'ഞാന്‍ വാദിയായ കേസിലെ പ്രതി എനിക്കെതിരെ അന്വേഷണം നടത്തിയാല്‍ എങ്ങനെ നീതി ലഭിക്കും? സത്യസന്ധമായി എങ്ങനെ അന്വേഷണം നടത്താന്‍ സാധിക്കും? വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു'; കെ.എം എബ്രഹാമിനെതിരെ 'ദൈവത്തിന്റെ സ്വന്തം വക്കീല്‍ ' എന്ന പുസ്തകത്തിലെ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നു

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നു

Update: 2025-04-15 10:53 GMT

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.എം.എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് വന്ന പശ്ചാത്തലത്തില്‍ പരാതിക്കാരനായ ജോമന്‍ പുത്തന്‍ പുരയ്ക്കലിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നു. 'ദൈവത്തിന്റെ സ്വന്തം വക്കീല്‍ ' എന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥ പുസ്തകത്തിലെ പരാമര്‍ശങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. 2022ല്‍ ആണ് ഈ പുസ്തകംപുറത്തിറക്കിയത്. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കെ.എം എബ്രഹാം തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ നോക്കിയെന്നാണ് പുസ്തകത്തില്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ വ്യക്തമാക്കുന്നത്.

ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ കെ.എം എബ്രഹാമും പിഡബ്ലുഡി കെട്ടിടവിഭാഗം ചീഫ് എഞ്ചിനിയറായിരുന്ന എം. പെണ്ണമ്മയും ചേര്‍ന്ന് വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത് ഒടുവില്‍ പരാജയപ്പെട്ടുവെന്നാണ് പുസ്‌കത്തില്‍ പറയുന്നത്. കെ.എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തുവാനുള്ള തന്റെ ഹര്‍ജിയിന്മേല്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി സ്‌പെഷ്യല്‍ ജഡ്ജ് എ. ബദറുദ്ധീന്‍ 2016 ഒക്ടോബര്‍ 7ന് ഉത്തരവിട്ടിരുന്നു. കൂടാതെ, പിഡബ്ലുഡി കെട്ടിടവിഭാഗം ചീഫ് എഞ്ചിനിയറായിരിക്കെ പെണ്ണമ്മ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെതിരെ പരാതികളില്‍ നാല് വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും 2016 ഓഗസ്റ്റ് 30ന് ഉത്തരവിട്ടിരുന്നു. ഈ വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് താന്‍ വാദിയായ കേസിലെ പ്രതിയായ ചീഫ് എഞ്ചിനിയര്‍ പെണ്ണമ്മ 2016 നവംബര്‍ 2ന് എനിക്കെതിരെ ഒരു പരാതി ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന് നല്‍കിയത്. പരാതി കിട്ടിയ അന്ന് തന്നെ (2016 നവംബര്‍ 2) ധനകാര്യപരിശോധന നടത്തുവാന്‍ കെ.എം എബ്രഹാം ഉത്തരവിടുകയായിരുന്നുവെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 20 വര്‍ഷക്കാലമായി തുടര്‍ച്ചയായി എറണാകുളം പിഡബ്ലുഡി റെസ്റ്റ് ഹൗസിലെ 17 ആം നമ്പര്‍ എസി റൂമില്‍ സര്‍ക്കാരിന് വാടക കൊടുക്കാതെ താമസിച്ച് വരികയാണെന്നാണ് കെട്ടിടവിഭാഗം ചീഫ് എഞ്ചിനിയര്‍ പെണ്ണമ്മയുടെ പരാതിയില്‍ പറയുന്നത്. താന്‍ വാദിയായ കേസിലെ പ്രതി കെ.എം എബ്രഹാം തനിക്കെതിരെ അന്വേഷണം നടത്തിയാല്‍ എങ്ങനെ നീതി ലഭിക്കുമെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ചോദിക്കുന്നു. സത്യസന്ധമായി എങ്ങനെ അന്വേഷണം നടത്താന്‍ സാധിക്കും? എന്റെ ഭാഗം കേള്‍ക്കുകയോ എന്നോട് ഒരു വിശദീകരണം പോലും ചോദിക്കുകയോ ചെയ്യാതെ ഏകപക്ഷീയമായിട്ടാണ് കെ.എം എബ്രഹാം 2016 നവംബര്‍ 5ന് അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ധനകാര്യപരിശോധന അന്വേഷണ വിഭാഗം ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചതില്‍ നിന്നും 11 - 9 - 2000 മുതല്‍ 30 - 9 - 2016 വരെയുള്ള തുടര്‍ച്ചയായ കാലയളവില്‍ എറണാകുളം പിഡബ്ലുഡി റെസ്റ്റ് ഹൗസിലെ 17 ആം നമ്പര്‍ എസി മുറിയില്‍ താമസിച്ച വകയില്‍ 13,69,570/ രൂപ വാടകയിനത്തില്‍ കുടിശിക നല്‍കാനുണ്ടെന്നും, അതുകൊണ്ട് തന്റെ സ്വത്തുക്കള്‍ റവന്യൂ റിക്കവറി നടത്തണമെന്നാണ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, 13 ലക്ഷം രൂപ വാടക കുടിശിക അടക്കാനുണ്ടെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ തനിക്ക് ഇന്നുവരെ നോട്ടീസ് നല്‍കുകയോ മറ്റുനടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും പുസ്തകത്തില്‍ പറയുന്നു.


 



സിബിഐ അന്വേഷണത്തില്‍ വിശദീകരണവുമായി കെ.എം.എബ്രഹാം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കിഫ്ബി ജീവനക്കാര്‍ക്കയച്ച വിഷുദിന സന്ദേശത്തിലാണ് നിലപാട് പറഞ്ഞിരിക്കുന്നത്. പരാതിക്കാനായ ജോമന്‍ പുത്തന്‍ പുരയ്ക്കല്‍ അനധികൃതമായി റെസ്റ്റ് ഹൗസ് ഉപയോഗിച്ചതിന് ധനവകുപ്പ് സെക്രട്ടറിയായിരിക്കെ പിഴ ചുമത്തിയതാണ് തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്നാണ് കെ എം എബ്രഹാം പറയുന്നത്. ഇയാള്‍ക്കൊപ്പം മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും ഒപ്പം ചേര്‍ന്നു. ജേക്കബ് തോമസിനെതിരെ 20 കോടി രൂപയുടെ ക്രമക്കേട് ധനവകുപ്പ് സെക്രട്ടറിയായിരിക്കെ കണ്ടെത്തിയിരുന്നു.

കോടതി അന്വേഷണത്തിനു ഉത്തരവിടും മുന്‍പ് എല്ലാ രേഖകളും പരിശോധിച്ചില്ലെന്ന സംശയവും കെ.എം.എബ്രഹാം ഉയര്‍ത്തുന്നു. ഭാര്യയുമായി ബന്ധപ്പെട്ട മുഴുവന്‍ ബാങ്ക് രേഖകളും പരിശോധിച്ചില്ല. കൊല്ലത്തെ വ്യാപാര സമുച്ചയം സഹോദരന്‍മാരുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണെന്നും എല്ലാത്തിനും ബാങ്ക് രേഖയുണ്ടെന്നു പറയുന്ന കെ.എം.എബ്രഹാം സി.ഇ.ഒ സ്ഥാനത്തു നിന്നും രാജിവെയ്ക്കില്ലെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് കെ.എം.എബ്രഹാമിന്റെ തീരുമാനം. കേസില്‍ തന്റെ വാദം കേട്ടില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്.സി.ബി.ഐയുടെ കൊച്ചി യൂണിറ്റ് ആണ് അന്വേഷണം നടത്തുന്നത്. പരാതി, പരാതിക്കാരന്റെ മൊഴി, വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്, മറ്റ് സുപ്രധാന രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സി.ബി.ഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിന് ജസ്റ്റിസ് കെ. ബാബു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് ഏറ്റെടുത്ത് സി.ബി.ഐ ഉത്തരവ് പുറപ്പെടുവിക്കണം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് 2018ല്‍ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. കെ.എം.എബ്രഹാമിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു വിജിലന്‍സ് അന്വേഷണമെന്ന് സംശയിക്കാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ബന്ധപ്പെട്ട മുഴുവന്‍ രേഖകളും എത്രയും വേഗം സി.ബി.ഐയ്ക്ക് വിജിലന്‍സ് കൈമാറണം. തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ 2017ലെ ഉത്തരവ് കോടതി റദ്ദാക്കി. വിജിലന്‍സിന്റെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് അതേപടി വിജിലന്‍സ് കോടതി അംഗീകരിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഔദ്യോഗിക പദവി ദുരുപയോഗിച്ച് കോടികളുടെ സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി. 2015ല്‍ ധനകാര്യ അഡി. ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നതടക്കം പരാതിയില്‍ പറയുന്നുണ്ട്. ശമ്പളത്തേക്കാള്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ കെ. എം. എബ്രഹാമിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.

എട്ടുകോടി വിലവരുന്ന കൊല്ലം കടപ്പാക്കടയിലുള്ള മൂന്നു നില ഷോപ്പിംഗ് കോംപ്ലക്സ് സഹോദരന്റെ പേരിലായതിനാലാണ് സ്വത്ത് വിവരത്തില്‍ ഉള്‍പ്പെടുത്താത്തതെന്ന് വിജിലന്‍സിന് കെ. എം. എബ്രഹാം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉടമസ്ഥാവകാശം എബ്രഹാമിന്റെ പേരിലാണ് എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൊല്ലം കോര്‍പ്പറേഷനില്‍ നിന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.

കെ. എം. എബ്രഹാം സര്‍വീസില്‍ പ്രവേശിച്ചതുമുതല്‍ 33 വര്‍ഷത്തിനിടെ, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം റൂള്‍ 16 പ്രകാരം വര്‍ഷംതോറും ചീഫ് സെക്രട്ടറിക്ക് നല്‍കുന്ന സ്വത്ത് വിവരത്തില്‍ ഭാര്യയുടെയും, മക്കളുടെയും പേരിലുള്ളത് വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി 2015 മേയ് 25ന് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ജോമോന്‍ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍, ഭാര്യയ്ക്ക് വിലമതിക്കുന്ന ഒന്നുമില്ലെന്നാണ് കെ. എം. എബ്രഹാം അറിയിച്ചത്. വിജിലന്‍സ് അന്വേഷണത്തില്‍ ഭാര്യയുടെ ബാങ്ക് ലോക്കറില്‍ 100 പവന്റെ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ വാങ്ങിയതിന്റെ രേഖകളും ബാങ്കിടപാടുകളുടെ തെളിവുകളും കണ്ടെത്തിയതായും ഹര്‍ജിയില്‍ പറയുന്നു.


 



ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥ പുസ്തകത്തില്‍ പറയുന്നത്:

ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ കെ.എം എബ്രഹാമും P.W.D കെട്ടിടവിഭാഗം ചീഫ് എഞ്ചിനിയറായിരുന്ന എം. പെണ്ണമ്മയും ചേര്‍ന്ന് വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത് ഒടുവില്‍ പരാജയപ്പെട്ടു. കെ.എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തുവാനുള്ള എന്റെ ഹര്‍ജിയിന്മേല്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി സ്‌പെഷ്യല്‍ ജഡ്ജ് എ. ബദറുദ്ധീന്‍ (ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജ്) 2016 ഒക്ടോബര്‍ 7ന് ഉത്തരവിട്ടിരുന്നു. (Crl.M.P No:- 298/2016). 30ദിവസത്തിനുള്ളില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് 7 - 11- 2016ല്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ, P.W.D കെട്ടിടവിഭാഗം ചീഫ് എഞ്ചിനിയറായിരിക്കെ പെണ്ണമ്മ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെതിരെ എന്റെ പരാതികളില്‍ നാല് വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും 2016 ഓഗസ്റ്റ് 30ന് ഉത്തരവിട്ടിരുന്നു. ഈ വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഞാന്‍ വാദിയായ കേസിലെ പ്രതിയായ ചീഫ് എഞ്ചിനിയര്‍ പെണ്ണമ്മ 2016 നവംബര്‍ 2ന് എനിക്കെതിരെ ഒരു പരാതി ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന് നല്‍കിയത്. പരാതി കിട്ടിയ അന്ന് തന്നെ (2016 നവംബര്‍ 2) ധനകാര്യപരിശോധന നടത്തുവാന്‍ കെ.എം എബ്രഹാം ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ 20 വര്‍ഷക്കാലമായി തുടര്‍ച്ചയായി എറണാകുളം P.W.D റെസ്റ്റ് ഹൗസിലെ 17 ആം നമ്പര്‍ A/c റൂമില്‍ സര്‍ക്കാരിന് വാടക കൊടുക്കാതെ താമസിച്ച് വരികയാണെന്നാണ് കെട്ടിടവിഭാഗം ചീഫ് എഞ്ചിനിയര്‍ പെണ്ണമ്മയുടെ പരാതിയില്‍ പറയുന്നത്. ഞാന്‍ വാദിയായ കേസിലെ പ്രതി കെ.എം എബ്രഹാം എനിക്കെതിരെ അന്വേഷണം നടത്തിയാല്‍ എങ്ങനെ നീതി ലഭിക്കും? സത്യസന്ധമായി എങ്ങനെ അന്വേഷണം നടത്താന്‍ സാധിക്കും? എന്റെ ഭാഗം കേള്‍ക്കുകയോ എന്നോട് ഒരു വിശദീകരണം പോലും ചോദിക്കുകയോ ചെയ്യാതെ ഏകപക്ഷീയമായിട്ടാണ് കെ.എം എബ്രഹാം 2016 നവംബര്‍ 5ന് അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ധനകാര്യപരിശോധന അന്വേഷണ വിഭാഗം ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചതില്‍ നിന്നും 11 - 9 - 2000 മുതല്‍ 30 - 9 - 2016 വരെയുള്ള തുടര്‍ച്ചയായ കാലയളവില്‍ എറണാകുളം P.W.D റെസ്റ്റ് ഹൗസിലെ 17 ആം നമ്പര്‍ A/c മുറിയില്‍ താമസിച്ച വകയില്‍ Rs. 13,69,570/- രൂപ വാടകയിനത്തില്‍ കുടിശിക നല്‍കാനുണ്ടെന്നും, അതുകൊണ്ട് എന്റെ സ്വത്തുക്കള്‍ റവന്യൂ റിക്കവറി നടത്തണമെന്നാണ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, 13 ലക്ഷം രൂപ വാടക കുടിശിക അടക്കാനുണ്ടെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ എനിക്ക് ഇന്നുവരെ നോട്ടീസ് നല്‍കുകയോ മറ്റുനടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

17 ആം നമ്പര്‍ A/c റൂം ഉള്‍പ്പെടുന്ന 12 മുറികള്‍ 13 - 8 - 1986 മുതല്‍ ടൂറിസം ഡിപ്പാര്‍ട്‌മെന്റിന് കീഴിലുള്ള എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസിന്റെ അനക്‌സായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. അതിനുശേഷം 12 മുറികളും P.W.D ക്ക് 2009ലാണ് തിരിച്ചുകിട്ടിയത്. P.W.D റെസ്റ്റ് ഹൗസിലെ നിലവിലുള്ള 5 മുറികളുടെ കൂടെ 12 മുറികളുടെ പ്രവര്‍ത്തനം ആരംഭിച്ചത് 2009 സെപ്റ്റംബര്‍ മുതലാണെന്ന് വിവരാവകാശ നിയമപ്രകാരം പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എറണാകുളം അസിസ്റ്റന്റ് എഞ്ചിനിയര്‍ 2 - 3 -2011ല്‍ എന്നെ അറിയിച്ചതിന്റെ വിവരാവകാശ രേഖ എന്റെ പക്കലുണ്ടായിരുന്നു. 11 - 9 - 2000 മുതല്‍ 30 - 9 - 2016 വരെയുള്ള കാലയളവില്‍ 17 ആം നമ്പര്‍ A/ c റൂമില്‍ തുടര്‍ച്ചയായി താമസിച്ചുവെന്ന ധനകാര്യപരിശോധന റിപ്പോര്‍ട്ട് വ്യാജമാണെന്ന് വിവരാവകാശ രേഖപ്രകാരം തെളിഞ്ഞിരിക്കുകയാണ്. 17 ആം നമ്പര്‍ A/c റൂം പതിറ്റാണ്ടുകളായി ടൂറിസം ഡിപ്പാര്‍ട്‌മെന്റിന്റെ കീഴിലുള്ള എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസിന്റെ അനക്‌സായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 44 മുറികളുള്ള എറണാകുളം ഗവണ്മെന്റ് അഡീഷണല്‍ ഗസ്റ്റ് ഹൗസ് നിര്‍മ്മിച്ച് 14 - 9 - 2006ല്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം, ഗവണ്മെന്റ് ഗസ്റ്റ് ഹൗസിന്റെ അനക്സായി പ്രവര്‍ത്തിച്ച 12 മുറികള്‍ എറണാകുളം P.W.D റെസ്റ്റ് ഹൗസിന്റെ അന്ന് നിലവിലുണ്ടായിരുന്ന 5 മുറികളോടൊപ്പം കൂട്ടി ചേര്‍ത്ത് 2009 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് 2000 മുതല്‍ P.W.D റെസ്റ്റ് ഹൗസിന്റെ ഈ മുറിയില്‍ ഞാന്‍ താമസിച്ചുവെന്ന് കണ്ടെത്തിയെന്ന് ധനകാര്യപരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് വ്യക്തമായിരിക്കുകയാണ്.

ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി മുന്‍പാകെ 20 - 2 - 2020ല്‍ ഞാന്‍ പരാതി(നമ്പര്‍ 16394/ഹര്‍ജി ബി4/2020/നി.സെ.) നല്‍കിയിരുന്നു. പരാതിയിന്മേല്‍ നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോടും പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും വിശദീകരണം നല്‍കുവാന്‍ ഉത്തരവിട്ടിരുന്നു. പിന്നീട് ഈ രണ്ട് ഉദ്യോഗസ്ഥരും നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് വ്യാജവും കെട്ടിച്ചമച്ചതുമാണെന്നും റിപ്പോര്‍ട്ട് തള്ളണമെന്നും, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി മുന്‍പാകെ വിളിച്ച് വരുത്തി തെളിവെടുപ്പ് നടത്തണമെന്നും നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി മുന്‍പാകെ 12 - 10 - 2020ല്‍ ഞാന്‍ പരാതി നല്‍കിയിരുന്നു.

'അഭയ കേസിലെ പ്രതികളുടെ ഉന്നതസ്വാധീനം മൂലം വാദിയായ എനിക്ക് പല ഘട്ടത്തിലുമായി കൊടിയപീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. അതിനെയൊക്കെ അതിജീവിച്ചാണ് ഇക്കാലമത്രെയും തളരാതെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം നടത്തി വിജയിക്കാന്‍ കഴിഞ്ഞത്. അതിന്റെ കൂടെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അഭയ കേസില്‍ നിരന്തരം നിയമപോരാട്ടം നടത്തുന്ന എനിക്ക് കേസിന്റെ ഭാഗമായി എറണാകുളത്തും തിരുവനന്തപുരത്തും P.W.D റെസ്റ്റ് ഹൗസുകളില്‍ താമസിച്ച വകയില്‍ നിയമപ്രകാരം നിലവിലുള്ള താരിഫ് അനുസരിച്ച് മുറിവാടക കൃത്യമായി നല്‍കിയിട്ടുള്ള എന്നെ ധനകാര്യവകുപ്പ് സെക്രട്ടറിയായിരുന്ന കെ.എം എബ്രഹാം, P.W.D കെട്ടിടവിഭാഗം ചീഫ് എഞ്ചിനിയര്‍ ആയിരുന്ന എം. പെണ്ണമ്മ എന്നിവര്‍ അഴിമതി നടത്തിയതിനെതിരെയുള്ള എന്റെ പരാതിയിന്മേല്‍ കോടതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും നിരവധി വിജിലന്‍സ് അന്വേഷണങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതികളായ ഈ രണ്ട് ഉദ്യോഗസ്ഥരില്‍, പെണ്ണമ്മ പരാതിക്കാരിയും മറ്റൊരു പ്രതിയായ കെ.എം എബ്രഹാം അന്വേഷണ ഉദ്യോഗസ്ഥനുമായി വാദിക്കെതിരെ P.W.D റെസ്റ്റ് ഹൗസില്‍ താമസിച്ച വകയില്‍ നിയമപ്രകാരം മുഴുവന്‍ വാടകയും കൃത്യമായി നല്‍കി പതിറ്റാണ്ടുകള്‍ കഴിഞ്ഞതിനുശേഷം ഞാന്‍ മാത്രം ഇരട്ടിവാടക നല്‍കണമെന്ന് പറഞ്ഞ് കെട്ടിച്ചമച്ച് ധനകാര്യപരിശോധന നടത്തിയതിലൂടെ ഞാന്‍ വാദിയായ കേസിലെ പ്രതി തന്നെ വാദിക്കെതിരെ അന്വേഷണം നടത്തിയതിലൂടെ 100% എനിക്ക് നീതി നിഷേധിച്ചിരിക്കുകയാണെന്നും' നിയമസഭാ പെറ്റീഷന്‍ കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി മുന്‍പാകെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്താന്‍ നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു. 3 - 2 - 2021 ബുധനാഴ്ച രാവിലെ 10:30ന് നിയമസഭാ സമുച്ചയത്തിലെ '5ഡി' സമ്മേളനഹാളില്‍ നടക്കുന്ന പെറ്റീഷന്‍ കമ്മിറ്റിയുടെ തെളിവെടുപ്പിന് പരാതിക്കാരനായ എന്നെയും ക്ഷണിച്ചിരുന്നു.

എനിക്കെതിരെയുള്ള ധനകാര്യപരിശോധന റിപ്പോര്‍ട്ട് വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും തെളിയിക്കുന്ന 100 പേജ് വരുന്ന ബൈന്റ് ചെയ്ത രേഖയുടെ ഒരു കോപ്പി തെളിവെടുപ്പ് സമയത്ത് നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്ക് ഞാന്‍ നല്‍കിയിരുന്നു. എറണാകുളം P.W.D റെസ്റ്റ് ഹൗസില്‍ ഞാന്‍ താമസിച്ച അവസരങ്ങളിലെല്ലാം കൃത്യമായി മുറിവാടക അടച്ചതിന്റെ ബില്ലും, അത് ശരിവെയ്ക്കുന്ന പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എഞ്ചിനിയറുടെ ഓഫീസിലെ വിവരാവകാശ നിയമപ്രകാരമുള്ള 7 - 4 - 2012ലെ കവറിങ് കത്തും, കെട്ടിടവിഭാഗം എറണാകുളം എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ 24 - 3 - 2012ലെ കത്തിലെ, താമസിച്ച ദിവസങ്ങളില്‍ മുറിവാടക കൃത്യമായി ഞാന്‍ അടച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകളും തെളിവെടുപ്പ് സമയത്ത് ഞാന്‍ വായിച്ചുകേള്‍പ്പിച്ചു. കൂടാതെ 2016 നവംബര്‍ 5ന് നടത്തിയ ധനകാര്യപരിശോധന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈയ്യില്‍ കിട്ടിയിട്ട് കുടിശിക അടക്കാന്‍ പറഞ്ഞ് സര്‍ക്കാര്‍ എനിക്ക് ഇന്ന് വരെ ഒരു നോട്ടീസും അയച്ചിട്ടില്ല. 'നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എനിക്ക് ഒരു നോട്ടീസ് അയക്കാന്‍?' എന്ന് ധനകാര്യ സെക്രട്ടറിയോടും P.W.D പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും ചോദിച്ചു. 'അതിന്റെ തുടര്‍നടപടികള്‍ നടന്നുവരികയാണെന്ന്' ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും P.W.D പ്രിന്‍സിപ്പല്‍ സെക്രട്ടറി ആനന്ദ് സിങ്ങും തെളിവെടുപ്പ് സമയത്ത് എനിക്ക് മറുപടി നല്‍കി. 'കഴിഞ്ഞ നാല് വര്‍ഷമായി നിങ്ങള്‍ ഇതുതന്നെയല്ലേ പറഞ്ഞുകൊണ്ടിരിക്കുന്നത്?' എന്ന് തിരിച്ചു ചോദിച്ചു. 'ജോമോന്‍ കൃത്യമായി വാടക അടച്ചുവെന്ന് തെളിയിക്കുന്ന ബില്ല് പെറ്റീഷന്‍ കമ്മിറ്റിക്ക് മുന്‍പാകെ ഇപ്പോള്‍ സമര്‍പ്പിച്ചതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് അപ്പോള്‍ ഇടപെട്ട് ചെയര്‍മാന്‍ ഗണേഷ് കുമാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി എറണാകുളം P.W.D എക്‌സിക്യൂട്ടീവ് എഞ്ചിനിയറോട് ചോദിച്ചെങ്കിലും ഉത്തരം പറയാതെ പകച്ച് നില്‍ക്കുകയായിരുന്നു ആ ഉദ്യോഗസ്ഥന്‍. ധനകാര്യവകുപ്പ് - P. W. D സെക്രട്ടറിമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗണേഷ് കുമാര്‍ ഉത്തരവിട്ടിരുന്നു.

ഇരട്ടിവാടക ഈടാക്കാനുള്ള ശ്രമവും വിജയിച്ചില്ല.

1 - 3 - 1974 ലെ 10914/E1/69/PWD നോട്ടിഫിക്കേഷന്‍ അനുസരിച്ച് 3 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി P.W.Dറെസ്റ്റ് ഹൗസില്‍ താമസിക്കുന്നവരില്‍ നിന്നും ഇരട്ടി വാടക ഈടാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ 46 വര്‍ഷമായി നടപ്പിലാക്കാത്ത നോട്ടിഫിക്കേഷന്റെ പേരിലാണ് എന്നെ പീഢിപ്പിക്കുന്നത്. മേല്‍പ്പറഞ്ഞ സര്‍ക്കാര്‍ ഉത്തരവിന്റെ പേരില്‍ 3 ദിവസത്തില്‍ കൂടുതല്‍ താമസിച്ചതിന് ഇരട്ടിചാര്‍ജ്ജ് കേരളത്തില്‍ ഒരാളില്‍ നിന്നുപോലും വാങ്ങിച്ചിട്ടില്ലെന്നും അതുകൊണ്ട് ജോമോന്‍ പുത്തന്‍പുരയ്ക്കലില്‍ നിന്നും ഇരട്ടിചാര്‍ജ്ജ് വാങ്ങിക്കുന്നത് നീതീകരിക്കാനാവില്ലെന്നും, കൂടാതെ 3 ദിവസത്തില്‍ കൂടുതല്‍ താമസിച്ചാല്‍ ഇരട്ടിവാടക വാങ്ങിക്കണമെന്നുള്ള 1974-ലെ നോട്ടിഫിക്കേഷന്‍ P.W.D യിലെ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ആര്‍ക്കും അറിവില്ലാത്തതും ഒരാളില്‍ നിന്നു പോലും ഇരട്ടിവാടക വാങ്ങിക്കാതെ ജോമോന്‍ പുത്തന്‍പുരയ്ക്കലില്‍ നിന്നും മാത്രം വാങ്ങിക്കുന്നത് ശരിയല്ലെന്നും ഇരട്ടിവാടക സംബന്ധിച്ച് അന്വേഷണ കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഡി. ഹരിലാല്‍ സര്‍ക്കാരിന് കൊടുത്ത അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ധനകാര്യ പരിശോധന റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് 28/02/2019 ല്‍ സര്‍ക്കാര്‍ ഉത്തരവ്(ന.പൊ.മ.വ.-എഫ് 2/87/2017-പൊ. മ. വ.)ഇറക്കിയിരുന്നു. കൂടാതെ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സര്‍ക്കാരിന് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുവനന്തപുരം റെസ്റ്റ് ഹൗസിലെ മാനേജര്‍ എസ്. സനല്‍കുമാര്‍ നായര്‍ നല്‍കിയ വിശദീകരണത്തില്‍ തിരുവനന്തപുരം P.W.D റെസ്റ്റ് ഹൗസില്‍ താമസിച്ച വാടകയിനത്തില്‍ ഞാന്‍ ഒരു രൂപ പോലും നല്‍കാനില്ല എന്ന് വ്യക്തമാക്കിയത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു .

28 - 2 - 2019 ലെ 'ഇരട്ടിവാടക ഒരാളില്‍ നിന്ന് മാത്രമായി വാങ്ങരുതെന്ന' സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായി ഉന്നതഉദ്യോഗസ്ഥരുടെ അധികാര ദുരുപയോഗത്തിനും സ്വജനപക്ഷപാതത്തിനും വഴങ്ങി നിയമവിരുദ്ധമായി, ഇരട്ടിവാടക 42670/- രൂപ സര്‍ക്കാര്‍ ഖജനാവില്‍ ഞാന്‍ അടക്കാന്‍ ആവശ്യപ്പെട്ട് P.W.D കെട്ടിടവിഭാഗം തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് എഞ്ചിനിയര്‍ അജയന്‍ നോട്ടീസ് നല്‍കിയിരുന്നു.

ഇരട്ടിവാടക സംബന്ധിച്ച് P.W.D ഉദ്യോഗസ്ഥരോ, ധനകാര്യ പരിശോധന വിഭാഗമോ സംസ്ഥാന സര്‍ക്കാരോ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ രേഖാമൂലമോ, വാക്കാലോ എന്റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായി തീരുമാനമെടുത്തതിനാല്‍ 100% നീതി എനിക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. കൂടാതെ പൊതുജീവിതത്തില്‍ ഉടനീളം സത്യസന്ധതയും നീതിയും പുലര്‍ത്തിയിട്ടുള്ള വ്യക്തി എന്ന നിലയില്‍ എന്നെ കരുതികൂട്ടി അപമാനിക്കാനാണ് ഉന്നതഉദ്യോഗസ്ഥന്മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ഇത്രയും കാലത്തിനിടയില്‍ ഇന്നുവരെ സര്‍ക്കാരില്‍ നിന്നും ഒരു രൂപാ പോലും ആനുകൂല്യം പറ്റാതെ പൊതുപ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാണെന്നും നിയമസഭാ പെറ്റീഷന്‍ കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു.

പിന്നീട്, രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2021 ജൂണില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ വീണ്ടും നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാനായും അംഗങ്ങളായി എം.എല്‍.എ മാരായ പി.കെ ബഷീര്‍, ജി.എസ് ജയലാല്‍, വി. ജോയി, എം. രാജഗോപാലന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, കെ.കെ രമ, എച്ച്. സലാം, സനീഷ് കുമാര്‍ ജോസഫ് എന്നിവരെ തിരഞ്ഞെടുത്തിരുന്നു. അതിനുശേഷമുള്ള നിയമസഭാ പെറ്റീഷന്‍ കമ്മിറ്റിയുടെ തെളിവെടുപ്പിലും ധനകാര്യ - പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിമാര്‍ നല്‍കിയ റിപ്പോര്‍ട്ട് വീണ്ടും തള്ളിയും ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും ചെയര്‍മാന്‍ കെ.ബി ഗണേഷ് കുമാര്‍ ഉത്തരവിട്ടിരുന്നു. 'ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതിയില്‍ ഉദ്യോഗസ്ഥന്മാരെ നിയമസഭാ പെറ്റീഷന്‍ കമ്മിറ്റിയില്‍ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പത്തനാപുരത്തെ തന്റെ നിയമസഭാ മണ്ഡലത്തില്‍ KIIFB നടത്തിക്കൊണ്ടിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ C.E.O കെ.എം എബ്രഹാം സ്റ്റോപ്പ് മെമ്മോ കൊടുത്തതെന്ന്' ഗണേഷ് കുമാര്‍ നിയമസഭാ സമിതിയില്‍ വെളിപ്പെടുത്തിയിരുന്നു.

കെ.എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ച് ഞാന്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ നാല് വര്‍ഷമായി ഹൈക്കോടതിയുടെ പരിഗണനയിലാണ്(Crl.M.C.No. 8044/18). ഹരിചന്ദ്രനാണെന്നു പറഞ്ഞു നടക്കുന്ന കെ.എം എബ്രഹാമിനെതിരെ ഏഴു വിജിലന്‍സ് അന്വേഷണങ്ങളും ഒരു ക്രൈംബ്രാഞ്ച് അന്വേഷണവും ഒരു സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടുകൊണ്ടും കേരള ഹൈക്കോടതിയില്‍ വേറെ കേസുകള്‍ പെണ്ടിംഗ് ഉണ്ട്. കെ.എം എബ്രഹാം ചീഫ് സെക്രട്ടറിയായി 2017 ഡിസംബര്‍ 31ന് റിട്ടയര്‍ ചെയ്തതിന് ശേഷം രണ്ടാം പിണറായി സര്‍ക്കാര്‍ 2021 മെയ് മാസത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും KIIFB യുടെ C.E.O ആയും ഒരേസമയം പ്രവര്‍ത്തിച്ച് അധികാരം ഉപയോഗിച്ച് ഈ കേസുകളില്‍ നിന്നെല്ലാം രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് കെ.എം എബ്രഹാം. കെ.എം. ഏബ്രഹാമിനെ സഹായിച്ചുകൊണ്ട് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് 7 - 11- 2016ല്‍ കോടതിയില്‍ കൊടുത്ത വിജിലന്‍സ് എസ്.പി. രാജേന്ദ്രന്‍ സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്തതിനുശേഷം, പിന്നീട് കെ.എം.എബ്രഹാം ചീഫ് സെക്രട്ടറിയായപ്പോള്‍ കെ.എം. ഏബ്രഹാം അദ്ധ്യക്ഷനായ പാനലില്‍ തനിക്ക് അനുകൂലമായി വിജിലന്‍സ് റിപ്പോര്‍ട്ട് കൊടുത്ത അന്നത്തെ വിജിലന്‍സ് ഉദ്യോഗസ്ഥനായ രാജേന്ദ്രനെ ഐ.പി.എസ്. നല്‍കാനുള്ള പാനലില്‍ ഉള്‍പ്പെടുത്തി ശുപാര്‍ശ ചെയ്തതിനെത്തുടര്‍ന്ന് രാജേന്ദ്രന് ഐ.പി.എസ്. കിട്ടി. റിട്ടയര്‍ ചെയ്ത രാജേന്ദ്രന്‍ 3 വര്‍ഷം കൂടി സര്‍വ്വീസിലിരിക്കുകയും ചെയ്തു. 'അന്വേഷണ ഉദ്യോഗസ്ഥനെ ഐ.പി.എസ്. കൊടുക്കാമെന്ന് പറഞ്ഞ് സ്വാധീനിച്ചാണ് കെ.എം. എബ്രഹാം ഇത്തരത്തിലൊരു വിജിലന്‍സ് റിപ്പോര്‍ട്ട് കൊടുപ്പിച്ചതെന്ന്' ഞാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വാദിച്ചപ്പോള്‍, 'രാജേന്ദ്രനെ ഐ.പി.എസ്. പാനലില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, ഐ.പി.എസ്. നല്‍കാനുള്ള പാനലില്‍ കെ.എം. ഏബ്രഹാം ഇല്ലെന്നും' വാദിച്ച വിദ്വാനാണ് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ അഗസ്റ്റിന്‍. ഞാന്‍ അന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചത് പിന്നീട് സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

കേരളത്തിലെ P.W.D റെസ്റ്റ് ഹൗസുകളില്‍ പൊതുജനങ്ങളില്‍ നിന്നും മുഴുവന്‍ തുകയും ഈടാക്കി കൊണ്ട് ഗവണ്മെന്റ് മുറിവാടക പുതുക്കി നിശ്ചയിച്ചത് 12 - 10 - 1999 ലെ G.O(M.S)NO.83/99/PWD എന്ന ഉത്തരവുപ്രകാരം കോര്‍പ്പറേഷന്‍ ഏരിയയിലുള്ള P.W.D റെസ്റ്റ് ഹൗസുകളില്‍ A/c റൂമിന് വാടക 150/- രൂപയായിരുന്നു അന്ന്. നീണ്ട 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് 150 രൂപയുണ്ടായിരുന്ന റൂമിന് 400/- രൂപയാക്കി കാലോചിതമായി വര്‍ധിപ്പിച്ച് 18 - 12 - 2013ല്‍ ഉത്തരവ് (G.O(P)No.109/2013/P.W.D) ഇറക്കിയിരുന്നു. P.W.D കെട്ടിടവിഭാഗം ചീഫ് എഞ്ചിനിയര്‍ പെണ്ണമ്മയുടെ ശുപാര്‍ശപ്രകാരം കെ.എം എബ്രഹാം ചീഫ് സെക്രട്ടറിയായിരുന്ന സമയത്ത് 2017ല്‍ P.W.D റെസ്റ്റ് ഹൗസിന്റെ മുറിവാടക 400ല്‍ നിന്നും കുത്തനെ 1000/- രൂപയായി വര്‍ധിപ്പിച്ച് ഉത്തരവിറക്കി. തൈക്കാട് P.W.D റെസ്റ്റ് ഹൗസിലെ ടി.വിയോ മറ്റുസൗകര്യങ്ങളോ ഒന്നുമില്ലാത്ത മുറികള്‍ക്കാണ് പൊതുജനങ്ങള്‍ക്ക് 1000/- രൂപയായി വാടക വര്‍ധിപ്പിച്ചത്. തൊട്ടടുത്തുള്ള തൈക്കാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു മുറിക്ക് പൊതുജനങ്ങള്‍ക്ക് 700/- രൂപയാണ് വാടക.

സെക്രട്ടറിയേറ്റിന് അടുത്തുള്ള 4000/- രൂപയോളം മാസവാടക വരുന്ന ചെറിയൊരു മുറി എന്റെ സുഹൃത്തായ മധു നായര്‍ തല്‍ക്കാലം താമസിക്കാന്‍ സൗജന്യമായി തന്നതുകൊണ്ട് 2017 മുതല്‍ അവിടെയാണ് ഞാന്‍ താമസിച്ച് വരുന്നത്. അതിനാല്‍ P.W.D റെസ്റ്റ് ഹൗസില്‍ മുറിയെടുക്കേണ്ട ആവശ്യം ഇപ്പോള്‍ വരുന്നില്ല. 'എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെയാണ്' കെ.എം എബ്രഹാം റെസ്റ്റ് ഹൗസിന്റെ വാടക 1000/- രൂപയായി വര്‍ധിപ്പിച്ചതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല.

Tags:    

Similar News