'വിപ്ലവഗാനം പാടിയത് പ്രേക്ഷകര്‍ ആവശ്യപ്പെട്ടതിനാല്‍'; പാടുന്നത് കലാകാരന്റെ ധര്‍മ്മമെന്ന് അലോഷി; സംഗീത പരിപാടിയില്‍ പാര്‍ട്ടി കൊടിയും ചിഹ്നവും പ്രദര്‍ശിപ്പിച്ചതിനെ തള്ളി കടയ്ക്കല്‍ ക്ഷേത്ര ഉപദേശക സമിതി; വിവാദമായതോടെ അന്വേഷണത്തിന് ദേവസ്വം വിജിലന്‍സ്
സംഗീത പരിപാടിയില്‍ പാര്‍ട്ടി കൊടിയും ചിഹ്നവും പ്രദര്‍ശിപ്പിച്ചതിനെ തള്ളി കടയ്ക്കല്‍ ക്ഷേത്ര ഉപദേശക സമിതി
കൊല്ലം: കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിലെ അലോഷിയുടെ സംഗീത പരിപാടിയില്‍ വിപ്ലഗാനം പാടുകയും പാര്‍ട്ടി കൊടിയും ചിഹ്നവും പ്രദര്‍ശിപ്പിക്കുകയും ചെയ്തത് വലിയ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ക്ഷേത്രം ഉപദേശക സമിതി. പാട്ടിനൊപ്പം എല്‍ഇഡി വാളില്‍ കൊടിയും ചിഹ്നം കാണിച്ചത് തെറ്റാണെന്ന് ഉപദേശക സമിതി പ്രസിഡന്റ് എസ് വികാസ് പറഞ്ഞു. സംഘാടകര്‍ക്ക് സംഭവിച്ച ശ്രദ്ധക്കുറവ് ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തും. ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഉയര്‍ന്ന വിവാദങ്ങളില്‍ ദു:ഖമുണ്ടെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
ഏത് പാട്ട് പാടണമെന്നത് കലാകാരന്റെ അവകാശമാണ്. പക്ഷേ പാട്ടിനൊപ്പം എല്‍ഇഡി വാളില്‍ കൊടിയും ചിഹ്നം കാണിച്ചത് തെറ്റാണ്. പരിപാടിയുടെ സംഘാടകര്‍ക്ക് ശ്രദ്ധക്കുറവുണ്ടായി ഓരോ പരിപാടികളും നടത്തുന്ന കരക്കാരാണ് അതിന്റെ സംഘാടകര്‍. ഉത്സവ കമ്മിറ്റിയും ഉപദേശക സമിതിയും ഇക്കാര്യത്തില്‍ ഇടപെടാറില്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. വ്യാപാരി വ്യവസായി സമിതിയാണ് അലോഷിയുടെ പരിപാടി സംഘടിപ്പിച്ചത്. ഇനി മുതല്‍ പരിപാടികളുടെ കാര്യത്തിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. ഉത്സവത്തിനിടെ ഉയര്‍ന്ന വിവാദങ്ങളില്‍ ദു:ഖമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ക്ഷേത്ര ഉത്സവത്തില്‍ നടന്നത് അംഗീകരിക്കാനാകാത്ത കാര്യമെന്നും ദേവസ്വം വിജലിന്‍സ് അന്വേഷിക്കുമെന്നും പ്രസിഡന്റ് പി.എസ് പ്രശാന്ത് നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം, വിവാദത്തില്‍ പ്രതികരണവുമായി ഗായകന്‍ അലോഷി ആദം രംഗത്തെത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാത്തവരാണ് വിവാദമുണ്ടാക്കുന്നുതെന്ന് ഗായകന്‍ അലോഷി പറഞ്ഞു. കാണികളുടെ ആവശ്യ പ്രകാരമാണ് പാട്ടുകള്‍ പാടിയതെന്നും എല്ലാവരും കൂടെ ചേര്‍ന്ന് പാടുകയും കയ്യടിക്കുകയും ചെയ്തുവെന്നും അലോഷി ആദം പറഞ്ഞു. അവിടെയുള്ളവരെല്ലാം നന്നായി ആസ്വദിച്ചു.
പരിപാടിയില്‍ പങ്കെടുക്കാത്തവരാണ് വിവാദം ഉണ്ടാക്കുന്നത്. എന്നില്‍ നിന്ന് ആസ്വാദകര്‍ പ്രതീക്ഷിക്കുന്ന ചില പാട്ടുകള്‍ ഉണ്ട്. ആ പാട്ടുകളൊക്കെ പാടി. അവിടെ ഉണ്ടായിരുന്ന എല്‍ഇഡി ഓപ്പറേറ്റര്‍ പാട്ടിന് ഉചിതമായ ചിത്രങ്ങള്‍ പിന്നണിയില്‍ കാണിച്ചതാവാം. അതിനെ കുറിച്ച് തനിക്ക് അറിയില്ല. പാര്‍ട്ടിക്കാര്‍ മാത്രമല്ല തന്റെ പാട്ടുകള്‍ ആസ്വദിക്കുന്നത്. ലീഗുകാര്‍ പോലും 100 പൂക്കളെ പാട്ട് പാടാന്‍ പറഞ്ഞിട്ടുണ്ടെന്നും അലോഷി ആദം പറഞ്ഞു.
ഒരു പാട്ടും പാടരുതെന്ന് കമ്മിറ്റിക്കാര്‍ പറഞ്ഞിട്ടില്ലെന്നും ആവശ്യപ്പെട്ട പാട്ട് പാടുന്നത് കലാകാരന്റെ ധര്‍മ്മമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദത്തിന്റെ ആവശ്യമില്ലെന്നും ഡി.വൈ.എഫ്.ഐയുടെ എഴുത്തും പതാകയും പശ്ചാത്തലത്തില്‍ വന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തില്‍ വിപ്ലവഗാനം പാടിയത് വിവാദമായതിനെ തുടര്‍ന്നാണ് അദ്ദേഹം വിശദീകരണം നല്‍കിയത്.
കടയ്ക്കല്‍ ക്ഷേത്രോത്സവത്തില്‍ കഴിഞ്ഞ പത്തിനാണ് ആലോഷിയുടെ ഗാനമേളയില്‍ വിപ്ലവ ഗാനങ്ങളായ പുഷ്പനെ അറിയാമോ, 100 പൂക്കളെ എന്നീ പാട്ടുകളടക്കം പാടിയത്. സ്റ്റേജിലെ എല്‍ഇഡി സ്‌ക്രീനില്‍ ഡിവൈഎഫ്‌ഐയുടെ കൊടിയും സിപിഎമ്മിന്റെ അടയാളവും പാട്ടിനൊടൊപ്പം പ്രദര്‍ശിപ്പിച്ചു ഇത് വിവാദമായതോടെയാണ് ക്ഷേത്രോത്സവം രാഷ്ട്രീയ പ്രചാരണ വേദിയാക്കാതിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തള്ളിപ്പറയുന്നത്.
ക്ഷേത്രം ഉപദേശക സമിതിയോട് ബോര്‍ഡ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. ക്ഷേത്രങ്ങളിലും പരിസരത്തും രാഷ്ട്രീയ ജാതി മത സംഘടനകകളുടെ കൊടികളോ ചിഹ്നങ്ങളോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ ബാധ്യസ്ഥമാണെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
ക്ഷേത്രത്തിന്റെ പവിത്രത നഷ്ടപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ആദര്‍ശ് ഭാര്‍ഗവനാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ബിജെപിക്ക് ഇടം ഉണ്ടാക്കി കൊടുക്കാനാണോ ക്ഷേത്രോത്സവത്തില്‍ വിപ്ലവ ഗാനം പാടിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. കാണികളുടെ ആവശ്യപ്രകാരമാണ് പാട്ടുകള്‍ പാടിയതെന്നാണ് ഗായകന്‍ അലോഷി വ്യക്തമാക്കിയത്. വ്യാപാരി വ്യവസായി സമിതിയാണ് ഗാനമേള സംഘടിപ്പിച്ചതെന്നും ഉത്സവത്തില്‍ രാഷ്ട്രീയ കലര്‍ത്തിയിട്ടില്ലെന്നുമാണ് ഉത്സവ കമ്മിറ്റിയുടെ വാദം.
ഇതിനിടെ, ദേവസ്വം ബോര്‍ഡിന്റെ അന്വേഷണമല്ല നടപടിയാണ് വേണ്ടതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ഒരു ആരാധനാലയത്തിലാണ് ഡിവൈഎഫ്‌ഐ സിന്ദാബാദും പുഷ്പനെ അറിയാമോ എന്നും പാടിയത്. പാടിയത് ലോകം മുഴുവന്‍ കണ്ടുവെന്നും പിന്നെ എന്ത് തെളിവെടുപ്പും അന്വേഷണവുമാണ് നടത്തേണ്ടതെന്നും എന്‍കെ പ്രേമചന്ദ്രന്‍ ചോദിച്ചു. ക്ഷേത്ര പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് പാര്‍ട്ടിക്കാരെ മാത്രമാണെന്നും എന്‍കെ പ്രേമചന്ദ്രന്‍ ആരോപിച്ചു. ഇതിനിടെ, കടയ്ക്കല്‍ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് വിപ്ലവഗാനം പാടിയതിനെതിരെ ബിജെപി കടയ്ക്കല്‍ ടൗണില്‍ പ്രതിഷേധം സംഘടിപ്പിച്ചു
ഗസല്‍, വിപ്ലവ ഗായകനായ കണ്ണൂര്‍ സ്വദേശി അലോഷി ആദമാണ് 'പുഷ്പനെ അറിയാമോ' എന്ന വിപ്ലവഗാനം പാടിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് ഡിവൈഎഫ്‌ഐയുടെ പതാക പശ്ചാത്തലത്തിലൊരുക്കി വിപ്ലവ ഗാനം പാടിപ്പിച്ചതിലാണ് നടപടി. ഉപദേശക സമിതിയുടെ വീഴ്ച ദേവസ്വം വിജിലന്‍സ് എസ്.പി. അന്വേഷിക്കും. വീഴ്ച കണ്ടെത്തിയാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളില്‍ ഒരു പാര്‍ട്ടിയുടെയും ചിഹ്നങ്ങളോ കൊടികളോ പാടില്ലെന്ന് ഹൈക്കോടതി വിധിയുണ്ട്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും പി.എസ്. പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. ഉത്സവ കമ്മിറ്റി വിപ്ലവഗാനം നിര്‍ബന്ധിച്ചു പാടിപ്പിച്ചതല്ലെന്നും സദസ്സില്‍ നിന്ന് ആവശ്യപ്പെട്ടപ്പോള്‍ ഗായകന്‍ അലോഷി പാടിയതാണെന്നുമാണ് ഉപദേശക സമിതി ഭാരവാഹികളുടെ വിശദീകരണം. സി.പി.എമ്മിന്റെ സംഘടനയായ വ്യാപാരി വ്യവസായി സമിതി മടത്തറ, ആള്‍ത്തറമൂട് യൂണിറ്റുകള്‍, വ്യാപാരി വ്യവസായി സമിതി കടയ്ക്കല്‍ ഏരിയ കമ്മിറ്റി എന്നിവരുടെ വഴിപാടായാണ് സംഗീത പരിപാടി നടത്തിയത്.