സര്‍വകലാശാലയിലെ 'കസേരകളി'ക്കിടെ അവധി അപേക്ഷ നല്‍കി രജിസ്ട്രാര്‍; ചുമതല പരീക്ഷ കണ്‍ട്രോളര്‍ക്കോ കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ക്കോ നല്‍കണമെന്നും അവധി അപേക്ഷയില്‍; സസ്പെന്‍ഷനിലുള്ളയാളുടെ അവധി അപേക്ഷയ്ക്ക് പ്രസക്തി എന്തെന്ന് വിസി
സര്‍വകലാശാലയിലെ 'കസേരകളി'ക്കിടെ അവധി അപേക്ഷ നല്‍കി രജിസ്ട്രാര്‍
തിരുവനന്തപുരം: കേരളസര്‍വകലാശാലയില്‍ നടക്കുന്ന വിസി-രജിസ്ട്രാര്‍ ഏറ്റുമുട്ടലുകള്‍ക്കും വിവാദങ്ങള്‍ക്കുമിടെ അവധി അപേക്ഷ നല്‍കി രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍. ജൂലൈ ഒന്‍പത് മുതല്‍ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷ നല്‍കിയത്. വിദേശപര്യടനം കഴിഞ്ഞ് ബുധനാഴ്ച ചുമതലയേറ്റെടുത്ത വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേലിനാണ് അവധി അപേക്ഷ നല്‍കിയത്. എന്നാല്‍, സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന്റെ അവധി അപേക്ഷയ്ക്ക് എന്തുപ്രസക്തി എന്ന് രേഖപ്പെടുത്തി വിസി ലീവ് അപേക്ഷ നിരസിച്ചു. ഇതോടെ സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ചതിന്റെ പേരില്‍ കേരള സര്‍വകലാശാലയില്‍ തുടങ്ങിയ പോര് പുതിയ തലത്തില്‍ എത്തി നില്‍ക്കുകയാണ്.
തനിക്ക് ശാരീരികാസ്വസ്ഥതയും രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റകുറച്ചിലും ഉള്ളതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ജൂലൈ ഒന്‍പത് മുതല്‍ കുറച്ചു നാളത്തെ അവധി വേണമെന്നാണ് വിസിക്ക് മെയിലില്‍ അയച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ അഭാവത്തില്‍ രജിസ്ട്രാറുടെ ചുമതല പരീക്ഷ കണ്‍ട്രോളര്‍ക്കോ കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ക്കോ നല്‍കണമെന്നും അവധി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ അപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് വിസി വ്യക്തമാക്കി. സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റിന്റെ സമാന്തരയോഗം നിയമവിരുദ്ധമാണെന്നും അതിലെ തീരുമാനങ്ങള്‍ വിസി അംഗീകരിക്കാത്തതിനാല്‍ നിലനില്‍ക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നതാണ്. ഓഫീസില്‍ തുടരുന്നത് നിയമവിരുദ്ധമാണ്. പുറത്തുപോവണമെന്നും വിസിയുടെ അനുമതിയില്ലാതെ ഓഫീസില്‍ കടക്കരുതെന്നും അനില്‍കുമാറിനെ അറിയിക്കാന്‍ വിസിയോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു.
സമാന്തരയോഗത്തിലെ തീരുമാനത്തിന് കടലാസിന്റെ വിലപോലുമില്ലെന്നും അതിനാല്‍ അനില്‍കുമാര്‍ സസ്‌പെന്‍ഷനില്‍ തന്നെയാണെന്നുമാണ് ഗവര്‍ണറുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി വിസിക്ക് വീണ്ടും ഉത്തരവിറക്കാമെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ വിസിക്ക് പൂര്‍ണ അധികാരവും ഗവര്‍ണര്‍ നല്‍കിയിട്ടുണ്ട്. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നടത്തിയത് നിയമസാധുതയില്ലാത്ത യോഗമാണെന്ന് വിലയിരുത്തിയാണ് സമാന്തരയോഗവും അതിലെ തീരുമാനങ്ങളും അസാധുവാണെന്ന് ഗവര്‍ണര്‍ വിലയിരുത്തിയത്.സിന്‍ഡിക്കേറ്റിലെ ഏതുതീരുമാനവും അംഗീകരിക്കാനും നടപ്പാക്കാനും വിസി രണ്ടുവട്ടം ഒപ്പുവയ്‌ക്കേണ്ടതുണ്ട്. തീരുമാനം അംഗീകരിച്ചശേഷവും വിസിക്ക് നടപ്പാക്കാതിരിക്കാന്‍ അധികാരമുണ്ട്.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തിന് തുടര്‍ച്ചയായാണ് രജിസ്ട്രാറെ വി.സി സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. പ്രത്യേക സാഹചര്യങ്ങളില്‍ വിസിയ്ക്ക് സിന്‍ഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള വ്യവസ്ഥ ഉപയോഗിച്ചായിരുന്നു നടപടി. സീനിയര്‍ ജോ. രജിസ്ട്രാര്‍ പി. ഹരികുമാറിനാണ് ചുമതല നല്‍കിയിരുന്നത്.
പിന്നീട് വി.സി ഡോ. മോഹനന്‍ കുന്നുമ്മല്‍ വിദേശത്തേയ്ക്ക് പോകുകയും ഡോ. സിസ തോമസിന് താല്‍ക്കാലിക ചുമതല നല്‍കുകയും ചെയ്തു. തുടര്‍ന്ന് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി. എന്നാല്‍, സിന്‍ഡിക്കേറ്റിന്റെ നടപടി വിസി സിസ തോമസ് അംഗീകരിച്ചിരുന്നില്ല.
ജൂണ്‍ 25-ന് ശ്രീപത്മനാഭ സേവാസമിതി സംഘടിപ്പിച്ച സെമിനാറില്‍ ഗവര്‍ണറായിരുന്നു മുഖ്യാതിഥി. വേദിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവെച്ചത് തര്‍ക്കത്തിനും പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിനും വഴിവെച്ചു. മതചിഹ്നങ്ങളോ ആരാധനയോ പാടില്ലെന്ന സര്‍വകലാശാലാചട്ടം സംഘാടകര്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍, ഹാളിനുള്ള അനുമതി നിഷേധിച്ചു. എന്നാല്‍, ഗവര്‍ണര്‍ ചടങ്ങിനെത്തിയതോടെ ഹാളില്‍ സെമിനാര്‍ നടന്നു. രജിസ്ട്രാറുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പരിപാടി അലങ്കോലമാക്കാന്‍ ഉദ്ദേശിച്ച്, ചിലരുടെ ആജ്ഞയനുസരിച്ച് രജിസ്ട്രാര്‍ പ്രവര്‍ത്തിച്ചെന്നായിരുന്നു വിസിയുടെ കണ്ടെത്തല്‍.