അമേരിക്കന്‍ യാത്ര കഴിഞ്ഞെത്തിയ പിണറായി ആദ്യം പൊട്ടിത്തെറിച്ചത് സര്‍വ്വകലാശാലാ വിഷയത്തില്‍; എസ് എഫ് ഐയുടെ മതിലു ചാട്ടത്തില്‍ അടക്കം എടുത്തത് കൈവിട്ട കളിയെന്ന നിലപാട്; വിസി എത്തിയപ്പോള്‍ കുട്ടി സഖാക്കള്‍ മാറി നിന്നു; മന്ത്രിയുമായി ചര്‍ച്ചയും നടത്തി; രജിസ്റ്റ്ട്രാറെ സിപിഎം തല്‍കാലം കൈവിടും; കേരളയില്‍ അടിതീരും; ഫോര്‍മുല ഇങ്ങനെ

Update: 2025-07-19 01:02 GMT

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ രജിസ്റ്റ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ സിപിഎം കൈവിടും. സര്‍വ്വകലാശാല പ്രതിസന്ധി മറികടക്കാന്‍ വൈസ് ചാന്‍സലറെ പിണക്കാതെയാകും കാര്യങ്ങളെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകലാശാലകളിലെ പ്രശ്‌നങ്ങളില്‍ ഖിന്നനാണ്. ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിനെ മുഖ്യമന്ത്രി നേരിട്ട് കണ്ടേക്കും. രാജ്ഭവനുമായുള്ള ഏറ്റുമുട്ടല്‍ സര്‍ക്കാരിന് ഗുണം ചെയ്യില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. അമേരിക്കയിലെ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തിയതോടെ എസ് എഫ് ഐയുടെ അതിരുവിട്ട പ്രതിഷേധത്തില്‍ അടക്കം സിപിഎം നേതൃത്വത്തെ അതൃപ്തി അറിയിച്ചു. ഇതോടെ അനുനയനീക്കങ്ങള്‍ക്കു വേഗംകൂടി. മന്ത്രി ആര്‍. ബിന്ദുവിനെ മുഖ്യമന്ത്രി നേരിട്ട് വിളിപ്പിച്ചു. അതിന് ശേഷമാണ് വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലുമായി ചര്‍ച്ച നടത്തിയത്.

സിന്‍ഡിക്കേറ്റില്‍ മിനുട്സ് കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വം രജിസ്ട്രാര്‍ക്കാണ്. സസ്‌പെന്‍ഷനിലാണെന്ന വാദത്തില്‍ കെ.എസ്. അനില്‍കുമാറിനെ വിസി അംഗീകരിക്കുന്നില്ല. അദ്ദേഹം യോഗത്തിനെത്തിയാല്‍ വിസി എതിര്‍ക്കും. ബദല്‍ രജിസ്ട്രാര്‍ മിനി കാപ്പനെ സിന്‍ഡിക്കേറ്റും അംഗീകരിക്കുന്നില്ല. അനില്‍കുമാറിനെ അവധി എടുപ്പിച്ച് മാറ്റിനിര്‍ത്തിയുള്ള ശ്രമം. രജിസ്ട്രാറുടെ അവധി പത്തു ദിവസത്തില്‍ താഴെയാണെങ്കില്‍ മാത്രമേ വിസി അനുവദിക്കേണ്ടതുള്ളൂ. പത്തില്‍ കൂടുതലാണെങ്കില്‍ സിന്‍ഡിക്കേറ്റിനാണ് അധികാരം. അതായത് പത്ത് ദിവസത്തില്‍ കൂടുതല്‍ അനില്‍കുമാര്‍ അവധി എടുക്കും. ഇതോടെ മിനി കാപ്പന്‍ രജിസ്റ്റാര്‍ ചുമതലയിലുമെത്തും. സിന്‍ഡിക്കേറ്റില്‍ അന്വേഷണമോ മറ്റോ പ്രഖ്യാപിച്ച്, പ്രശ്‌നപരിഹാരമുണ്ടാക്കിയ ശേഷം രജിസ്ട്രാറെ സര്‍വകലാശാലയിലെത്തിക്കും. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജുവുമായി സിന്‍ഡിക്കേറ്റംഗങ്ങള്‍ കൂടിയാലോചന നടത്തിയിരുന്നു.

വ്യാഴാഴ്ചതന്നെ മന്ത്രി വിസി ഡോ. മോഹനന്‍ കുന്നുമ്മലുമായി ആശയവിനിമയം നടത്തി. സര്‍വകലാശാലയിലെ തര്‍ക്കം വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്കു മാറരുതെന്ന് ആവശ്യപ്പെട്ടു. നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് വിസിയെ ക്ഷണിച്ചു. ഇതിനിടെ, വിസിക്ക് സുരക്ഷയുറപ്പാക്കാന്‍ ഗവര്‍ണറുടെ ഇടപെടലുണ്ടായി. പോലീസ് മേധാവിക്ക് രാജ്ഭവന്‍ കത്തയച്ചു. കനത്ത പോലീസ് കാവലില്‍ വെള്ളിയാഴ്ച വിസി സര്‍വകലാശാലയിലെത്തി. പിന്നീട് മന്ത്രിയുടെ വസതിയില്‍ ചര്‍ച്ചയ്ക്കു എത്തി. വിസിയെ തടയാന്‍ എസ് എഫ് ഐ വന്നുമില്ല. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു എസ് എഫ് ഐ വഴി മാറിക്കൊടുത്തത്. ഇതോടെ മോഹന്‍ കുന്നുമ്മല്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തുറന്ന മനസ്സുമായി എത്തി.

രജിസ്ട്രാറുടെ കാര്യത്തില്‍ സിന്‍ഡിക്കേറ്റിനെ മാനിക്കണമെന്ന് മന്ത്രി വിസിയോട് അഭ്യര്‍ഥിച്ചു. ജൂണ്‍ രണ്ടിന് സസ്‌പെന്‍ഡു ചെയ്തത് ആറിന് സിന്‍ഡിക്കേറ്റ് റദ്ദാക്കി. ഇക്കാലയളവിലെ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ അംഗീകരിക്കാം. എന്നാല്‍, അച്ചടക്കനടപടി പിന്‍വലിക്കാനുള്ള സിന്‍ഡിക്കേറ്റിന്റെ അധികാരം മാനിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. താന്‍ യോഗം പിരിച്ചുവിട്ടശേഷമുള്ള സമാന്തര സിന്‍ഡിക്കേറ്റ് നിയമപരമല്ലെന്നായിരുന്നു വിസിയുടെ വാദം. രജിസ്ട്രാറെ സസ്‌പെന്‍ഡു ചെയ്തതില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം മന്ത്രി സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും അറിയിച്ചു. ഇതോടെയാണ് അവധി ഫോര്‍മുലയിലേക്ക് കാര്യങ്ങളെത്തിയത്.

കഴിഞ്ഞ ദിവസം ഓഫീസിലെത്തിയ വിസി 1838 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിട്ടു. പിഎച്ച്ഡി ഫയലുകളും ബദല്‍ രജിസ്ട്രാര്‍ മിനി കാപ്പന്‍ നേരിട്ടു കൈമാറിയ ചില ഫയലുകളും ഒപ്പിട്ടു. രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശാലയിലുണ്ടായിരുന്നെങ്കിലും വിസിയെ കണ്ടില്ല. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഭരണസമിതി യോഗത്തിലും വിസി പങ്കെടുത്തു.

Tags:    

Similar News