കേരളാ ലോട്ടറി ഇനി തമിഴ്‌നാട്ടിലും അസമിലും വില്‍ക്കാം; ഇതര സംസ്ഥാനങ്ങളിലേക്ക് വില്‍പ്പന വ്യാപിപ്പിക്കുന്നത് വരുമാന നേട്ടത്തിനെന്ന് സര്‍ക്കാര്‍; ഗുണകരമാകുക സാന്റിയാഗോ മാര്‍ട്ടിനോ? മറ്റ് സംസ്ഥാനങ്ങളുടെ ലോട്ടറിയും കേരളത്തില്‍ എത്തിയേക്കും; ഭാഗ്യക്കുറിയില്‍ പിണറായി മാറ്റം കൊണ്ടു വരുമ്പോള്‍
കൊച്ചി: സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് കൂടുതല്‍ വരുമാന മാര്‍ഗ്ഗം തേടുകയാണ് സര്‍ക്കാര്‍. കേരള ഭാഗ്യക്കുറിയുടെ സാധ്യതകള്‍ എല്ലാം ആരായാനാണ് നീക്കം. കേരളാ ഭാഗ്യക്കുറിയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് കേരളാ ലോട്ടറി. ഈ സാഹചര്യത്തില്‍ ലോട്ടറി വില്‍പ്പന ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും എത്തിക്കാനാണ് നീക്കം. ഇതിന് വേണ്ടി 2005-ലെ കേരള പേപ്പര്‍ ലോട്ടറിച്ചട്ടത്തില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സംസ്ഥാനങ്ങളെയും വിതരണ ഏജന്റിനെയും സര്‍ക്കാര്‍ തീരുമാനിക്കും.
ലോട്ടറി കേരളത്തിന് പുറത്തു വില്‍ക്കാന്‍ ഇതുവരെ അനുമതിയില്ലായിരുന്നു. എന്നാല്‍, അനധികൃത വില്‍പ്പന വ്യാപകമായിരുന്നു. ഇതിന് കാരണം കേരളാ ലോട്ടറിയുടെ സ്വീകാര്യതയായിരുന്നു. ഇതരസംസ്ഥാനത്തെ വിപണനസാധ്യത ഏറെയാണ്. ഇത് മനസ്സിലാക്കിയാണ് ചട്ടങ്ങളില്‍ മാറ്റം കൊണ്ടു വന്നത്. വന്‍കിട ഏജന്റുമാര്‍ക്ക് അനുകൂലമായ വ്യവസ്ഥകളും ഭേദഗതിയിലുണ്ട്. ലോട്ടറി വില്‍പ്പനയ്ക്ക് അനുമതിയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കേരളാ ലോട്ടറി വില്‍ക്കാനാണ് അനുമതി. അല്ലാത്തിടങ്ങളില്‍ വില്‍ക്കുന്നില്ലെന്ന് ഏജന്റ് ഉറപ്പാക്കണം. ഏജന്റുമാര്‍ക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ ടിക്കറ്റ് കടം നല്‍കുന്ന വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്തി.
കുത്തകക്കാരെയും കോര്‍പ്പറേറ്റുകളെയും സഹായിക്കുന്നതാണ് പുതിയ ഭേദഗതിയെന്ന വാദവും ശക്തമാണ്. ഇപ്പോള്‍ത്തന്നെ കേരളത്തില്‍ വേണ്ടത്ര ലോട്ടറി ടിക്കറ്റ് സാധാരണ വിതരണക്കാര്‍ക്കു കിട്ടുന്നില്ല. ഇതരസംസ്ഥാനത്തേക്കു വില്‍പ്പന വ്യാപിപ്പിക്കുമ്പോള്‍, അവിടത്തെ ലോട്ടറി കേരളത്തിലേക്കും വരാന്‍ വഴിതുറക്കുെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ലജീവ് വിജയന്‍ പറയുന്നു. അതുകൊണ്ട് തന്നെ അഴിമതി ചര്‍ച്ചകള്‍ക്കും ഇത് വഴിയൊരുക്കും. സാന്റിയാഗോ മാര്‍ട്ടിനാണ് ദേശീയ തലത്തില്‍ ലോട്ടറി കച്ചവടത്തെ നയിക്കുന്ന പ്രധാനി. മാര്‍ട്ടിന് കേരളാ ലോട്ടറിയുടെ ഏജന്‍സി എടുക്കാന്‍ കഴിയുന്നതിന് ചട്ടമാറ്റം വഴിയൊരുക്കുമെന്ന വാദവും ശക്തമാണ്.
അസം, അരുണാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, മേഘാലയ, നാഗാലാന്‍ഡ്, മിസോറം, ഗോവ, മഹാരാഷ്ട്ര, മണിപ്പുര്‍, മധ്യപ്രദേശ്, പഞ്ചാബ്, സിക്കിം എന്നിവിടങ്ങളിലാണ് ലോട്ടറി അംഗീകൃതമായിട്ടുള്ളത്. ഇവിടങ്ങളിലെ സര്‍ക്കാരുമായി ധാരണയിലെത്തിയാല്‍ മാത്രമേ അവിടെ വില്‍ക്കാനാകൂ. ലോട്ടറി ഓഫീസുകളില്‍നിന്ന് പരമാവധി അരലക്ഷംമുതല്‍ 50 ലക്ഷംവരെ രൂപയുടെ ടിക്കറ്റുകള്‍ കടമായി വാങ്ങാം. 90 ശതമാനംവരെയാണു കടം കിട്ടുക. നിശ്ചിത ദിവസത്തിനുമുന്‍പ് മുഴുവന്‍ തുകയും തിരിച്ചടയ്ക്കണം. വൈകിയാല്‍ 18 ശതമാനം പലിശയോടെ തുക ബാങ്ക് ഗ്യാരന്റിയില്‍നിന്ന് ഈടാക്കും.
സംസ്ഥാനത്തെ സാധാരണ വില്‍പ്പനക്കാരെ പുതിയ ഭേദഗതി ബാധിക്കാതിരിക്കാന്‍ ടിക്കറ്റ് അച്ചടി കുത്തനെ കൂട്ടേണ്ടിവരും. സമ്മാനഘടനയും പരിഷ്‌കരിക്കും. വ്യക്തികള്‍ക്കു പുറമേ പങ്കാളിത്തസ്ഥാപനം, കോര്‍പ്പറേറ്റ് സ്ഥാപനം എന്നിവയ്ക്ക് ഏജന്റുമാരാകാമെന്ന തരത്തിലാണ് ചട്ട ഭേദഗതി. ംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളില്‍ അനധികൃതമായി ലോട്ടറി നടത്തിയാല്‍ രണ്ടുവര്‍ഷംവരെ കഠിനതടവും പിഴയും ശിക്ഷ. ടിക്കറ്റുകളോ അതിന്റെ നമ്പരുകളോ ഏതെങ്കിലും കോമ്പിനേഷനിലോ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഏതെങ്കിലും രൂപത്തിലോ ഓണ്‍ലൈനായോ സാമൂഹികമാധ്യമം വഴിയോ വിറ്റാല്‍ ശിക്ഷ ഉണ്ടാകും. ടിക്കറ്റുകള്‍ അതിന്റെ മുഖവിലയ്ക്കു താഴെയോ മുകളിലോ പൊതുജനങ്ങള്‍ക്കു വില്‍ക്കരുതെന്നാണ് മറ്റൊരു വ്യവസ്ഥ.
ലോട്ടറി ടിക്കറ്റ് ചരക്ക്-സേവനങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉപയോഗിക്കാന്‍ പാടില്ല. രജിസ്ട്രേഷന്‍ ജില്ലയില്‍നിന്നു മാത്രമേ ഏജന്റിന് ടിക്കറ്റുകള്‍ നല്‍കൂ. വ്യവസ്ഥകള്‍ക്കു വിധേയമായി മറ്റു ജില്ലകളില്‍നിന്ന് ടിക്കറ്റ് വാങ്ങാന്‍ അനുമതി നല്‍കും. ഏജന്റുമാര്‍, ഏജന്‍സികള്‍, വില്‍പ്പനക്കാര്‍ എന്നിവരല്ലാത്തവര്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നതായി കണ്ടെത്തിയാല്‍, അവരുടെ കൈവശമുള്ളവ കണ്ടുകെട്ടും. ഇത്തരം ടിക്കറ്റുകള്‍ക്കു സമ്മാനം കിട്ടില്ല. മൂന്നംഗങ്ങളില്‍ കുറയാത്ത ജഡ്ജിങ് പാനലിന്റെ മേല്‍നോട്ടത്തിലായിരിക്കണം നറുക്കെടുപ്പ്. കേരളത്തില്‍ താമസിക്കുന്ന ആര്‍ക്കും ഏജന്റുമാരാകാം. കാലാവധി രണ്ടുവര്‍ഷമായിരിക്കും. മൂന്നുമാസംമുന്‍പ് പുതുക്കാന്‍ അപേക്ഷിക്കാമെന്നാണ് ചട്ട ഭേദഗതി.
കേരളത്തിന് പുറത്തേക്ക് വില്‍പ്പന പോകുമ്പോള്‍ ഇതില്‍ പിന്നേയും മാറ്റം വരുത്തേണ്ടി വരും. അങ്ങനെ വരുമ്പോള്‍ സാന്റിയാഗോ മാര്‍ട്ടിനെ പോലുള്ളവര്‍ക്കും കേരളാ ലോട്ടറി വില്‍ക്കാന്‍ അവസരമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.