സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചതോടെ വൈകീട്ട് 4.30ന് വീണ്ടും ചുമതല ഏറ്റെടുത്തു രജിസ്ട്രാര്‍; പ്രമേയം പാസാക്കിയത് വിസിയുടെ സാന്നിധ്യത്തിലെന്ന് സിന്‍ഡിക്കേറ്റ് വാദം; അംഗീകരിക്കാതെ വിസിയും; കേരളാ യൂണിവേഴ്‌സിറ്റിയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; നാളത്തെ ഹൈക്കോടതി തീരുമാനം നിര്‍ണായകം
സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചതോടെ വൈകീട്ട് 4.30ന് വീണ്ടും ചുമതല ഏറ്റെടുത്തു രജിസ്ട്രാര്‍
തിരുവനന്തപുരം: കേരളാ യൂണിവേഴ്‌സിറ്റിയില്‍ രാഷ്ട്രീയ നാടകം തുടരുന്നു. യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ വീണ്ടും ചുമതലയേറ്റു. സിന്‍ഡിക്കേറ്റ് തീരുമാനം അനുസരിച്ചാണ് ഇന്ന് വൈകുന്നേരം 4.30ന് രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ ചുമതല ഏറ്റെടുത്തത്. ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ് അറിയിക്കുകയായിരുന്നു. ഇന്ന് തന്നെ ചുമതല ഏറ്റെടുക്കാനും സിന്‍ഡിക്കേറ്റ് നിര്‍ദേശിച്ചു. ഇതോടെയാണ് രജിസ്ട്രാര്‍ ചുമതലയേറ്റത്. ഇതോടെ വിഷയം കൂടുതല്‍ വിവാദങ്ങളിലേക്കും രാഷ്ട്രീയ ഏറ്റുമുട്ടലുകളിലേക്കുമാണ് കടുക്കുന്നത്.
നേരത്തെ രജിസ്ട്രാറെ തിരിച്ചെടുക്കാനുള്ള പ്രമേയം പാസാക്കിയത് വിസിയുടെ സാന്നിധ്യത്തിലാണെന്നും വിസിയുടെ നടപടി നിയമവിരുദ്ധമാണെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രതികരിച്ചിരുന്നു. രജിസ്ട്രാര്‍ക്ക് പറയാനുള്ളത് കേട്ടില്ല. രജിസ്ട്രാര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് ചട്ടം പറയുന്നുണ്ട്. സംഭവങ്ങള്‍ പരിശോധിക്കാന്‍ കമ്മിറ്റിയെ നിയമിച്ചുവെന്നും 19 സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിസി തീരുമാനത്തിന് എതിര്‍പ്പ് രേഖപ്പെടുത്തിയെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു.
രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷനാണ് റദ്ദാക്കിയത്. കേരള സര്‍വകലാശാലയിലെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. താത്കാലിക വിസി സിസാതോമസിന്റെ എതിര്‍പ്പിനെ മറികടന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം. വി.സിയുടെ വിയോജിപ്പ് സിന്‍ഡിക്കേറ്റ് തള്ളുകയും ചെയ്തു. എന്നാല്‍ യോഗംപിരിച്ചുവിട്ടതിന് ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്നും സസ്‌പെന്‍ഷന്‍ അതേ രീതിയില്‍ നിലനില്‍ക്കുമെന്നും താത്കാലിക വൈസ് ചാന്‍സിലര്‍ ഡോ.സിസാ തോമസ് പറഞ്ഞു.
താന്‍ വിളിച്ച യോഗം അവസാനിപ്പിച്ചതാണ്. അതിന് ശേഷം നടന്നത് കുശലാന്വേഷണമാണെന്നും സസ്പെന്‍ഷന്‍ നടപടിയില്‍ ചര്‍ച്ച അജണ്ടയില്‍ ഇല്ലാത്ത വിഷയമാണെന്നും സിസാ തോമസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് സിന്‍ഡിക്കേറ്റ് രജിസ്ട്രാറെ തിരികെ എടുത്തുവെന്ന് അറിയിച്ചത്. ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ കേരളാ ഹൈക്കോടതിയില്‍ നാളെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെന്ന തീരുമാനം സിന്‍ഡിക്കേറ്റ് അറിയിക്കും. പരാതിക്കാരനായ രജിസ്ട്രാര്‍ ഹര്‍ജി പിന്‍വലിക്കാനും സാധ്യതയുണ്ട്. എന്നാല്‍, വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക ഹൈക്കോടതിയാകും. വിസി സിസ തോമസ് രജിസ്ട്രാറെ തിരികെ എടുത്തില്ലെന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സാധ്യത.
കേരളാ യുണിവേഴ്സിറ്റി രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയ നടപടിയെ ശരിവെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും രംഗത്തുവന്നിരുന്നു. രജിസ്ട്രാര്‍ക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാന്‍ വി സിക്ക് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. തീരുമാനം എടുക്കാന്‍ സിന്‍ഡിക്കറ്റിന് അധികാരമുണ്ട്. അതുപ്രകാരമാണ് ഇപ്പോള്‍ സസ്പെന്‍ഷന്‍ റദ്ദാക്കിയത്. സിന്‍ഡിക്കറ്റ് യോഗം വിളിച്ചു ചേര്‍ക്കാന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വി സി സിന്‍ഡിക്കറ്റ് വിളിച്ചുചേര്‍ത്തത്.
ചര്‍ച്ച നടക്കുന്നതിനിടെ വി സി ഇറങ്ങിപ്പോവുകയാണുണ്ടായത്. അതിനാല്‍ സിന്‍ഡിക്കറ്റ് അംഗങ്ങള്‍ അവരില്‍നിന്ന് തന്നെ ചെയര്‍പേഴ്സണെ തെരഞ്ഞെടുത്തു. തുടര്‍ന്ന് ആ ചെയര്‍പേഴ്സണ്‍ സിന്‍ഡിക്കറ്റ് യോഗം നടത്തിയാണ് രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദ് ചെയ്തത്. അതാണ് നിയമപരമായ നടപടിയായി നില്‍ക്കേണ്ടത്. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് വിസി നടത്തിയ നടപടി നിയമവിരുദ്ധമാണെന്ന് അന്നു തന്നെ പറഞ്ഞിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം സിന്‍ഡിക്കറ്റ് യോഗം തീരുമാനം അറിയിച്ചപ്പോള്‍ വിസി അംഗീകരിച്ചില്ല. പ്രമേയം വായിക്കുമ്പോള്‍ വിസി ഉണ്ടായിരുന്നു. 18 അംഗങ്ങളുടെ പിന്തുണയും ലഭിച്ചു- മന്ത്രി വ്യക്തമാക്കി.
കാവി പതാക പിടിച്ച ആര്‍എസ്എസ് അംബയെ ഭാരതാംബയാക്കി മാറ്റാനുള്ള സംഘടിത പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കാവി പതാക പിടിച്ചത് ആര്‍എസ്എസ് പ്രതീകമാണ്. ജനാധിപത്യ ഇന്ത്യയുടെ പൊതുബോധത്തിലേക്ക് ആര്‍എസ്എസ് പ്രതീകത്തെ സന്നിവേശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണിത്. സര്‍വകലാശാലകള്‍ക്കുള്ളില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം ബോധപൂര്‍വം ഉണ്ടാക്കിക്കൊണ്ട് വരികയാണ്. അനാവശ്യവിവാദങ്ങള്‍ക്ക് തിരികൊളുത്തി സര്‍വകലാശാലകളുടെ നേട്ടങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് ഇത്.
ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ സര്‍വകലാശാലകളോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുകയാണ് വേണ്ടത്. സര്‍വകലാശാലകള്‍ മതനിരപേക്ഷ ഇടങ്ങളായാണ് എന്നും നിലകൊള്ളുന്നത്. സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ചാന്‍സലറായ ഗവര്‍ണറും അദ്ദേഹം നിയമിച്ച വൈസ് ചാന്‍സലര്‍മാരും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം രജിസ്ട്രാര്‍ കെ.എസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കിയെന്ന് മിനുട്സില്‍ രേഖപ്പെടുത്തി തീരുമാനം കോടതിയെ അറിയിക്കാനാണ് ഇടത് സിന്‍ഡിക്കേറ്റ് നീക്കം. സീനിയര്‍ അംഗം പ്രൊഫ. രാധാ മണിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് ഇടത് അംഗങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ ആര്‍എസ്എസ് പരിപാടിയിലെ കാവിക്കൊടി പിടിച്ച അംബയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെടുകയും നിബന്ധന ലംഘിച്ചതിനാല്‍ പരിപാടി റദ്ദാക്കുമെന്ന് അറിയിക്കുകയും ചെയ്തതിനാണ് രാജ്ഭവന്റെ നിര്‍ദേശത്തില്‍ വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍, രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്.