മൂന്നുപേരും സംസാരിച്ച ഫോണ്‍വിളികളുടെ ശബ്ദരേഖാ തെളിവുകള്‍ തന്റെ പക്കലുണ്ട്; 2015 മുതല്‍ ഗൂഢാലോചന തുടങ്ങിയെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കെ എം എബ്രഹാം; മുന്‍ ചീഫ് സെക്രട്ടറി സമ്മതിക്കുന്നത് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയെന്നോ? കേരളത്തില്‍ 'ഫോണ്‍ ടാപ്പിങ്' നിയമവിധേയമോ? ജോമോനെതിരെ അന്വേഷണത്തിന് നീക്കം

Update: 2025-04-16 01:06 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ്. വാദമെല്ലാം കേട്ട് ഇട്ട ഉത്തരവ്. അതിനെ തനിക്കെതിരേയുള്ള ഗൂഡാലോചനയുടെ പരിണിത ഫലമാക്കി മാറ്റുകയാണ് മുന്‍ ചീഫ് സെക്രട്ടറി കൂടിയായ കെ എം എബ്രഹാം. തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണാവശ്യം. ഈ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കും. അങ്ങനെ വന്നാല്‍ എബ്രഹാമിനെതിരെ പരാതി കൊടുത്ത ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ പ്രതിയാക്കി കേസെടുക്കാനും സാധ്യതയുണ്ട്. സമാനതകളില്ലാത്ത ചര്‍ച്ചകളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നത്.

താന്‍ സ്ഥാനത്ത് തുടരണോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് തനിക്കെതിരായ നീക്കങ്ങളുടെ ലക്ഷ്യമെന്നും എബ്രഹാം മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തില്‍ പറഞ്ഞു. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ തനിക്കെതിരേ ഗൂഢാലോചന നടത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുണ്ടായിരുന്ന രണ്ടുപേര്‍ക്കുകൂടി ഗൂഢാലോചനയില്‍ പങ്കുണ്ട്. താന്‍ ധനവകുപ്പ് സെക്രട്ടറിയായിരിക്കേ, ഇവരുടെ അഴിമതി കണ്ടെത്തിയിരുന്നു. മൂന്നുപേരും സംസാരിച്ച ഫോണ്‍വിളികളുടെ ശബ്ദരേഖാ തെളിവുകള്‍ തന്റെ പക്കലുണ്ട്. 2015 മുതല്‍ ഗൂഢാലോചന തുടങ്ങിയെന്നും കത്തില്‍ പറയുന്നു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കെ.എം. എബ്രഹാം കാര്യങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. മാതൃഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് സമ്മതിക്കുക കൂടിയാണ് എബ്രഹാം ഈ കത്തിലൂടെ ചെയ്യുന്നത്. അത് ഗുരുതര കുറ്റവുമാണ്. കേരളത്തില്‍ ഫോണ്‍ ചോര്‍ത്തല്‍ വ്യാപകമാണെന്ന ആരോപണം സജീവമാണ്. അതിനിടെയാണ് തനിക്കെതിരെ കോടതിയെ സമീപിച്ച വ്യക്തി ഉള്‍പ്പെടെയുള്ളവരുടെ ശബ്ദരേഖാ തെളിവുകള്‍ തന്റെ കൈയ്യിലുണ്ടെന്ന തരത്തില്‍ കെ എം എബ്രഹാം മുഖ്യമന്ത്രിക്ക് കത്തയച്ചുവെന്ന റിപ്പോര്‍ട്ട് പൊതു സമൂഹത്തിലേക്ക് വരുന്നത്.

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തനിക്കെതിരേ കോടതിയെ സമീപിച്ചത് വ്യക്തിവൈരാഗ്യംകാരണമാണെന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ റസ്റ്റ് ഹൗസ് ദുരുപയോഗംചെയ്തതിന് ധനവകുപ്പ് സെക്രട്ടറിയായിരിക്കേ, താന്‍ പിഴചുമത്തിയതാണ് ശത്രുതയ്ക്ക് കാരണം. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസും പിന്നിലുണ്ട്. ജേക്കബ് തോമസിനെതിരേ 20 കോടിയുടെ ക്രമക്കേട് താന്‍ കണ്ടെത്തിയിരുന്നു. എല്ലാ രേഖകളും പരിശോധിക്കാതെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഭാര്യയുമായി ബന്ധപ്പെട്ട ബാങ്കുരേഖകള്‍ പരിശോധിച്ചില്ല. കൊല്ലത്തെ വ്യാപാരസമുച്ചയം സഹോദരന്മാരുമായുള്ള കരാറിന്റെയടിസ്ഥാനത്തിലുള്ളതാണെന്നും അതിനെല്ലാം രേഖയുണ്ടെന്നും എബ്രഹാം പറയുന്നു. ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാന്‍ എബ്രഹാം അഭിഭാഷകരെ കണ്ടു. 2015-ല്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നകാലത്ത് വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് എബ്രഹാമിനെതിരേയുള്ള പരാതി. അതായത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലേക്ക് അപ്പീലുമായി എബ്രഹാം പോകും. സിബിഐ കേസെടുത്താല്‍ അറസ്റ്റിലാകുമെന്ന വിലയിരുത്തല്‍ ശക്തമാണ്. ഈ സാഹചര്യത്തിലാണ് എബ്രഹാമിന്റെ പുതിയ നീക്കം.

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. പരാതിക്കാരന്റെ മൊഴി, വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്, മറ്റ് സുപ്രധാന രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ജസ്റ്റിസ് കെ ബാബു സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സിബിഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് കോടതി അന്വേഷണത്തിനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബന്ധപ്പെട്ട മുഴുവന്‍ രേഖകളും എത്രയും വേഗം സിബിഐക്ക് വിജിലന്‍സ് കൈമാറണമെന്നും ഉത്തരവിലുണ്ട്.

കെ എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018ല്‍ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി. സംസ്ഥാന വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തിയതിനാല്‍ ഇനി അതിന്റെ ആവശ്യമില്ലെന്നും കെ എം എബ്രഹാമിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു വിജിലന്‍സ് അന്വേഷണമെന്നു സംശയിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ മുന്‍ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. നേരത്തെ വിജിലന്‍സിന്റെ ദ്രുതപരിശോധാ റിപ്പോര്‍ട്ട് അതേപടി വിജിലന്‍സ് കോടതി അംഗീകരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിലവിലുള്ള എല്ലാ നടപടികളും അവസാനിച്ചതായും ഹൈക്കോടതി അറിയിച്ചു.

Tags:    

Similar News