ ആയിരുന്ന കാലത്ത് ഫയലുകള്‍ കാണാതായതും ഹാജര്‍ ക്രമക്കേടുകളും ആരോപിച്ച് എ.ജയതിലക് തയാറാക്കിയ എക്‌സ്പാര്‍ട്ടെ അന്വേഷണ റിപ്പോര്‍ട്ട് പ്രശാന്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നു നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു കത്തുകള്‍ അടിസ്ഥാനമാക്കിയാണ് ജയതിലക് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ കത്തുകള്‍ കെട്ടിച്ചമച്ചതാണെന്നും സര്‍ക്കാരിന്റെ ഇ-ഓഫിസ് സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്തിട്ടുള്ളതാണെന്നും നോട്ടിസില്‍ ആരോപിക്കുന്നു.
ആറാം മാസവും ഏഴാം മാസവും തയ്യാറാക്കിയതായി തീയതിയിട്ടിരിക്കുന്ന രണ്ട് കത്തുകളും ഓഫീസ് ഫയലില്‍ അപ്ലോഡ് ചെയ്തത് എട്ടാം മാസത്തിലാണ് എന്ന് വ്യക്തമാകുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. ഈ രണ്ട് ദുരൂഹ കത്തുകളും അപ്ലോഡ് ചെയ്തത് ഡോക്ടര്‍ ജയതിലകിന്റെ ഓഫീസില്‍ നിന്നായിരുന്നു. ഡോക്ടര്‍ ജയതിലക് ധനകാര്യവകുപ്പിലേക്ക് സ്ഥലം മാറുന്നതിന്റെ രണ്ടാഴ്ച ആഴ്ച മുമ്പായിരുന്നു ഇത്. ഈ കത്തുകള്‍ വെച്ചായിരുന്നു ഉന്നതിയിലെ ഫയലുകള്‍ എന്‍ പ്രശാന്ത് കൈമാറിയില്ലെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ ആരോപണങ്ങളും വക്കീല്‍ നോട്ടീസില്‍ ഉന്നയിച്ചിട്ടുണ്ട്. ഗുരുതര കുറ്റം അറിയിച്ചിട്ടും ചീഫ് സെക്രട്ടറി നടപടി എടുത്തിട്ടില്ല. ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടെ പ്രതിയാക്കി കേസെടുക്കണമെന്നാവശ്യപ്പെടുമെന്നും എന്‍ പ്രശാന്ത് വ്യക്തമാക്കി. വ്യാജ രേഖയുണ്ടാക്കിയ ജയതിലക് ഇപ്പോഴും സര്‍വീസില്‍. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നവംബര്‍ 14 ന് പരാതി നല്‍കിയിരുന്നു. നടപടി ഇല്ലാത്തതിനെത്തുടര്‍ന്നാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
വാട്സാപ് ഗ്രൂപ്പ് വിവാദത്തില്‍ തെളിവ് നശിപ്പിച്ചതിനും അനാവശ്യ ഇടപെടല്‍ നടത്തിയതിനും ഗോപാലകൃഷ്ണനെതിരെ പൊലീസ് ഡയറക്ടര്‍ ജനറല്‍ നേരത്തെ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ പൊലീസില്‍ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാതി നല്‍കിയതിനു ഗോപാലകൃഷ്ണനെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും നോട്ടിസില്‍ പറയുന്നു.
2024 നവംബര്‍ 14-ന് ചീഫ് സെക്രട്ടറിയെ ഈ കുറ്റകൃത്യങ്ങളെക്കുറിച്ച് ഔപചാരികമായി അറിയിച്ചെങ്കിലും, സര്‍ക്കാര്‍ രേഖകളില്‍ കുറ്റവാളികള്‍ തുടര്‍ച്ചയായി കൃത്രിമം കാണിക്കുന്നത് അനുവദിച്ചുകൊണ്ട് നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് നോട്ടിസ് ചൂണ്ടിക്കാട്ടുന്നു. പ്രശാന്ത് ആരോപണം ഉന്നയിച്ചതിനു പിന്നാലെ ജയതിലകിനെതിരെ മറ്റ് നിരവധി കീഴുദ്യോഗസ്ഥരും സമാനമായ ആരോപണവുമായി രംഗത്തെത്തിയതായും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു.