ഏഷ്യാനെറ്റ് സീരിയല്‍ മുഖം; ഷൂട്ടിങ് യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയെ എസി കോച്ചിലൂടെ അടുത്ത പ്ലാറ്റ്‌ഫോമിലെത്തിക്കാന്‍ ശ്രമിച്ച പോര്‍ട്ടര്‍; ആദ്യം ബാഗില്‍ പിടിച്ചു; നോ പറഞ്ഞിട്ടും കടന്നു പിടിത്തം; ട്രാക്ക് മുറിച്ച് കടന്ന നടിയുടെ തെറ്റില്‍ അരുണിനെ രക്ഷിക്കാന്‍ ശ്രമിച്ച റെയില്‍വേ; കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ സംഭവിച്ചത്
തിരുവനന്തപുരം: പോര്‍ട്ടറുകാരന്‍ അതിക്രമം കാട്ടിയത് സീരിയല്‍ നടിയോട്. ഏഷ്യാനെറ്റില്‍ അടക്കം അഭിനയിക്കുന്ന മുന്‍നിര സീരിയല്‍ നടിയാണ് ധൈര്യ സമേതം പരാതിയുമായി എത്തിയത്. കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ നടിയോട് ലൈംഗിക അതിക്രമം കാണിച്ച പോര്‍ട്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സ്വദേശി അരുണ്‍(32) ആണ് അറസ്റ്റിലായത്. 24കാരിയായ നടിയുടെ പരാതിയില്‍ അരുണിനെ സസ്‌പെന്‍ഡ് ചെയ്തു.
വ്യാഴാഴ്ച പ്ലാറ്റ്‌ഫോമിലേക്കു പോകാനായി റെയില്‍വേലൈന്‍ ക്രോസ് ചെയ്യുമ്പോഴാണ് നടിക്കു പിന്നാലെ പോര്‍ട്ടര്‍ വന്നത്. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനുള്ളിലൂടെ അപ്പുറത്തേക്കു കടത്തിവിടാമെന്ന് പറഞ്ഞ് എസി കോച്ചിന്റെ വാതില്‍ പോര്‍ട്ടര്‍ തന്നെ തുറന്നു കൊടുത്തു. അതുവഴി അപ്പുറത്തെത്തി ട്രാക്കിലേക്ക് കയറുമ്പോള്‍ നടിയെ സഹായിക്കാനെന്ന വ്യാജേന പോര്‍ട്ടര്‍ ആദ്യം ബാഗില്‍ പിടിച്ചു. സഹായിക്കേണ്ടെന്നും തനിച്ചു കയറാന്‍ സാധിക്കുമെന്നും നടി പറഞ്ഞെങ്കിലും പോര്‍ട്ടര്‍ ദേഹത്തു കടന്നുപിടിക്കുകയായിരുന്നു.
നടി ഉടന്‍ തന്നെ റെയില്‍വേയില്‍ പരാതി നല്‍കി. ഈ സമയം പോര്‍ട്ടറെ ന്യായീകരിക്കുംവിധം അധികൃതര്‍ പെരുമാറിയതോടെ പേട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ട്രാക്ക് മുറിച്ച് കടക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ ആറ് പ്ലാറ്റ് ഫോമുകളുണ്ട്. ഏറെ ദൂരത്താണ് ഇതില്‍ പലതും. പടിക്കെട്ട് കയറി പോകാന്‍ മറിച്ച് യാത്രക്കാര്‍ ട്രാക്ക് മുറിച്ച് തൊട്ടടുത്ത തീവണ്ടിയില്‍ കയറുന്നത് പതിവാണ്. ഈ എളുപ്പ വഴിയിലൂടെ പോയ നടിയാണ് പോര്‍ട്ടറില്‍ നിന്നും ദുരനുഭവം നേരിട്ടത്.
എന്തിന് ട്രാക്ക് മുറിച്ച് കടന്നുവെന്ന ചോദ്യവുമായാണ് റെയില്‍വേ അധികാരികള്‍ നടിയുടെ പരാതിയെ ആദ്യം കൈകാര്യം ചെയ്തത്. ഈ സാഹചര്യത്തിലാണ് പരാതിയുമായി പോലീസിന് മുമ്പിലെത്തി. താമസിയാതെ പോലീസ് അരുണിനെ കസ്റ്റഡിയില്‍ എടുത്തു. പ്രതി കുറ്റവും സമ്മതിച്ചു. അതിന് ശേഷമാണ് വിശദ അന്വേഷണം. നടിയുടെ പരാതിയെ ഗൗരവത്തില്‍ എടുക്കാത്ത റെയില്‍വേയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
ഷൂട്ടിങുമായി ബന്ധപ്പെട്ട യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയെ അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ മോശമായി പെരുമാറിയത്.
