ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷം സ്റ്റാര്‍മോനൊപ്പം പൊലീസ് ആസ്ഥാനത്തിനു മുന്നിലെത്തി; കാറില്‍ കയറിയ അനു കേസ് ഒത്തുതീര്‍പ്പാക്കാന്‍ പറ്റുമോയെന്നു ചോദിച്ചു; പറ്റില്ലെന്നു പറഞ്ഞു; പിറ്റേന്ന് വില്‍ഫര്‍ അറസ്റ്റിലായി; സ്റ്റാര്‍മോന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നതു നുണ; സ്റ്റാര്‍മോന്‍ കുടുംബസുഹൃത്ത്; ലോക്കല്‍ ഗാര്‍ഡിയന്‍; 'ഇര'യുടെ നിലപാട് അസി കമാന്‍ഡന്റിന് അനുകൂലം; സ്റ്റാര്‍മോന് ഇനി എന്തു സംഭവിക്കും?
തിരുവനന്തപുരം: പൊലീസുകാരിയെ ബലാല്‍സംഗം ചെയ്ത സംഭവം ഒതുക്കിത്തീര്‍ക്കാന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടതിനു സസ്‌പെന്‍ഷനിലായ അസിസ്റ്റന്റ് കമന്‍ഡാന്റിനും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ക്കുമെതിരെയുള്ള ആരോപണങ്ങള്‍ ദുരൂഹമായി തുടരുന്നു. സംഭവത്തില്‍ വലിയ ട്വിസ്റ്റും കേസിലുണ്ടാകുന്നുണ്ട്. ബലാല്‍സംഗക്കേസില്‍ പ്രതിയായ സബ് ഇന്‍സ്‌പെക്ടര്‍ വില്‍ഫര്‍ ഫ്രാന്‍സിസില്‍നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ട കെഎപി മൂന്നാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമന്‍ഡാന്റ് സ്റ്റാര്‍മോന്‍ ആര്‍.പിള്ള, സൈബര്‍ ഓപ്പറേഷന്‍സ് ഓഫിസ് റൈറ്റര്‍ അനു ആന്റണി എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്. സ്റ്റാര്‍മോന് അനുകൂലമായി ഇര രംഗത്തു വന്നു. ഇതോടെ സ്റ്റാര്‍മോന്‍ നിരപരാധിയാണെന്നും വ്യക്തമായി.
വില്‍ഫര്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഇടപെട്ട ഇവര്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പണം ആവശ്യപ്പെട്ടെന്ന പരാതിയിലാണു നടപടി. കഴിഞ്ഞ നവംബര്‍ 16നാണ് ഉദ്യോഗസ്ഥ ബലാല്‍സംഗത്തിനിരയായത്. തുടര്‍ന്ന് വില്‍ഫറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞിട്ടും നടപടിയെടുക്കുന്നതിനും നിയമസഹായം നല്‍കുന്നതിനും പകരം ഒത്തുതീര്‍പ്പിനായി പണം ആവശ്യപ്പെട്ടത് ഗുരുതരകുറ്റമാണെന്നാണ് വിലയിരുത്തല്‍. ഇതിനിടെയാണ് ഇരയുടെ പുതിയ വെളിപ്പെടുത്തല്‍. സസ്‌പെന്‍ഷന്‍ നടപടിയെ പോലും ചോദ്യം ചെയ്യുന്നതാണ് ഈ ഇടപെടല്‍. അതുകൊണ്ട് തന്നെ ഇനി കേസിന് എന്ത് സംഭവിക്കുമെന്നത് നിര്‍ണ്ണായകമാണ്.
ഉദ്യോഗസ്ഥര്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നത് വ്യാജ പരാതിയാണെന്നും പ്രതി വില്‍ഫര്‍ ആണ് പിന്നിലെന്നും ബലാല്‍സംഗത്തിനിരയായ പൊലീസ് ഉദ്യോഗസ്ഥ പ്രതികരിച്ചിട്ടുണ്ട്. വില്‍ഫര്‍ എന്നെ ആക്രമിച്ച് ഒരു ദിവസം കഴിഞ്ഞാണ് അനു ആന്റണിയെയും സ്റ്റാര്‍മോനെയും വിവരമറിയിച്ചത്. പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് അനു എന്നെ ഫോണില്‍ വിളിച്ചു നേരിട്ടു കാണെണമെന്നു പറഞ്ഞു. ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷം സ്റ്റാര്‍മോനൊപ്പം ഞാന്‍ പൊലീസ് ആസ്ഥാനത്തിനു മുന്നിലെത്തി. അവിടെ വച്ച് കാറില്‍ കയറിയ അനു, കേസ് ഒത്തുതീര്‍പ്പാക്കാന്‍ പറ്റുമോയെന്നു ചോദിച്ചു. പറ്റില്ലെന്നു ഞാന്‍ പറഞ്ഞു. പിറ്റേന്ന് വില്‍ഫര്‍ അറസ്റ്റിലായി. തുടര്‍ന്നുള്ള 10 ദിവസങ്ങള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു. സ്റ്റാര്‍മോന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നതു നുണയാണ്. സ്റ്റാര്‍മോന്‍ കുടുംബസുഹൃത്താണ്. ലോക്കല്‍ ഗാര്‍ഡിയനുമായിരുന്നുവെന്ന് അവര്‍ പറയുന്നു.
സ്റ്റാര്‍മോന്‍ പിള്ളയുടെ സംരക്ഷണ ചുമതലയിലുണ്ടെന്ന് അവകാശപ്പെടുന്ന വനിതാ ഉദ്യോഗസ്ഥയാണ് പീഡനത്തിനിരയായത്. വിവരം അറിഞ്ഞിട്ടും അനു ആന്റണി വഴി പ്രതിയില്‍ നിന്ന് 25ലക്ഷം ആവശ്യപ്പെട്ടത് സദുദ്ദേശത്തോടെയല്ലെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. അനു ആന്റണി അതിജീവിതയെ നിരന്തരം ഫോണില്‍ വിളിച്ച് ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചു. രണ്ട് ഉദ്യോഗസ്ഥരുടെയും പ്രവൃത്തികള്‍ സേനയ്ക്കാകെ അപമാനമുണ്ടാക്കുന്നതാണെന്നാണ് ഉത്തരവിലുള്ളത്. ഇര പണം ആവശ്യപ്പെടുകയോ ഒത്തുതീര്‍പ്പിന് തയ്യാറാവുകയോ ചെയ്തില്ല. അവര്‍ കേസുമായി മുന്നോട്ടുപോയി. പേരൂര്‍ക്കട പൊലീസെടുത്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. ഈ കേസിന്റെ അന്വേഷണ ഘട്ടത്തിലാണ് പണം ആവശ്യപ്പെട്ടത് പുറത്തുവന്നത്. പീഡനക്കേസില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്. വില്‍ഫറിനെ കഴിഞ്ഞ നവംബറില്‍ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോഴും സസ്‌പെന്‍ഷനിലാണ്.
ബാലാത്സംഗ കേസില്‍ പ്രതിയായി സസ്പെന്‍ഷനില്‍ കഴിയുന്ന ഉദ്യോഗസ്ഥന്‍ തിരികെ കയറാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി നല്‍കിയ പരാതിയിലാണ് കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ നടപടികള്‍ ഉണ്ടായിരിക്കുന്നത്. ബലാത്സംഗ കേസില്‍ ഇരയായ പരാതിക്കാരിയുമായി മറുനാടന്‍ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് നീതി വാങ്ങിത്തരാന്‍ ഒപ്പം നിന്നത് സ്റ്റാര്‍മോന്‍ ആര്‍ പിള്ളയാണ് എന്നാണ് പ്രതികരിച്ചത്. കേസ് അട്ടമറിക്കാനായി പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.