'ഹായ് ഐആം 'മൊണാലിസ' ഫ്രം തിരുവനന്തപുരം..!!'; ടൂറിസം വകുപ്പിന്റെ പേജ് തുറന്നവർക്ക് കൺഫ്യൂഷൻ; കണ്ടത് കേരള തനിമയുള്ള ഒരു മുഖം; സെറ്റ്സാരി അണിഞ്ഞ് തലയിൽ മുല്ലപ്പൂ ചൂടി ആ വിഖ്യാത ചിത്രം; ഡാവിഞ്ചി വരെ ഞെട്ടുമെന്ന് കമെന്റുകൾ; വൈറലായി ചിത്രങ്ങൾ

Update: 2025-08-25 09:50 GMT

തിരുവനന്തപുരം: കേരള ടൂറിസത്തിന്‍റെ ഓണം കാമ്പയിനിന്‍റെ ഭാഗമായി ലിയനാർഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധ ചിത്രമായ 'മൊണാലിസ'യെ കേരളീയ വേഷവിധാനത്തിൽ അവതരിപ്പിച്ചു. കസവുസാരിയും മുല്ലപ്പൂവും ചൂടിയുള്ള മൊണാലിസയുടെ നിർമ്മിതബുദ്ധി (AI) ചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ഓണക്കാലത്ത് ഐക്യത്തിന്‍റെ നാടായ കേരളത്തിലേക്ക് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്ന കാമ്പയിനാണിത്.

ഏകദേശം 15-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വരച്ച ഈ ചിത്രം, ടൂറിസം വകുപ്പിന്‍റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് പുറത്തുവിട്ടത്. നിരവധിപേരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കാമ്പയിൻ, ഓണക്കാലത്ത് കേരളത്തിലെ ടൂറിസം സാധ്യതകളെയും ആഘോഷങ്ങളെയും പരിചയപ്പെടുത്തുന്നു. കേരളത്തിന്‍റെ സംസ്കാരവും പാരമ്പര്യവും തലമുറകളായി എങ്ങനെ സംരക്ഷിക്കപ്പെടുന്നുവെന്ന് ഈ കാമ്പയിൻ ഓർമ്മിപ്പിക്കുന്നു.

കേരള ടൂറിസത്തിന്‍റെ സാമൂഹികമാധ്യമ പ്രചാരണങ്ങൾ ഇതിനോടകം ആഗോളതലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ തിരുവനന്തപുരത്ത് എത്തിയ ഇംഗ്ലണ്ടിന്‍റെ എഫ്-35 ബി വിമാനത്തെ ഉൾപ്പെടുത്തിയുള്ള പോസ്റ്റും ഏറെ പ്രചാരം നേടിയിരുന്നു.

ലോകപ്രശസ്തമായ മൊണാലിസ ചിത്രത്തെ കേരളീയ ചാരുതയോടെ അവതരിപ്പിക്കുന്നതിലൂടെ വിദേശികളടക്കം കൂടുതൽ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനാകുമെന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്. നിലവിൽ കേരളത്തിലേക്ക് ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്.

പ്രസ്തുത മൊണാലിസ ചിത്രം ഓഗസ്റ്റ് 21-നാണ് കേരള ടൂറിസം പേജിൽ പോസ്റ്റ് ചെയ്തത്. ഈ തീയതിക്ക് ഒരു പ്രത്യേകതയുണ്ട്. 1911 ഓഗസ്റ്റ് 21-നാണ് ലൂവ്ര് മ്യൂസിയത്തിൽ നിന്ന് മൊണാലിസ കളവുപോയത്. രണ്ടു വർഷത്തിനു ശേഷം ചിത്രം തിരികെ ലഭിക്കുകയും ചെയ്തു. ഈ ചരിത്രപരമായ ദിവസത്തെ ഓർമ്മപ്പെടുത്തിയാണ് ടൂറിസം വകുപ്പ് പുതിയ കാമ്പയിൻ അവതരിപ്പിച്ചിരിക്കുന്നത്.

Tags:    

Similar News