യുകെ മലയാളികളുടെ നിരന്തര സമ്മര്‍ദ്ദങ്ങള്‍ ഫലം കാണുന്നു; കൊച്ചി-ലണ്ടന്‍ വിമാന സര്‍വീസ് എയര്‍ ഇന്ത്യ പുനരാരംഭിച്ചേക്കും; തീരുമാനം സിയാല്‍ പ്രതിനിധികള്‍ എയര്‍ ഇന്ത്യ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍; മാസങ്ങള്‍ക്കകം ലണ്ടന്‍ വിമാനം നെടുമ്പാശ്ശേരിയില്‍ നിന്നും പറന്നുയരും
കൊച്ചി-ലണ്ടന്‍ വിമാന സര്‍വീസ് എയര്‍ ഇന്ത്യ പുനരാരംഭിച്ചേക്കും
കൊച്ചി: കേരളത്തില്‍ നിന്നുള്ള ഏക യൂറോപ്യന്‍ സര്‍വീസായ എയര്‍ ഇന്ത്യ കൊച്ചി-ലണ്ടന്‍ വിമാനം മാസങ്ങള്‍ക്കുള്ളില്‍ പുനരാരംഭിച്ചേക്കും. മാര്‍ച്ച് 28 മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനുള്ള എയര്‍ ഇന്ത്യയുടെ അറിയിപ്പിനെത്തുടര്‍ന്ന് സിയാല്‍ അധികൃതര്‍ ബുധനാഴ്ച എയര്‍ ഇന്ത്യയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. യുകെ മലയാളികളുടെ സമ്മര്‍ദ്ദങ്ങളാണ് വിജയം കണ്ടത്. കൊച്ചിയില്‍ നിന്ന് യുകെയിലേക്കുള്ള ഏക വിമാന സര്‍വീസ് എയര്‍ഇന്ത്യ നിര്‍ത്തലാക്കുമെന്ന അറിയിപ്പില്‍ നിരാശരായ പ്രവാസി മലയാളികള്‍ രാഷ്ട്രീയ നേതൃത്വങ്ങളുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദങ്ങള്‍ ശക്തമാക്കിയിരുന്നു. ഈ പരിശ്രമമാണ് വിജയം കാണുന്നത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം നിലവില്‍ സര്‍വീസ് നടത്തുന്നത്. നിലവിലെ ശീതകാല ഷെഡ്യൂള്‍ അവസാനിക്കുന്നതോടെ, തിരക്കേറിയ ഈ സര്‍വീസ്, മാര്‍ച്ച് 28 ന് നിര്‍ത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ബുധനാഴ്ച ഗുര്‍ഗാവിലെ ആസ്ഥാനത്ത് എയര്‍ ഇന്ത്യ അധികൃതരുമായി ചര്‍ച്ച നടത്തി. എയര്‍ ഇന്ത്യ ഗ്രൂപ്പ് ഹെഡ് പി.ബാലാജി, സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി. എന്നിവര്‍ പങ്കെടുത്തു. എയര്‍ ഇന്ത്യയുടെ ലണ്ടന്‍ വിമാന സര്‍വീസ്, ലാഭകരമാക്കാനുള്ള പാക്കേജ്, ചര്‍ച്ചയില്‍ സിയാല്‍ അവതരിപ്പിച്ചു.
സര്‍വീസ് മുടങ്ങാതിരിക്കാന്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഏകദേശ ധാരണയായി. ഇക്കാര്യത്തില്‍ സാങ്കേതിക അനുമതിയ്ക്ക് ശേഷം, മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസ് പുനരാരംഭിക്കാനാകുമെന്നും വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഈ റൂട്ടില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
കോവിഡ് കാലത്ത് കൊച്ചിയില്‍ നിന്ന് യു.കെയിലേക്ക് ആരംഭിച്ച നേരിട്ടുള്ള സര്‍വീസ് ആണ് വിമാനമില്ലെന്ന പേരില്‍ നിര്‍ത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. സമ്മര്‍ ഷെഡ്യൂളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ യു.കെയിലെ പ്രവാസിമലയാളികള്‍ക്ക് സാധിച്ചിരുന്നില്ല. അന്വേഷിച്ചപ്പോഴാണ് ബോയിങ് ഡ്രീം ലൈനര്‍ വിമാനത്തിന് വാര്‍ഷിക അറ്റകുറ്റപ്പണി ആവശ്യമായതിനാല്‍ സര്‍വീസ് തുടരുന്നില്ലെന്ന വിശദീകരണം ഉണ്ടായത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു കൊച്ചിയില്‍ നിന്നുള്ള ഫ്‌ളൈറ്റ്.
എക്കോണമി ക്ലാസില്‍ 238 സീറ്റുകളും ബിസിനസ് ക്ലാസില്‍ 18 സീറ്റുകളുമാണ് ഈ വിമാനത്തിലുള്ളത്. എക്കോണമി ക്ലാസില്‍ എല്ലാ സര്‍വീസിലും നിറയെ യാത്രക്കാരുണ്ടാകും. അതിനിടെ കൊച്ചി- ലണ്ടന്‍ ഫ്ലൈറ്റ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കുമെന്ന അറിയിപ്പു പന്നതാടെ ബദല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ചും സിയാല്‍ ആലോചിച്ചിരുന്നു. ലണ്ടനിലെ ഗാറ്റ്വിക്കിനും കൊച്ചിക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് എയര്‍വേയ്സുമായും മറ്റു പല യൂറോപ്യന്‍ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്താന്‍ ശ്രമങ്ങളും നടത്തി.
പാര്‍ക്കിംഗ് ഫീ ചാര്‍ജ്ജുകള്‍ എടുത്തു കളയുക, ഈ റൂട്ടിലെ സര്‍വ്വീസ് കൂടുതല്‍ ചെലവ് കുറഞ്ഞ രീതിയില്‍ നടത്തുന്നതിനുള്ള മറ്റ് സഹായങ്ങള്‍ നല്‍കാനും അടക്കം ശ്രമം നടത്തുകയുണ്ടായി. എയര്‍ഇന്ത്യയുടെ നേരിട്ടുള്ള വിമാന സര്‍വ്വീസ് റദ്ദാക്കി, ഡെല്‍ഹി വഴിയോ മുംബൈ വഴിയോ വിമാനം തിരിച്ചു വിടുമ്പോള്‍ യാത്രാ ദൈര്‍ഘ്യവും സമയം വര്‍ദ്ധിക്കും എന്നതായിരുന്നു പ്രശ്‌നം. മത്രമല്ല, യാത്രയ്ക്കിടയ്ക്കുള്ള കാത്തിരിപ്പ് സമയവും വര്‍ദ്ധിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.
ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസിന്റെ ആവശ്യകത അധികൃതരെ ബോദ്ധ്യപ്പെടുത്താന്‍ യു കെയിലെ സംഘടനകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. നിരവധി സംഘടനകള്‍, ബ്രിട്ടനിലെയും ഇന്ത്യയിലെയും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ കണ്ട് ഈ ആവശ്യം അവരെ അറിയിച്ചു.
എയര്‍ ഇന്ത്യയുടെ ഗാറ്റ്വിക്ക് - കൊച്ചി വിമാനം യാത്രക്കാര്‍ക്ക് എറെ സൗകര്യപ്രദമായ ഒരു സര്‍വ്വീസ് ആയിരുന്നു. കേവലം ഒന്‍പത് മണിക്കൂര്‍ കൊണ്ട് ലക്ഷ്യത്തില്‍ എത്തുന്നതായിരുന്നു ഈ സര്‍വ്വീസ്. ടിക്കറ്റ് നിരക്ക് അല്പം കൂടുതലായിരുന്നെങ്കിലും മലയാളികള്‍ക്ക്, ഇരു നഗരങ്ങള്‍ക്കും ഇടയില്‍ സഞ്ചരിക്കുവാന്‍ ഏറെ സൗകര്യപ്രദമായിരുന്നു ഈ വിമാനം. ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം നടത്തുന്ന ഈ സര്‍വ്വീസില്‍ 283 എക്കോണമി ക്ലാസ് സീറ്റുകളും 18 ബിസിനസ്സ് ക്ലാസ് സീറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്. എക്കോണമി ക്ലാസിന്റെകാര്യത്തില്‍ 97 ശതമാനം ടിക്കറ്റുകളും വിറ്റു പോയിരുന്നെങ്കിലും, ബിസിനസ്സ് ക്ലാസ്സിന്റെ കാര്യത്തില്‍ ആ ലക്ഷ്യം കൈവരിക്കാനായില്ല.
ആദ്യമാദ്യം എക്കോണമി ക്ലാസ്സുകള്‍ക്ക് ശരാശരി 45,000 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍, ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റുകള്‍ പ്രതീക്ഷിച്ചത്ര വിറ്റു പോകാതിരുന്നതോടെ എക്കോണമി ക്ലാസ്സ് ടിക്കറ്റിന് 15,000 രൂപ വര്‍ദ്ധിപ്പിച്ചു. ഇതോടെ എക്കോണമി ടിക്കറ്റുകളുടെ വില്പനയും കുറയാന്‍ ആരംഭിച്ചു. ഈ സര്‍വ്വീസ് സ്ഥിരമായി റദ്ദാക്കിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് സിയാല്‍ പറയുന്നത്. അതേസമയം, ചില മെയിന്റനന്‍സ് ആവശ്യങ്ങള്‍ക്കായി ഈ സര്‍വ്വീസ് താത്ക്കാലികമായി നിര്‍ത്തി വയ്ക്കുന്നു എന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.